ബി.ബി.സി ഡോക്യുമെന്ററി: ആന്‍റണിയുടെ മകന്‍ കോണ്‍ഗ്രസിന് തലവേദന

തിരുവനന്തപുരം: ബി.ബി.സി ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പാര്‍ട്ടി നിലപാട് തള്ളിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.

ആന്‍റണിയുടെ മകനും കെ.പി.സി.സി ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനറുമായ അനില്‍ ആന്റണിയുടെ നടപടി കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കി. സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ ഇത് ചര്‍ച്ചയായതോടെ അനിലിനെ തള്ളി യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തി.

ഡോക്യുമെന്‍ററിക്ക് രാജ്യത്ത് പ്രഖ്യാപിച്ച അപ്രഖ്യാപിത വിലക്കിനെതിരെ രാഹുല്‍ ഗാന്ധിയുള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തുവന്നത് കണക്കിലെടുക്കാതെയാണ് അനില്‍ വിരുദ്ധനിലപാട് സ്വീകരിച്ചത്. ഡോക്യുമെന്ററി വിവാദം കേരളത്തില്‍ രാഷ്ട്രീയ ആയുധമാക്കാന്‍ എല്‍.ഡി.എഫും യു.ഡി.എഫും മത്സരിക്കുന്നതിനിടെയാണ് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കുന്ന പ്രതികരണം അനിലില്‍നിന്നുണ്ടായത്.

അനിലിന്‍റെ വാക്കുകള്‍ എതിരാളികള്‍ക്ക് ആയുധം നല്‍കുന്നതാണെന്ന് തിരിച്ചറിഞ്ഞതോടെ കടുത്ത പ്രതികരണമാണ് കെ.പി.സി.സി, യൂത്ത് കോണ്‍ഗ്രസ് നേതൃത്വങ്ങളില്‍നിന്ന് ഉണ്ടായത്. കെ.പി.സി.സി ഡിജിറ്റല്‍ സെല്ലിന്‍റെ പുനഃസംഘടന പൂര്‍ത്തീകരിക്കാനിരിക്കെ ഏതെങ്കിലും വ്യക്തികള്‍ നടത്തുന്ന പ്രസ്താവനകള്‍ക്ക് കോണ്‍ഗ്രസുമായി യാതൊരു ബന്ധവുമില്ലെന്ന് അനിലിന്‍റെ പേരെടുത്ത് പറയാതെ കെ. സുധാകരന്‍ പ്രതികരിച്ചു. യൂത്ത് കോണ്‍ഗ്രസ് നിലപാട് പറയേണ്ടത് സംസ്ഥാന പ്രസി‍ഡന്റാണെന്ന് ഷാഫി പറമ്ബിലും പറഞ്ഞു. അനിലിനെതിരെ നടപടി വേണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് റിജില്‍ മാക്കുറ്റി ആവശ്യപ്പെട്ടു. മറ്റു മുതിര്‍ന്ന നേതാക്കള്‍ പരസ്യവിമര്‍ശനം നടത്തിയില്ലെങ്കിലും കടുത്ത അമര്‍ഷത്തിലാണ്.

ബി.ബി.സി ഡോക്യുമെന്‍ററിക്കെതിരെ അനില്‍ ആന്‍റണി വ്യാപക വിമര്‍ശനം; ന്യായീകരിച്ച്‌ അനില്‍

ന്യൂഡല്‍ഹി: ഗുജറാത്ത് വംശഹത്യയില്‍ നരേന്ദ്ര മോദിയെ പ്രതിക്കൂട്ടിലാക്കിയ ബി.ബി.സി ഡോക്യുമെന്‍ററിക്കെതിരെ കെ.പി.സി.സി ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനറും മുതിര്‍ന്ന നേതാവ് എ.കെ. ആന്‍റണിയുടെ മകനുമായ അനില്‍ കെ. ആന്‍റണി. ”ബി.ജെ.പിയോട് വലിയ വിയോജിപ്പുണ്ട്. എന്നാല്‍, ഇന്ത്യയിലെ സ്ഥാപനങ്ങള്‍ക്കും മുകളിലായി ബി.ബി.സിയുടെ കാഴ്ചപ്പാടിനെ ഇന്ത്യക്കാര്‍ കാണുന്നത് അപകടകരമാണ്, അത് നമ്മുടെ പരമാധികാരത്തിന്‍റെ വിലയിടിക്കുമെന്നാണ് എന്‍റെ പക്ഷം. ബ്രിട്ടീഷ് സര്‍ക്കാറിനുകീഴിലെ ബി.ബി.സി ചാനലിനും ഇറാഖ് യുദ്ധത്തിന്‍റെ തലച്ചോറായി പ്രവര്‍ത്തിച്ച ജാക്ക് സ്ട്രോവിനും ഇന്ത്യയെക്കുറിച്ച തെറ്റായ മുന്‍വിധിയുടെ ദീര്‍ഘകാല ചരിത്രമുണ്ട്” -അനില്‍ ആന്‍റണി ട്വിറ്ററില്‍ പറഞ്ഞു.

