ദമ്മാം: സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാറുമായി കൂടിയാലോചിക്കുന്നതിനുപകരം യൂനിവേഴ്സിറ്റി വി.സിമാര്‍ രാജിവെക്കണമെന്ന്‌ ആവശ്യപ്പെടുന്നതിന് പിന്നില്‍ രാഷ്‌ട്രീയമാണെന്ന് ഐ.എം.സി.സി കിഴക്കന്‍ പ്രവിശ്യ കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു.

ജനങ്ങള്‍ തിരഞ്ഞെടുത്ത ഒരു സര്‍ക്കാറിനെ ഭരിക്കാന്‍ അനുവദിക്കില്ലെന്ന്‌ പറഞ്ഞ്‌ കേരളത്തിലെ ജനങ്ങളോട്‌ യുദ്ധം പ്രഖ്യാപിക്കുകയാണ്‌ ഗവര്‍ണര്‍. ഇതിനെതിരെ രാഷ്‌ട്രീയത്തിനതീതമായി ജനങ്ങള്‍ ഒന്നിക്കണം.

ഗവര്‍ണറെ ഉപയോഗിച്ച്‌ സംസ്ഥാന സര്‍ക്കാറിനെ അട്ടിമറിക്കാമെന്നാണ് കേരളത്തിലെ മതേതര മനസ്സ് മൂലക്കിരുത്തിയ ബി.ജെ.പി ദിവാസ്വപ്‌നം കാണുന്നത്. ഇതിനേക്കാള്‍ എത്രയോ വലിയ വെല്ലുവിളികളെ കേരള മതേതര മനസ്സ് ഒന്നായി നേരിട്ടിട്ടുണ്ട്‌. ബി.ജെ.പിയോട് തോളോടുചേര്‍ന്ന് നില്‍ക്കാതെ അവരുടെ ഫാഷിസ്റ്റ് അജണ്ടക്കെതിരെ ശക്തമായി പ്രതികരിക്കാന്‍ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികളും മുന്നോട്ടു വരണം.

ഗവര്‍ണര്‍ ചാന്‍സലര്‍ സ്ഥാനത്തുനിന്ന്‌ മാറണമെന്നാണ്‌ കേരള നിയമസഭയും പൊതുജനാഭിപ്രായവും. അത്‌ അംഗീകരിക്കാതെ ചാന്‍സലര്‍ പദവിയില്‍ കടിച്ചുതൂങ്ങുന്നത്‌ നാണക്കേടാണ്‌. സംഘ്പരിവാറിനെ വൈസ്‌ ചാന്‍സലറാക്കി ഭരിക്കാമെന്ന്‌ ബി.ജെ.പി കരുതുന്നത് മൗഢ്യമാണ്. അത്‌ കേരളത്തിലെ ജനങ്ങള്‍ അംഗീകരിക്കില്ല. നാഗ്‌പുരില്‍നിന്നും അനുമതി വാങ്ങി രാജ്യത്ത്‌ പല സര്‍വകലാശാലകളെയും അട്ടിമറിച്ചിട്ടുണ്ടാകാം.

അത്‌ കേരളത്തില്‍ നടക്കില്ലെന്നും ഐ.എം.സി.സി കിഴക്കന്‍ പ്രവിശ്യ കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. യോഗത്തില്‍ സാദിഖ് ഇരിക്കൂര്‍ അധ്യക്ഷത വഹിച്ചു. അബ്ദുറഹ്മാന്‍ കരിപ്പൂര്‍, റസാഖ് പടനിലം, സൂപ്പി കെ. ഷാനവാസ്, ഫക്രുദ്ദീന്‍ മലപ്പുറം, സലിം ആരിക്കാടി തുടങ്ങിയവര്‍ സംസാരിച്ചു. ഇര്‍ഷാദ് കളനാട് സ്വാഗതവും ഇബു ആലംപാടി നന്ദിയും പറഞ്ഞു.

prp

Leave a Reply

*