ക്ലാസ് കട്ട് ചെയ്ത് കറക്കം വേണ്ട: മാളുകളിലും പാര്‍ക്കുകളിലും യൂണിഫോമിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് യോഗിസര്‍ക്കാരിന്റെ വിലക്ക്

ലഖ്നൗ: മാളുകള്‍, റെസ്റ്റോറന്റുകള്‍, പാര്‍ക്കുകള്‍ എന്നിവയുള്‍പ്പെടെയുള്ള പൊതുസ്ഥലങ്ങളില്‍ യൂണിഫോം ധരിച്ച സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ പ്രവേശനം നിരോധിക്കുമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍.

വിദ്യാര്‍ത്ഥികള്‍ ക്ലാസ് കട്ട് ചെയ്ത് പുറത്തു പോകുന്നത് തടയാനാണ് നീക്കം. ഇക്കാര്യത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ജില്ലാ ഭരണാധികാരികള്‍ക്ക് കത്തയച്ചു. ഈ വിഷയത്തില്‍ നയം രൂപീകരിക്കാനും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കമ്മീഷന്‍ ജില്ലാ ഭരണകൂടങ്ങള്‍ക്ക് ഒരാഴ്ച സമയം അനുവദിച്ചിട്ടുണ്ട്.

ഉത്തരവില്‍ നടപടിയെടുക്കാനും ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാനും എല്ലാ ജില്ലാ മജിസ്‌ട്രേറ്റുമാരെയും ചുമതലപ്പെടുത്തി. ‘സ്‌കൂള്‍ സമയങ്ങളില്‍ ക്ലാസ് കട്ട് ചെയ്ത് ആണ്‍കുട്ടികളും പെണ്‍കുട്ടികളും മാളുകളിലും റെസ്റ്റോറന്റുകളിലും പാര്‍ക്കുകളിലും കറങ്ങുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് പല അപകടങ്ങള്‍ക്കും ഇടയാക്കും. പൊതു സ്ഥലങ്ങളില്‍ സ്കൂള്‍ സമയങ്ങളില്‍ യൂണിഫോം ധരിച്ച വിദ്യാര്‍ത്ഥികളുടെ പ്രവേശനം നിരോധിക്കണം’, ബാലാവകാശ കമ്മീഷന്‍ മേധാവി സുചിത്ര ചതുര്‍വേദി ജില്ലാ ഭരണാധികാരികള്‍ക്ക് അയച്ച കത്തില്‍ പറഞ്ഞു.

സ്‌കൂളില്‍ പോകാനെന്നു പറഞ്ഞ് പല വിദ്യാര്‍ത്ഥികളും വീട്ടില്‍ നിന്നും ഇറങ്ങാറുണ്ടെന്നും ഇവരില്‍ ചിലര്‍ പലപ്പോഴും ക്ലാസില്‍ പോകാതെ, സമയം ചെലവഴിക്കാന്‍ മറ്റിടങ്ങളിലേക്ക് പോകുന്നതായി കണ്ടെത്തുകയും ചെയ്തതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഇത്തരമൊരു നീക്കവുമായി മുന്‍പോട്ടു പോകുന്നത്.
പ്രീ-പ്രൈമറി മുതല്‍ 12-ാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ നിരോധനം ബാധകമാകുക. 11-ാം ക്ലാസിലെയും 12-ാം ക്ലാസിലെയും ചില വിദ്യാര്‍ത്ഥികള്‍ ജൂനിയര്‍ കോളേജുകളില്‍ പ്രവേശനം നേടാറുണ്ട്. പുതിയ നിയമം അവര്‍ക്കും ബാധകമായിരിക്കും.

prp

Leave a Reply

*