കൊറോണ ഭീതിയില്‍ ആരും അടുപ്പിക്കാതെ രണ്ടാഴ്ച കടലില്‍ അലഞ്ഞ ആഡംബരക്കപ്പലില്‍ കോട്ടയം സ്വദേശിയായ മലയാളിയും; എം എസ് വെസ്റ്റര്‍ഡാമില്‍ ഉണ്ടായിരുന്നത് 1400 ല്‍ അധികം യാത്രക്കാരും എണ്ണൂറിലധികം ജീവനക്കാരും

ന്യൂഡെല്‍ഹി: ( 15.02.2020) കൊറോണ ഭീതിയില്‍ ആരും അടുപ്പിക്കാതെ രണ്ടാഴ്ച കടലില്‍ അലഞ്ഞ ആഡംബരക്കപ്പലില്‍ മലയാളിയും. എം എസ് വെസ്റ്റര്‍ഡാം എന്ന ആഡംബര കപ്പലില്‍ ഉണ്ടായിരുന്ന ആ മലയാളി എക്‌സിക്യൂട്ടീവ് ഷെഫ് ആയ കോട്ടയം സ്വദേശി ബിറ്റാ കുരുവിളയാണ്.

കോട്ടയം പുതുപ്പളളി സ്വദേശിയായ ബിറ്റാ കുരുവിള കഴിഞ്ഞ 13 വര്‍ഷമായി എം എസ് വെസ്റ്റര്‍ഡാം ഉള്‍പെടുന്ന കാര്‍ണിവല്‍ ഗ്രൂപ്പില്‍ പ്രവര്‍ത്തിച്ചുവരുന്നു. കൊച്ചി തൈക്കൂടത്താണ് താമസം.

രണ്ടാഴ്ചയോളം കരകാണാതെ അലഞ്ഞ കപ്പലിന് ഒടുവില്‍ കംബോഡിയ ആണ് അഭയം നല്‍കിയത്. കംബോഡിയന്‍ പ്രധാനമന്ത്രി തുറമുഖത്ത് നേരിട്ടെത്തിയാണ് യാത്രക്കാരെ സ്വീകരിച്ചത്. കപ്പലില്‍ ഉണ്ടായിരുന്ന ആയിരത്തി നാനൂറിലധികം വരുന്ന യാത്രക്കാര്‍ക്കും എണ്ണൂറിലധികം വരുന്ന ജീവനക്കാര്‍ക്കും രോഗമില്ലെന്ന് സ്ഥിരീകരിച്ചു. ഇതോടെ കപ്പലിലെ വിനോദസഞ്ചാരികള്‍ കംബോഡിയയില്‍ ഇറങ്ങിത്തുടങ്ങി. കപ്പലില്‍ ബിറ്റ പകര്‍ന്ന സൗഹൃദവും പിന്തുണയും യാത്രക്കാരില്‍ ചിലര്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു.

രണ്ടാഴ്ച കാലത്തെ കപ്പലിലെ അലച്ചിനെ കുറിച്ചുള്ള അനുഭവങ്ങള്‍ ബിറ്റയുടെ വാക്കുകളില്‍;

ആഡംബരക്കപ്പലായ എം എസ് വെസ്റ്റര്‍ഡാം കരകാണാതെ രണ്ടാഴ്ച കടലില്‍ അങ്ങുമിങ്ങും നെട്ടോട്ടമായിരുന്നു . ഒടുവില്‍ കഴിഞ്ഞദിവസം കംബോഡിയ അഭയം നല്‍കിയതോടെയാണ് തങ്ങളുടെ ദുരിതം അവസാനിച്ചത്.

എന്നാല്‍ അനിശ്ചിതത്വം നിറഞ്ഞ ആ നാളുകളില്‍ യാത്രക്കാര്‍ക്ക് വേണ്ടതെല്ലാം ചെയ്തുകൊടുക്കാന്‍ കഴിഞ്ഞതായി ബിറ്റാ കുരുവിള പറയുന്നു. കംബോഡിയയില്‍ ഇറങ്ങിയ യാത്രക്കാര്‍ ബിറ്റാ അടക്കമുളളവര്‍ നല്‍കിയ ഈ കരുതല്‍ ഓര്‍മിച്ച്‌ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ടിരുന്നു. കപ്പലിലെ ഏറ്റവും ജനപ്രിയനാണ് ബിറ്റാ എന്നാണ് ഒരു യാത്രക്കാരന്‍ വിശേഷിപ്പിച്ചത്.

എല്ലാ യാത്രക്കാരെയും കംബോഡിയയില്‍ ഇറക്കിയശേഷം ബിറ്റാ അടക്കം 802 ജീവനക്കാരുമായി കപ്പല്‍ ഞായറാഴ്ച ജപ്പാനിലെ യോക്കോഹാമയിലേക്ക് പോകും.

ജപ്പാനിലെ യോക്കോഹാമ തുറമുഖം ലക്ഷ്യമിട്ടായിരുന്നു വെസ്റ്റര്‍ഡാമിന്റെ യാത്ര. വെസ്റ്റര്‍ഡാം ഉടമസ്ഥരായ കാര്‍ണിവല്‍ ഗ്രൂപ്പിന്റെ ഡയമണ്ട് പ്രിന്‍സസ് എന്ന കപ്പലില്‍ ഒട്ടേറെപ്പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ ജപ്പാന്‍ അടക്കം അഞ്ച് രാജ്യങ്ങള്‍ തീരത്തടുപ്പിച്ചില്ല. ഒടുവിലാണ് കംബോഡിയ അഭയമേകിയത്.

വെള്ളിയാഴ്ച പുറംകടലില്‍ നങ്കൂരമിട്ട കപ്പലിലുളളവരുടെ സ്രവ സാംപിളുകള്‍ പരിശോധിച്ച്‌ രോഗമില്ലെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്നാണ് കപ്പലിലെ വിനോദസഞ്ചാരികള്‍ക്ക് കംബോഡിയയില്‍ ഇറങ്ങാന്‍ അനുമതി നല്‍കിയത്.

prp

Leave a Reply

*