നൂറ്റാണ്ടിലെ ഏറ്റവും വലിയ മഹാമാരി; ലോകം ഒരുമിച്ചുനില്‍ക്കാതെ മറ്റു വഴിയില്ല- യുവാല്‍ ഹരാരി

ഴിഞ്ഞ നൂറുവര്‍ഷത്തിനിടെ ലോകം കണ്ട ഏറ്റവും രൂക്ഷമായ പകര്‍ച്ചവ്യാധിയാണ് കൊറോണ വൈറസ് ബാധയെന്ന് ഇസ്രയേല്‍ ചരിത്രകാരനും ശാസ്ത്രചരിത്ര ഗ്രന്ഥകാരനുമായ യുവാല്‍ നോഹ് ഹരാരി. സിഎന്‍എന്‍ ചാനലിന്റെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ലോകപ്രശസ്ത ഗ്രന്ഥമായ ‘സാപ്പിയന്‍സി’ന്റെ കര്‍ത്താവായ ഹരാരി:

വൈറസ് വ്യാപനത്തിന്റെ ഇപ്പോഴത്തെ സാഹചര്യം വളരെയേറെ ഭയപ്പെടുത്തുന്നതും ആശങ്കയുളവാക്കുന്നതുമാണ്. എന്നാല്‍ വിശാലമായ ചരിത്രകാഴ്ചപ്പാടില്‍ നോക്കിയാല്‍ ഇത്തരത്തിലുള്ള നിരവധി മഹാമാരികള്‍ മുന്‍പും ഉണ്ടായിട്ടുള്ളതായി കാണാം. അതുമായി താരതമ്യം ചെയ്യുമ്ബോള്‍ ഇപ്പോള്‍ നമ്മളുള്ളത് ഭേദപ്പെട്ട അവസ്ഥയിലാണെന്നു പറയാം. കാരണം, ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിന്തുണ ഇപ്പോള്‍ നമുക്കുണ്ട്.

14-ാം നൂറ്റാണ്ടില്‍ പ്ലേഗ് എന്ന മഹാവ്യാധി ചൈനയും ബ്രിട്ടണും അടക്കമുള്ള ഏഷ്യന്‍-യൂറോപ്യന്‍ രാജ്യങ്ങളില്‍ വ്യാപിച്ച്‌ ലോകത്തിലെ മൊത്തം ജനസംഖ്യയുടെ നാലിലൊന്നിനെയും കൊന്നൊടുക്കി. അന്ന് എന്താണ് സംഭവിക്കുന്നതെന്നോ എന്താണ് രോഗകാരണമെന്നോ എന്താണ് പ്രതിരോധ മാര്‍ഗമെന്നോ ആര്‍ക്കും അറിയില്ലായിരുന്നു. എന്നാല്‍ ഇന്ന് കൊറോണ വൈറസ് വ്യാപിച്ച്‌ രണ്ട് ആഴ്ചയ്ക്കുള്ളില്‍ വൈറസിനെ തിരിച്ചറിയാനും രോഗവ്യാപനത്തിന്റെ രീതി മനസ്സിലാക്കാനും ശാസ്ത്രത്തിന് സാധിച്ചു. അതുകൊണ്ടാണ് പറയുന്നത് ചരിത്രത്തിലെ മറ്റേതൊരു സാഹചര്യത്തേക്കാളും മെച്ചപ്പെട്ട സാഹചര്യത്തിലാണ് ഇന്ന് നമ്മള്‍ ഉള്ളത്.

എനിക്കുതോന്നുന്നത് ഈ സാഹചര്യത്തെ മറികടക്കുന്നതിനുള്ള ഏറ്റവും വലിയ വെല്ലുവിളി ലോകത്ത് നിലനില്‍ക്കുന്ന അനൈക്യമാണ്. വിവിധ രാജ്യങ്ങള്‍ തമ്മിലുള്ള കൃത്യമായ സഹകരണവും ആസൂത്രണവും ഇല്ലാതെ, പരസ്പര വിശ്വാസം ഇല്ലാതെ ഈ സാഹചര്യത്തെ മറികടക്കാന്‍ സാധിക്കില്ല. ഉദാഹരണത്തിന് 2008ലെ സാമ്ബത്തിക മാന്ദ്യവുമായി ഇപ്പോഴത്തെ സാഹചര്യത്തെ താരതമ്യം ചെയ്താല്‍ ചില കാര്യങ്ങള്‍ വ്യക്തമാകും. ഇവ രണ്ടും തികച്ചും വ്യത്യസ്തമായ പ്രതിസന്ധികളാണെങ്കിലും ഇവയ്ക്ക് ചില സമാനതകളുണ്ട്.

