അലന്‍ ഷുഹൈബ് ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന്; പൊലീസ് എന്‍.ഐ.എ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി

കോഴിക്കോട്: പന്തീരാങ്കാവ് യു.എ.പി.എ കേസില്‍ പ്രതിയായ അലന്‍ ഷുഹൈബ് ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചതായി പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.

കണ്ണൂര്‍ പാലയാട് ലോ കോളജ് കാമ്ബസില്‍ റാഗിങ് നടത്തിയെന്ന എസ്.എഫ്‌.ഐയുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിനെ തുടര്‍ന്നാണ് നടപടി. അലന്‍ ജാമ്യവ്യവസ്ഥ ലംഘിച്ചെന്നുകാട്ടി പന്നിയങ്കര എസ്.എച്ച്‌.ഒ കെ. ശംഭുനാഥാണ് കൊച്ചി എന്‍.ഐ.എ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. യു.എ.പി.എ കേസില്‍ ജാമ്യത്തിലുള്ള അലന്‍ ജാമ്യവ്യവസ്ഥകള്‍ ലംഘിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാനുള്ള ചുമതല നേരത്തെ കോടതി പന്നിയങ്കര പൊലീസിന് നല്‍കിയിരുന്നു. ഏതെങ്കിലും ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടാല്‍ അത് റിപ്പോര്‍ട്ട് ചെയ്യാനുള്ള ചുമതല തനിക്കാണെന്നും അതിനാലാണ് ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചുവെന്നുകാട്ടി റിപ്പോര്‍ട്ട് നല്‍കിയതെന്നും കെ. ശംഭുനാഥ് പറഞ്ഞു.

എന്‍.ഐ.എ കോടതിയുടെ ജാമ്യവ്യവസ്ഥകള്‍ പ്രകാരം ഏതെങ്കിലും കേസില്‍ ഉള്‍പ്പെടുകയോ മാവോവാദി ആശയങ്ങള്‍ പ്രചരിപ്പിക്കുകയോ അത്തരം പരിപാടികളില്‍ പങ്കെടുക്കുകയോ ചെയ്യരുത്. എന്നാല്‍, എസ്.എഫ്‌.ഐയുടെ പരാതിയില്‍ ധര്‍മടം പൊലീസ് സ്റ്റേഷനില്‍ അലനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസിന്റെ അടിസ്ഥാനത്തിലാണ് അലനെതിരെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ധര്‍മടം പൊലീസ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ജാമ്യവ്യവസ്ഥകളുടെ ലംഘനം നടന്നതായി റിപ്പോര്‍ട്ട് നല്‍കിയത്. ഇക്കാര്യത്തില്‍ തുടര്‍ നടപടി സ്വീകരിക്കേണ്ടത് കോടതിയാണെന്നും ശംഭുനാഥ് പറഞ്ഞു.

കോളജില്‍ നടന്ന സംഘര്‍ഷത്തില്‍ മറ്റ് വിദ്യാര്‍ഥികളെ ഉപദ്രവിച്ചുവെന്ന് ആരോപിച്ചാണ് അലന്‍ ഉള്‍പ്പെടെ രണ്ടു പേര്‍ക്കെതിരെ ധര്‍മടം പൊലീസ് നവംബര്‍ രണ്ടിന് കേസെടുത്തത്. തന്നെ കുടുക്കാന്‍വേണ്ടിയുള്ള കള്ളക്കേസാണിതെന്നായിരുന്നു അലന്‍ നേരത്തെ പ്രതികരിച്ചിരുന്നത്

prp

Leave a Reply

*