വെര്‍ച്വല്‍ ക്യൂവില്‍ റജിസ്റ്റര്‍ ചെയ്തത് 7564 യുവതികള്‍; ദര്‍ശനം നടത്തിയത് 51 പേര്‍

ശബരിമല: 10നും 50നും ഇടയില്‍ പ്രായമുള്ള 7564 യുവതികള്‍ കേരളസര്‍ക്കാരിന്‍റെ വെര്‍ച്വല്‍ ക്യൂവില്‍  രജിസ്റ്റര്‍ ചെയ്തതായി റിപ്പോര്‍ട്ട്. ഇതില്‍ 51 യുവതികള്‍ ശബരിമലയില്‍ ഇക്കുറി ദര്‍ശനം നടത്തിയതായി സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇവര്‍ വിര്‍ച്വല്‍ ക്യൂ സംവിധാനം വഴിയാണ് ദര്‍ശനം നടത്തിയതെന്നും ഇതിന് കൃത്യമായ രേഖകളുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

യുവതികള്‍ക്ക് യാതൊരുവിധത്തിലുള്ള സുരക്ഷാ പ്രശ്‌നങ്ങളും നേരിടേണ്ടി വന്നില്ലന്ന് സര്‍ക്കാര്‍ അറിയിച്ചു. ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഈ വാര്‍ത്ത സ്ഥിരീകരിച്ചു. ദര്‍ശനം നടത്തിയ യുവതികളുടെ പൂര്‍ണവിലാസമടങ്ങിയ പട്ടിക ഉണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു. ആന്ധ്ര, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നുളളവരാണ് പട്ടികയിലുളളവരിലേറെയും.

ശബരിമല ദര്‍ശനം നടത്തിയ കനകദുര്‍ഗ, ബിന്ദു എന്നിവര്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു. സുരക്ഷ ആവശ്യപ്പെട്ട് ഇരുവരും നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് സര്‍ക്കാര്‍ ദര്‍ശനം നടത്തിയവരുടെ പട്ടിക കൈമാറിയത്.

prp

Related posts

Leave a Reply

*