2008ലെ സാമ്ബത്തിക പ്രതിസന്ധിയുടെ സാഹചര്യത്തില്‍ പ്രതിസന്ധികളെ മറികടക്കുന്നതിന് നേതൃത്വവും അതിനെ വിശ്വാസത്തിലെടുക്കുന്ന ജനതയുമുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ അന്താരാഷ്ട്ര രംഗത്ത് പരസ്പര വിശ്വാസത്തിന്റെ വലിയ അഭാവം ഉണ്ടായിട്ടുണ്ട്. അമേരിക്കയില്‍ 2008ലെ സാമ്ബത്തിക പ്രതിസന്ധിയുടെ കാലത്തായാലും 2014ലെ എബോള ബാധയുടെ കാലത്തായാലും ഒരു നേതൃത്വത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു. എന്നാല്‍ അന്താരാഷ്ട്ര രംഗത്ത് ഇപ്പോള്‍ അമേരിക്കയ്ക്ക് അത്തരമൊരു നേതൃസ്ഥാനമില്ല. നേതൃത്വത്തിന്റെയും സഹകരണത്തിന്റെയും ഈ അഭാവമാണ് ഇതുപോലുള്ള മഹാമാരിയുടെ കാലത്ത് ഏറ്റവും വലിയ പ്രശ്‌നം.

2014ല്‍ പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ മ്യൂട്ടേഷന്‍ സംഭവിച്ച ആദ്യ വൈറസ് ഒരു വ്യക്തിയിലെത്തുകയും അത് പടര്‍ന്ന് എബോള രൂപമെടുക്കുകയുമായിരുന്നു. പിന്നീട് ലോകത്ത് അതിന്റെ വ്യാപനം അതിവേഗത്തിലായിരുന്നു. അതുപോലെതന്നെയാണ് ഇപ്പോള്‍ കൊറോണയുടെ കാര്യത്തിലും സംഭവിക്കുന്നത്.

നിരവധി തരത്തിലുള്ള വൈറസുകളാല്‍ ചുറ്റപ്പെട്ട അന്തരീക്ഷത്തിലാണ് മനുഷ്യന്‍ ജീവിക്കുന്നത്. മനുഷ്യനും വൈറസുകള്‍ക്കുമിടയില്‍ ഒരു അതിര്‍ത്തിയുണ്ട്. എപ്പോഴെങ്കിലും ഈ അതിര്‍ത്തി ലംഘിക്കപ്പെടുമ്ബോള്‍ അത് മനുഷ്യവംശത്തെത്തന്നെ അപകടപ്പെടുത്തും. ഈ അതിര്‍ത്തിയെക്കുറിച്ച്‌ നാം മനസ്സിലാക്കണം. ഉദാഹരണത്തിന് ഒരു വവ്വാലിന്റെ ശരീരത്തില്‍ ജനിതകവ്യതിയാനം സംഭവിച്ച ഒരു വൈറസ് രൂപമെടുക്കുകയും പിന്നീടത് മനുഷ്യശരീരത്തില്‍ എത്തിപ്പെടുകയും ചെയ്താല്‍ അത് മനുഷ്യവംശത്തിന്‌ തന്നെ ഭീഷണിയായി മാറാം.

മഹാവ്യാധിയുടെ ഇത്തരമൊരു സാഹചര്യത്തില്‍ പരമപ്രധാനം വിശ്വാസമാണ്. ജനങ്ങള്‍ അവരുടെ സര്‍ക്കാരുകളെ വിശ്വസിക്കണം. മാധ്യമങ്ങള്‍ തങ്ങളുടെ പ്രശ്‌നങ്ങള്‍ ലോകത്തെ അറിയിക്കുമെന്ന വിശ്വാസം വേണം. ലഭിക്കുന്ന വിവരങ്ങള്‍ വിശ്വാസത്തിലെടുത്ത് അതിനനുസരിച്ച്‌ പ്രവര്‍ത്തിക്കാന്‍ ജനങ്ങള്‍ക്ക് സാധിക്കണം. എന്നാല്‍ പലപ്പോഴും ഇത്തരം മഹാവ്യാധികള്‍ ഒരു സാമൂഹ്യമായ പ്രശ്‌നമായി തീരുകയാണ്. സാമൂഹ്യമായി ഇടപെടാനും മറ്റുള്ളവരെ സാഹായിക്കാനും മനുഷ്യര്‍ക്ക് സാധിക്കാതെവരുന്നു.

