കോവിഡ് വിലക്ക് ലംഘിച്ചു; രജിത് കുമാറിനെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയവര്‍ക്കെതിരെ കേസ്

കൊച്ചി: ടി.വി ഷോയില്‍നിന്ന് പുറത്തായ മത്സരാര്‍ഥി കാലടി ശ്രീ ശങ്കര കോളജ് അധ്യാപകന്‍ രജിത് കുമാറിനെ സ്വീകരിക്കാന്‍ കോവിഡ്-19 വിലക്ക് വകവെക്കാതെ വിമാനത്താവളത്തില്‍ തടിച്ചുകൂടിയവര്‍ക്കെതിരെ കേസെടുത്തു. പേരറിയാവുന്ന 4 പേര്‍ക്കും കണ്ടാലറിയാവുന്ന 75 പേര്‍ക്കുമെതിരെയും കേസ് എടുത്തതായി എറണാകുളം ജില്ല കല്കടറാണ് അറിയിച്ചത്.

കോവിഡ്-19 ഭീതിയുടെ പശ്ചാത്തലത്തില്‍ സന്ദര്‍ശകര്‍ക്ക് കൊച്ചി അന്താരാഷ്ട്ര എയര്‍പോര്‍ട്ട് അതോറിറ്റി വിലക്കേര്‍പ്പെടുത്തിയിരുന്നു. ആരാധകരെന്ന പേരിലെത്തി മുദ്രാവാക്യം മുഴക്കിയ ആള്‍ക്കൂട്ടത്തെ പൊലീസ് പിരിച്ചുവിടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ആളുകളോട് തിരിച്ചുപോകാന്‍ പറയണമെന്ന് പൊലീസ് രജിത് കുമാറിനോടും ആവശ്യപ്പെട്ടിരുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് കേസെടുത്ത കാര്യം കലക്ടര്‍ അറിയിച്ചത്. കോവിഡ് ജാഗ്രതയുടെ ഭാഗമായി മത-രാഷ്ട്രീയ- സാമുദായിക സംഘടനങ്ങള്‍ പോലും എല്ലാ വിധ സംഘം ചേരലുകളും ഉപേക്ഷിച്ചു ജനങ്ങളുടെ സുരക്ഷക്കായി നിലകൊള്ളുമ്ബോള്‍ ഇങ്ങനെയുള്ള നിയമലംഘനങ്ങള്‍ക്കു മുന്‍പില്‍ കണ്ണടക്കാന്‍ നിയമപാലകര്‍ക്കു കഴിയില്ല എന്ന് കലക്ടര്‍ ഫേസ്ബുക്കില്‍ വ്യക്തമാക്കി. മനുഷ്യ ജീവനെക്കാളും വില താരാരാധനക്കു കല്‍പിക്കുന്ന സ്വഭാവം മലയാളിക്കില്ലെന്നും ഇങ്ങനെ ചില ആളുകള്‍ നടത്തുന്ന കാര്യങ്ങള്‍ കേരള സമൂഹത്തിനു തന്നെ ലോകത്തിന്‍റെ മുന്‍പില്‍ അവമതിപ്പുണ്ടാക്കാന്‍ കാരണമാകുമെന്നും കലക്ടര്‍ വിമര്‍ശിച്ചു.

സ്റ്റുഡന്‍റ്സ് പൊലീസ് കേഡറ്റുകളുടെ മൂല്യബോധന ജാഥയുടെ ക്യാപ്റ്റനും സ്റ്റുഡന്‍റ്സ് കേഡറ്റ് പരിശീലകനുമായിരുന്നു രജിത്. 2013ല്‍ തിരുവനന്തപുരം വിമണ്‍സ് കോളേജില്‍ പൊതുപരിപാടിക്കിടെ നടത്തിയ പ്രസംഗത്തിലൂടെയാണ് രജിത് കുമാര്‍ ആദ്യം വിവാദത്തില്‍പെടുന്നത്. പ്രസ്താവനക്കെതിരെ പ്രതിഷേധിച്ച്‌ അന്ന് കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്ന ആര്യ സുരേഷ് പൊതുവേദിയില്‍ രജിത് കുമാറിനെ കൂവി വിളിച്ച്‌ ഇറങ്ങിപ്പോയിരുന്നു.

prp

Leave a Reply

*