ബി.ജെ.പി ആറ് കോണ്‍ഗ്രസ് സര്‍ക്കാറുകളെ തട്ടിയെടുത്തു; ആര്‍.എസ്.എസ് താലിബാനെപ്പോലെ പ്രവര്‍ത്തിക്കുന്നു -ഖാര്‍ഗെ

ന്യൂഡല്‍ഹി: ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ഭാരത് ജോഡോ യാത്രക്കിടെ പഞ്ചാബിലെ പത്താന്‍കോട്ടില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബി.ജെ.പി ആറ് കോണ്‍ഗ്രസ് സര്‍ക്കാറുകളെ മോഷ്ടിച്ചുവെന്ന് ഖാര്‍ഗെ ആരോപിച്ചു. നമുക്ക് ലഭിച്ച ആറ് സംസ്ഥാനങ്ങള്‍ അവര്‍ മോഷ്ടിച്ചു. ജനങ്ങള്‍ നമ്മെ തെരഞ്ഞെടുത്തതിനാല്‍ അവര്‍ ശക്തി ഉപയോഗിച്ച്‌ ജനങ്ങളെ പുറത്താക്കി സംസ്ഥാന ഭരണം നേടി.

പലര്‍ക്കും പണം നല്‍കി, പ്രലോഭിപ്പിച്ച്‌, ചിലരെ എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റിന്റെ പരിശോധനക്കും ആദായ നികുതി പരിശോധനക്കും വിജിലന്‍സ് കമീഷന്‍ പരിശോധനക്കും വിധേയരാക്കി ഭയപ്പെടുത്തിയും ആളുകളെ കൂറുമാറ്റി. ഇങ്ങനെയാണ് അവര്‍ ഭരിക്കുന്നത്. അതുതന്നെയാണ് അവര്‍ തുടരാന്‍ പോകുന്നതും. ബി.ജെ.പിയെ കള്ളന്‍മാരെന്നാണോ തീവെട്ടിക്കൊള്ളക്കാര്‍ എന്നാണോ വിളിക്കേണ്ടത് എന്നും അദ്ദേഹം ചോദിച്ചു.

താലിബാന് സമാന്തര പ്രവര്‍ത്തനമാണ് രാഷ്ട്രീയ സ്വയം സേവക് സംഘം (ആര്‍.എസ്.എസ്) നടത്തുന്നതെന്നും ഖാര്‍ഗെ ആരോപിച്ചു. മനുസ്മൃതിയിലോ ആര്‍.എസ്.എസിലോ സ്ത്രീകള്‍ക്ക് ഇടമില്ല. സ്ത്രീകള്‍ താഴ്ന്നവരായാണ് കരുതുന്നത്. അവര്‍ക്ക് പഠിക്കാന്‍ അനുവാദമില്ല. പെണ്‍കുട്ടികളെ പഠനത്തില്‍ നിന്ന് വിലക്കാന്‍ താലിബാന്‍ ശ്രമിക്കുന്നത് എങ്ങനെയാണ് എന്ന് ഞാന്‍ വായിച്ചിട്ടുണ്ട്. നേരത്തെ ഇവിടെയും അങ്ങനെയായിരുന്നു, ഇപ്പോഴുമുണ്ട്. ആര്‍.എസ്.എസും ബി.ജെ.പിയും അതുതന്നെയാണ് ചെയ്യാന്‍ ശ്രമിക്കുന്നത് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബി.ജെ.പി തെരഞ്ഞെടുപ്പ് വിജയത്തില്‍ മാത്രമാണ് ശ്രദ്ധിക്കുന്നതെന്നും, ഇന്ത്യന്‍ ജനതയുടെ ക്ഷേമത്തിനു വേണ്ടി ചിന്തിക്കുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. പൊതുജനങ്ങളുമായി ബന്ധപ്പെട്ട എന്തെങ്കിലും ചര്‍ച്ച പാര്‍ലമെന്റില്‍ കൊണ്ടുവരികയാണെങ്കില്‍ അവര്‍ സഭയെ സ്വാധീനിച്ച്‌ ചില ഒഴിവുകഴിവുകള്‍ നിരത്തും.

എല്ലാ മേഖലകളില്‍ നിന്നുമുള്ള ലക്ഷക്കണക്കിന് ജനങ്ങളാണ് ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുന്നത്. യാത്രയുടെ വിജയം ബി.ജെ.പിയെ പരിഭ്രാന്തരാക്കുന്നുണ്ട്. അതിനാലാണ് ബി.ജെ.പി നേതാക്കള്‍ തങ്ങള്‍ക്കെതിരെ എന്തെങ്കിലും ആരോപണം ഉന്നയിച്ചുകൊണ്ടിരിക്കുന്നത് -ഖാര്‍ഗെ ആരോപിച്ചു.

prp

Leave a Reply

*