പി വി അന്‍വറിന് തിരിച്ചടി; പിവിആര്‍ പാര്‍ക്കിന് ലൈസന്‍സ് പുതുക്കി നല്‍കില്ല

കോഴിക്കോട്: കക്കാടം പൊയിലില്‍ പിവിആര്‍ പാര്‍ക്കിന് ലൈസന്‍സ് പുതുക്കി നല്‍കില്ല. കൂടരഞ്ഞി പഞ്ചായത്താണ് ഇക്കാര്യത്തില്‍ തീരുമാനം എടുത്തത്. ലൈസന്‍സ് പുതുക്കി നല്‍കണമെന്ന പി വി അന്‍വറിന്‍റെ അപേക്ഷ പഞ്ചായത്ത് പരിഗണിച്ചില്ല. അതേസമയം, പാര്‍ക്കിന്‍റെ ലൈസന്‍സ് കാലാവധി നാളെ അവസാനിക്കും.

അതേസമയം,  പിവിആര്‍ പാര്‍ക്കിരിക്കുന്ന പ്രദേശം പരിസ്ഥിതി ദുര്‍ബല മേഖലയല്ലെന്ന പി വി അന്‍വര്‍ എംഎല്‍എയുടെ വാദം തെറ്റെന്നതിനു തെളിവ് ലഭിച്ചിരുന്നു. ദുരന്ത നിവാരണ വകുപ്പ് സംസ്ഥാനത്തെ ദുരന്ത സാധ്യതയുള്ള പ്രദേശങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന താമരശ്ശേരി താലൂക്കില്‍ പെടുന്ന സ്ഥലമാണ് കക്കാടംപൊയില്‍. മണ്ണിടിച്ചിലിന് സാധ്യതയുള്ള ഇത്തരം സ്ഥലങ്ങളില്‍ മഴക്കുഴി പോലും നിര്‍മിക്കാന്‍ പാടില്ലെന്നാണു നിര്‍ദേശം.

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ലെന്ന ഒറ്റക്കാരണം പറഞ്ഞാണ് ഇവിടെ നിയമലംഘനങ്ങള്‍ നടക്കുന്നത്. പരിസ്ഥിതി സംബന്ധമായി ഏറെ പ്രാധാന്യമുള്ള ഈ സ്ഥലം ദുരന്ത സാധ്യതാ മേഖലയായി സര്‍ക്കാര്‍ നിശ്ചയിച്ചിരുന്നു. ദുരന്ത നിവാരണ വകുപ്പ് 2016 ല്‍ പുറത്തിറക്കിയ നിര്‍ദേശങ്ങളില്‍ മണ്ണിടിച്ചിലിന് സാധ്യതയുള്ള സംസ്ഥാനത്തെ ദുര്‍ബല മേഖലയാണിതെന്നു ചുണ്ടിക്കാണിച്ചിട്ടുണ്ട്.

പി വി അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്ക് സ്ഥിതി ചെയ്യുന്ന കൂടരഞ്ഞി പഞ്ചായത്ത് ഉള്‍പ്പെടുന്ന താമരശ്ശേരി താലൂക്ക് ഈ മേഖലയില്‍പ്പെടുന്നു. ഇത്തരം മേഖലകളില്‍ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ സ്വീകരിക്കേണ്ട നടപടികളെ കുറിച്ചും വിശദമാക്കുന്നുണ്ട്. അപകട സാധ്യതാ മേഖലകളായി മാപ്പില്‍ രേഖപ്പെടുത്തിയിരിക്കുന്ന ഈ പ്രദേശങ്ങളിലെ നിര്‍മാണങ്ങള്‍ നിയന്ത്രിക്കണം. ഇരുപത് ഡിഗ്രിയിലധികം ചരിവുള്ള പ്രദേശത്ത് മഴക്കുഴി പോലും പാടില്ലെന്നും ദുരന്ത നിവാരണ വകുപ്പ് നിര്‍ദേശിക്കുന്നു.

prp

Related posts

Leave a Reply

*