ബിഹാറില്‍ ഇഞ്ചോടിച്ച്‌ പോരാട്ടത്തില്‍ ഭരണമുറപ്പിച്ച്‌ എന്‍ഡിഎ ; അട്ടിമറി നടന്നുവെന്ന്‌ ആര്‍ജെഡി

ന്യൂഡല്‍ഹി> ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ എന്‍ഡിഎ നേരിയ ഭൂരിപക്ഷത്തോടെ ഭരണമുറപ്പിച്ചു. ആകെയുള്ള 243 മണ്ഡലങ്ങളില്‍ എന്‍ഡിഎ 125 സീറ്റ് നേടിയാണ് ഭരണമുറപ്പിച്ചത്. 122 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടിയിരുന്നത്.

മഹാജനസഖ്യം 110 സീറ്റില്‍ ജയിച്ചു. മറ്റുള്ളവര്‍ക്ക് എട്ട് സീറ്റ്. വോട്ടെണ്ണല്‍ അട്ടിമറിക്കാന്‍ ശ്രമമുണ്ടായതായി ആരോപിച്ച്‌ മഹാസഖ്യം കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചു. പത്ത് മണ്ഡലങ്ങളില്‍ അട്ടിമറി നടന്നതായി ആര്‍ജെഡി ട്വീറ്റ് ചെയ്തു.

എന്‍ഡിഎയില്‍നിന്ന് വിട്ടുമാറി തനിച്ച്‌ മത്സരിച്ച എല്‍ജെപിക്ക് ഒരു സീറ്റേ ലഭിച്ചുള്ളൂ. അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎം അഞ്ച് സീറ്റ് നേടി, മഹാസഖ്യത്തിന് ലഭിക്കേണ്ടിയിരുന്ന ന്യൂനപക്ഷ വോട്ടുകളില്‍ വലിയ വിള്ളല്‍ വരുത്തി.

76 സീറ്റോടെ ആര്‍ജെഡി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. മഹാസഖ്യത്തില്‍ കോണ്‍ഗ്രസ് 19 സീറ്റ് നേടിയപ്പോള്‍ ഇടതുപക്ഷം 16 സീറ്റില്‍ ജയിച്ച്‌ വലിയ മുന്നേറ്റം നടത്തി. ബിജെപിയേക്കാള്‍ കൂടുതല്‍ സീറ്റില്‍ മത്സരിച്ച ജെഡിയു 43 സീറ്റിലേക്ക് ചുരുങ്ങി. ബിജെപി 72 സീറ്റ് നേടി. മത്സരിച്ച 29ല്‍ 16 സീറ്റിലും വിജയിച്ച്‌ ബിഹാറില്‍ ഇടതുപക്ഷത്തിന് വന്‍ കുതിപ്പുണ്ടായി. മഹാസഖ്യത്തിന്റെ ഭാഗമായ ഇടതുപക്ഷ പാര്‍ടികളില്‍ സിപിഐ എംഎല്‍ 12 സീറ്റിലും സിപിഐ എം രണ്ട് സീറ്റിലും സിപിഐ രണ്ട് സീറ്റിലും ജയിച്ചു. രണ്ടര ദശകത്തെ ഇടവേളയ്ക്കുശേഷമാണ് ഇടതുപക്ഷ പാര്‍ടികള്‍ക്ക് ബിഹാര്‍ നിയമസഭയില്‍ 15ല്‍ കൂടുതല്‍ എംഎല്‍എമാരുണ്ടാകുന്നത്.

മറ്റ് എന്‍ഡിഎ കക്ഷികളായ എച്ച്‌എഎമ്മും വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ടിയും നാലു സീറ്റുകള്‍ വീതം നേടി. ഒരു സീറ്റില്‍ എഐഎംഐഎം മുന്നണിയുടെ ഭാഗമായ ബിഎസ്പി ജയിച്ചപ്പോള്‍ രണ്ടുസീറ്റ് സ്വതന്ത്രര്‍ നേടി. പപ്പു യാദവിന്റെ ജന്‍അധികാര്‍ പാര്‍ടി ഉള്‍പ്പെട്ട നാലാം മുന്നണിക്ക് സീറ്റൊന്നും കിട്ടിയില്ല. ബുധനാഴ്ച പുലര്‍ച്ചെവരെ വോട്ടെണ്ണല്‍ നീണ്ടു.

137 സീറ്റില്‍ മത്സരിച്ച ചിരാഗ് പസ്വാന്റെ എല്‍ജെപി ഒരു സീറ്റില്‍ മാത്രം ഒതുങ്ങിയെങ്കിലും 5.64 ശതമാനം വോട്ട് നേടി. 115 സീറ്റില്‍ മത്സരിച്ച ജെഡിയുവിനെ 43ലേക്ക് ഒതുക്കുന്നതില്‍ എല്‍ജെപി നേടിയ വോട്ട് നിര്‍ണായകമായി. ഒവൈസിയുടെ എഐഎംഐഎമ്മും ബിഎസ്പിയും ആര്‍എല്‍എസ്പിയും ഉള്‍പ്പെട്ട മുന്നണിയും നാല് ശതമാനത്തിലേറെ വോട്ട് നേടുകയും പല സീറ്റിലും മഹാസഖ്യത്തിന്റെ സാധ്യതകളെ ദുര്‍ബലപ്പെടുത്തി.

എല്‍ജെപി ഒരു സീറ്റിലേക്കുമാത്രമായി ചുരുങ്ങിയത് നിതീഷിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും മാറ്റിനിര്‍ത്താനുള്ള ബിജെപിയുടെ നീക്കത്തിന് തിരിച്ചടിയായി. എന്‍ഡിഎയ്ക്ക് മുന്‍തൂക്കം ലഭിച്ചതോടെ നിതിഷും ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ സുശീല്‍ കുമാര്‍ മോഡിയും കൂടിക്കാഴ്ചനടത്തി. അധികാരത്തില്‍വന്നാല്‍ നിതീഷ് തന്നെയായിരിക്കും മുഖ്യമന്ത്രിയെന്നാണ് സൂചന.

ശക്തമായ ഭരണവിരുദ്ധ വികാരത്തെ ഏറെ ബുദ്ധിമുട്ടിയാണ് എന്‍ഡിഎ അതിജീവിച്ചത്. പണമൊഴുക്കിയുള്ള ബിജെപിയുടെ പ്രചാരണവും മഹാസഖ്യം ജയിക്കാന്‍ സാധ്യതയുള്ള സീറ്റുകളില്‍ എഐഎംഐഎംപോലുള്ള പാര്‍ടികളെ പരോക്ഷമായി പ്രോത്സാഹിപ്പിക്കുംവിധമുള്ള നീക്കവും നിര്‍ണായകമായി.

prp

Leave a Reply

*