ബ്ലാക്ക്‌ബെറി തിരിച്ചു വരുന്നു; 5ജി സ്മാര്‍ട്ട് ഫോണില്‍ ക്വവര്‍ട്ടി കീപാഡുമായി

മരിച്ചുപോയെന്ന് കരുതിയ ഒരു ബ്രാന്‍ഡ് തിരിച്ചുവരുന്നു. ഒരു കാലത്ത് ക്വവര്‍ട്ടി കീപാഡുമായി ആരാധക ഹൃദയം കീഴടക്കിയ ബ്ലാക്ക്‌ബെറിയാണ് തിരിച്ചു വരുന്നത്. ക്വവര്‍ട്ടി കീപാഡുള്ള 5ജി സ്മാര്‍ട്ട്‌ഫോണുകളുമായി ബ്ലാക്ക്‌ബെറി തിരിച്ചെത്തുന്നത്.

ഈ വര്‍ഷം തുടക്കത്തില്‍ ടിസിഎല്‍ കൈയൊഴിഞ്ഞതിനുശേഷം ബ്ലാക്ക്‌ബെറി പുതിയ കൂട്ടുകെട്ട് പ്രഖ്യാപിച്ചു. ഫോക്‌സ്‌കോണ്‍ ടെക്‌നോളജി ഗ്രൂപ്പിന്റെ ഉപകമ്ബനിയായ എഫ് ഐ എച്ച്‌ മൊബൈല്‍ ലിമിറ്റഡും ഓണ്‍വേഡ് മൊബിലിറ്റിയുമായിട്ടാണ് ബ്ലാക്ക്‌ബെറിയുടെ പുതിയ കൂട്ട്.

അടുത്ത വര്‍ഷം ആദ്യ പകുതിയില്‍ പുതിയ ബ്ലാക്ക്‌ബെറി ഫോണുകള്‍ എത്തുമെന്ന് കമ്ബനി സ്ഥിരീകരിച്ചു. എന്നാല്‍, എന്നെത്തുമെന്നോ പേരോ കമ്ബനി പുറത്ത് വിട്ടില്ല. ക്വവര്‍ട്ടി കീപാഡുള്ള 5ജി ഫോണ്‍ ആണ് അണിയറയില്‍ ഒരുങ്ങുന്നതെന്ന് ഓണ്‍വേഡ് മൊബിലിറ്റി പറഞ്ഞു. ബ്ലാക്ക്‌ബെറിയുടെ മുന്‍ഗാമികളെ പോലെ പുതിയ തലമുറയിലെ ഫോണും ആന്‍ഡ്രോയ്ഡ് സോഫ്റ്റ് വെയറിലാണ് പ്രവര്‍ത്തിക്കുക.

ദക്ഷിണ അമേരിക്കയിലും യൂറോപ്പിലുമാണ് പുതിയ ബ്ലാക്ക്‌ബെറി സ്മാര്‍ട്ട് ഫോണുകള്‍ ആദ്യം ലഭിക്കുകയെന്ന് കമ്ബനികള്‍ പറഞ്ഞു. ഇന്ത്യയില്‍ എന്നെത്തുമെന്നതിനെ കുറിച്ച്‌ ഇതുവരെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ബ്ലാക്ക്‌ബെറിയുടെ പഴയ മോഡലുകളെല്ലാം ഇന്ത്യയില്‍ വിറ്റിരുന്നു.

നിര്‍മ്മാണത്തില്‍ ഇരിക്കുന്ന ബ്ലാക്ക്‌ബെറി സ്മാര്‍ട്ട്‌ഫോണ്‍ സുരക്ഷിതമാണെന്നും യൂസര്‍ എക്‌സ്പീരിയന്‍സിനെ നശിപ്പിക്കാതെ തന്നെ ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കുമെന്നും കമ്ബനി അവകാശപ്പെടുന്നു.

മൊബൈല്‍ വികസിപ്പിക്കുന്നതിനും വിപണിയില്‍ എത്തിക്കുന്നതിനുമുള്ള അവകാശമാണ് ഓണ്‍വേഡ്‌മൊബിലിറ്റിക്ക് ബ്ലാക്ക്‌ബെറി പങ്കാളിത്തത്തിലൂടെ നല്‍കിയിരിക്കുന്നത്.

prp

Leave a Reply

*