വൈറസ് ബാധയുടെ കാര്യത്തില്‍ മനുഷ്യന്റെ ഏറ്റവും നല്ല ഗുണങ്ങള്‍ പലതും അവന് എതിരായിത്തീരുന്നു. സാധാരണഗതിയില്‍ ഒരാള്‍ അസുഖബാധിതനായാല്‍ അയാളുടെ ബന്ധുക്കളും സുഹൃത്തുക്കളും അയാളെ സന്ദര്‍ശിക്കാനായി എത്തുകയും സഹായങ്ങളെത്തിക്കുകയും പരിചരിക്കുകയും ചെയ്യും. വൈകാരിക പിന്തുണ പ്രകടിപ്പിക്കാന്‍ രോഗിയെ സ്പര്‍ശിക്കുകയും ആലിംഗനം ചെയ്യുകയും ചെയ്യും. എന്നാല്‍ ഈ രീതികളെ ഉപയോഗപ്പെടുത്തിക്കൊണ്ടാണ് വൈറസ് ഒരാളില്‍നിന്ന് മറ്റൊരാളിലേയ്ക്ക് പകരുന്നത്. മനുഷ്യന്റെ നല്ല വശങ്ങളെയാണ് വൈറസ് നമുക്കെതിരായി ഉപയോഗിക്കുന്നത്.

നമ്മുടെ രാജ്യത്തിന്റെ അതിര്‍ത്തികള്‍ സുരക്ഷിതമാക്കിയാല്‍ ഇത്തരമൊരു വൈറസില്‍നിന്ന് നമുക്ക് രക്ഷപ്പെടാം എന്ന ധാരണ തെറ്റാണ്. പകരം മനുഷ്യനും വൈറസും തമ്മിലുള്ള അതിര്‍ത്തി സുരക്ഷിതമാക്കുകയാണ് ചെയ്യേണ്ടത്. അതിന് രാജ്യാതിര്‍ത്തികള്‍ക്ക് ഉപരിയായുള്ള സഹകരണം ആവശ്യമാണ്. ചൈനയിലോ ഇറ്റലിയിലോ ഉണ്ടായ ഒരു രോഗബാധ എന്നതിനു പകരം ലോകത്തിന്റെ പൊതുവായ പ്രശ്‌നമായി അതിനെ മനസ്സിലാക്കാന്‍ സാധിക്കണം. അതിനായി ലോകാരോഗ്യ സംഘടന പോലെ പൊതുവായ ഏജന്‍സികള്‍ വേണം. രാജ്യങ്ങള്‍ക്കിടയില്‍ സഹകരണം വേണം. ഏതെങ്കിലും ഒരു രാജ്യത്ത് ഇത്തരമൊരു മഹാവ്യാധി ഉണ്ടായാല്‍ മറ്റിടങ്ങളില്‍നിന്ന് ശാസ്ത്രീയമായ അറിവുകള്‍, സാമ്ബത്തിക സഹായം, വിദഗ്ധര്‍, ഉപകരണങ്ങള്‍ ഒക്കെ ലഭ്യമാക്കാന്‍ സാധിക്കണം. രോഗം ആരംഭിച്ച സ്ഥലത്തുതന്നെ അതിനെ അമര്‍ച്ചചെയ്യാന്‍ ലോകം ഒറ്റക്കെട്ടായി നില്‍ക്കുന്ന സാഹചര്യമുണ്ടാകണം.

ഇറ്റലിയില്‍ വൈറസിനെ പ്രതിരോധിക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കപ്പെടുകയാണ്. യൂറോപ്യന്‍ യൂണിയനെ സംബന്ധിച്ചിടത്തോളം അതിന്റെ ശക്തി പ്രകടിപ്പിക്കാനുള്ള നല്ല സമയമാണിത്. യൂണിയനിലെ ഓരോ രാജ്യവും ഇറ്റലിയെ സഹായിക്കാന്‍ മുന്നോട്ടുവരണം. അങ്ങനെ സംഭവിക്കാതിരുന്നാല്‍ മനുഷ്യരെ മാത്രമല്ല, യൂറോപ്യന്‍ യൂണിയന്‍ എന്ന സംവിധാനത്തെത്തന്നെ വൈറസ് ഇല്ലാതാക്കും എന്ന കാര്യം നാം മനസ്സിലാക്കണം.

prp

Leave a Reply

*