അനിലിന്‍റെ കാഴ്ചപ്പാട് കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ തള്ളി. പാര്‍ട്ടിയുടെ അഭിപ്രായമല്ല, വ്യക്തിപരമായ കാഴ്ചപ്പാടാണെന്ന് പാര്‍ട്ടി നേതാക്കള്‍ വിശദീകരിച്ചു. എന്നാല്‍, നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി അനില്‍ ആന്‍റണി പ്രതികരിച്ചു. തീര്‍ച്ചയായും തന്‍റെ വ്യക്തിപരമായ കാഴ്ചപ്പാട് കോണ്‍ഗ്രസിന്‍റെ അഭിപ്രായമല്ല. കുടുംബത്തില്‍ ആരുടേതുമല്ല. മോദിയും ബി.ജെ.പിയും ശരിയെന്നോ, ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിക്കുന്നത് വിലക്കിയത് ശരിയായെന്നോ, ഡോക്യുമെന്‍ററി കാണരുതെന്നോ അല്ല തന്‍റെ അഭിപ്രായം.

ഗുജറാത്ത് വംശഹത്യ ഇന്ത്യയുടെ കറുത്ത അധ്യായമാണ്. ഇക്കാര്യത്തില്‍ സുപ്രീംകോടതിയും പരമോന്നത കോടതി നിയോഗിച്ച പ്രത്യേകാന്വേഷണ സംഘവും ചിലതു പറഞ്ഞിട്ടുണ്ട്. അതിനു മുകളില്‍ ബി.ബി.സിയെ പ്രതിഷ്ഠിക്കാനാവില്ല. അത് ഇന്ത്യയെന്ന രാജ്യത്തിന്‍റെ പരമാധികാരത്തെ ദുര്‍ബലപ്പെടുത്തും. ബി.ജെ.പിയോടും സി.പി.എമ്മിനോടുമെല്ലാം കോണ്‍ഗ്രസിനോ മറ്റേതെങ്കിലും പാര്‍ട്ടികള്‍ക്കോ വിയോജിപ്പുകളുണ്ടാവും. അത് ഇന്ത്യയുടെ ആഭ്യന്തര രാഷ്ട്രീയമാണ്. എന്നാല്‍, രാജ്യതാല്‍പര്യം അതിനു മുകളിലാണ്. ആഭ്യന്തര രാഷ്ട്രീയം ദേശതാല്‍പര്യത്തിന് വിരുദ്ധമാകരുത്.

സ്വതന്ത്ര ഇന്ത്യ ഇന്ന് ബ്രിട്ടനെ മറികടന്നിരിക്കുന്നു. അത് നരേന്ദ്ര മോദി കാരണമല്ല. പതിറ്റാണ്ടുകളുടെ തുടര്‍ച്ചയായ പ്രവര്‍ത്തനം വഴിയാണ്. നാട്ടുരാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കം പ്രയോജനപ്പെടുത്തിയാണ് ബ്രിട്ടീഷുകാര്‍ ഇവിടെ ആധിപത്യം സ്ഥാപിച്ചത്. അവര്‍ക്ക് ഇപ്പോഴും ഇന്ത്യക്കുമേല്‍ എന്തോ മേധാവിത്വമുണ്ടെന്ന മട്ടിലാണ് പെരുമാറ്റം. നമ്മുടെ ജനാധിപത്യ, ഭരണഘടന സ്ഥാപനങ്ങള്‍ക്കുമേല്‍ പ്രത്യേകാവകാശം തങ്ങള്‍ക്കുണ്ടെന്ന അവരുടെ മട്ടും ഭാവവും അനുവദിച്ചു കൊടുക്കാനാവില്ല. അത് അപകടകരവുമാണ് -അനില്‍ ആന്‍റണി പറഞ്ഞു.

prp

Leave a Reply

*