കൊച്ചി: രാത്രികാലങ്ങളില്‍ കാറില്‍ കറങ്ങി പണവും മൊബൈല്‍ ഫോണും പിടിച്ചുപറിക്കുന്ന സംഘത്തിലെ പ്രധാനിയായ എറണാകുളം ഉദയാകോളനി സ്വദേശി മഹീന്ദ്രനെ (22) നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ സ്വദേശിയായ യുവാവിനെ ഭീഷണിപ്പെടുത്തി പണവും മൊബൈല്‍ ഫോണും കവര്‍ന്ന കേസിലാണ് അറസ്റ്റ്.
ഇക്കഴിഞ്ഞ ഒമ്ബതിന് പുലര്‍ച്ചെ നാലുമണിക്ക് ഒരു ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നതിനായി കൊച്ചിയിലേക്ക് ബസില്‍ എത്തിയതായിരുന്നു യുവാവ്. കലൂര്‍ സ്റ്റാന്‍ഡില്‍ ഇറങ്ങി മുന്‍വശമുള്ള വെയിറ്റിംഗ് ഷെഡില്‍ വിശ്രമിക്കവേ കാറില്‍ എത്തിയ പ്രതി യുവാവിനെ തടഞ്ഞു നിറുത്തി പണം ആവശ്യപ്പെടുകയായിരുന്നു. എതിര്‍ത്തപ്പോള്‍ 1000 രൂപയും മൊബൈല്‍ ഫോണും തട്ടിയെടുത്തു. സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. സി.ഐ സിബി ടോമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

