ബാങ്ക്‌ ജീവനക്കാരുടെ ദേശീയ പണിമുടക്ക്‌ ഇന്ന്‌

ന്യൂഡല്‍ഹി: രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ ലയന നീക്കത്തില്‍ പ്രതിഷേധിച്ച് ബാങ്ക് യൂണിയനുകളുടെ സംയുക്ത സംഘടനകളുടെ ദേശീയ പണിമുടക്ക് ഇന്ന്. ബാങ്ക് ജീവനക്കാര്‍ ജില്ലാ ആസ്ഥാനങ്ങളില്‍ പ്രകടനം നടത്തും. സമരം ബാങ്ക് ഇടപാടുകളെ ബാധിക്കും.

ബാങ്ക് യൂണിയനുകളുടെ ഐക്യവേദിയുടെ നേതൃത്വത്തിലാണ് പണിമുടക്ക്. പണിമുടക്ക് പൂര്‍ണമായിരിക്കുമെന്നും എല്ലാ പൊതുമേഖലാ–ഷെഡ്യൂള്‍ഡ് ബാങ്കുകളിലെയും ജീവനക്കാരും ഓഫീസര്‍മാരും പങ്കെടുക്കുമെന്നും യൂണിയനുകളുടെ ഐക്യവേദി അവകാശപ്പെടുന്നു. പുതു തലമുറ സ്വകാര്യബാങ്കുകളിലെ ജീവനക്കാര്‍ സമരം ചെയ്യുന്നില്ല.

വിജയ ബാങ്കും ദേനാബാങ്കും ബാങ്ക് ഓഫ് ബറോഡയില്‍ ലയിപ്പിക്കാനുള്ള നീക്കം ബാങ്കുകള്‍ക്കും ഇടപാടുകാര്‍ക്കും ഒരുപോലെ ദോഷകരമാണെന്നാണ് യൂണിയനുകളുടെ നിലപാട്. പൊതുമേഖലാ ബാങ്കുകളുടെ ലയനങ്ങള്‍ ഉപേക്ഷിക്കുകയും ബാങ്കിങ് മേഖലയെ തകര്‍ത്ത വന്‍കിട കിട്ടാക്കടങ്ങള്‍ തിരിച്ചുപിടിക്കുകയും വേണമെന്നാണ് ആവശ്യം.

പണിമുടക്കുകൊണ്ട് സര്‍ക്കാരിന്‍റെ നിലപാട് മാറില്ല എന്നറിയാമെങ്കിലും പ്രശ്നത്തിന്‍റെയും പ്രതിഷേധത്തിന്‍റെയും തീവ്രത കേന്ദ്രസര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ പെടുത്താനാകുമെന്ന് യൂണിയനുകള്‍ കണക്കുകൂട്ടുന്നു. ഇന്നലെ ക്രിസ്മസ് പ്രമാണിച്ച് ബാങ്ക് അവധിയായിരുന്നു. തുടര്‍ച്ചയായ രണ്ടുദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കുന്നത് എ.ടി.എമ്മുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കില്ല എന്ന് എസ്.ബി.ഐ അറിയിച്ചു.

prp

Related posts

Leave a Reply

*