സിം കാര്‍ഡ് എടുക്കുമ്പോള്‍ ഇനിമുതല്‍ ആധാര്‍ നിര്‍ബന്ധമില്ല

ന്യൂഡല്‍ഹി:  സിം കാര്‍ഡ് എടുക്കുമ്പോള്‍ നമ്പര്‍ ആധാറുമായി ലിങ്ക് ചെയ്യണമെന്ന് നിര്‍ബന്ധമില്ലെന്ന് കേന്ദ്ര ടെലികോം മന്ത്രാലയം. നേരത്തെ ആധാറുമായി ലിങ്ക് ചെയ്യാത്ത മൊബൈല്‍ കണക്ഷനുകളെല്ലാം റദ്ദാക്കുമെന്നാണ് കേന്ദ്രം അറിയിച്ചിരുന്നത്.

2017 ജൂണിലാണ് മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചത്. ആധാര്‍ ഇല്ലാത്തതിനാല്‍ സിം കാര്‍ഡ് ലഭിക്കുന്നില്ലെന്ന പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതോടെയാണ് തീരുമാനത്തില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ ധാരണയിലെത്തിയത്.

വിഷയത്തില്‍ വിശദമായ പരിശോധന നടത്തിയെന്നും അതിനു ശേഷമാണ് ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയതെന്നും കേന്ദ്ര ടെലികോം സെക്രട്ടറി അരുണ സുന്ദരരാജന്‍ പറഞ്ഞു. ഇതോടെ ആധാര്‍ കാര്‍ഡിനു പകരമായി ഡ്രൈവിങ് ലൈസന്‍സ്, പാസ്‌പോര്‍ട്ട്, വോട്ടേഴ്‌സ് ഐഡി എന്നിവയിലേതെങ്കിലും തിരിച്ചറിയല്‍ രേഖ നല്‍കിയാല്‍ മതി.

പുതിയ രീതി എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്ന് സുന്ദരരാജന്‍ മൊബൈല്‍ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാജ്യത്ത് ആധാര്‍ ലഭിക്കാത്ത നിരവധി ആളുകളുള്ളതിനാല്‍ മൊബൈല്‍ കണക്ഷന്‍ എടുക്കുന്നതിന് ആധാറിന്‍റെ ആവശ്യമില്ലെന്ന് സുപ്രീംകോടതി നേരത്തെ പറഞ്ഞിരുന്നു.

prp

Related posts

Leave a Reply

*