വാടകവീട്ടില്‍ നിന്ന് ദിവസവുമെത്തി പണിചെയ്തു, ആറുമാസം കൊണ്ട് വൃദ്ധദമ്ബതികള്‍ സ്വയം പണിത വീടിന്റെ ഗൃഹപ്രവേശനം ഇന്ന്

കോന്നി : കലഞ്ഞൂര്‍ പഞ്ചായത്ത് പതിമൂന്നാം വാര്‍ഡിലെ കഞ്ചോട് മണിഭവനത്തില്‍ വിക്രമന്‍പിള്ളയും ഭാര്യ മണിയും ഇന്ന് പുതിയ വീട്ടില്‍ താമസം തുടങ്ങും.

ഇരുവരുടെയും കഠിനദ്ധ്വാനവും ലൈഫ് പദ്ധതിയും കൈകോര്‍ത്തതോടെയാണ് സ്വപ്നഭവനം യാഥാര്‍ത്ഥ്യമായത്.

സ്വന്തമായി ഭൂമിയില്ലാതിരുന്ന ദമ്ബതികള്‍ക്ക് ഭൂരഹിത ഭവനരഹിതര്‍ക്ക് വസ്തു വാങ്ങി വീട് വയ്ക്കുന്നതിന് ലൈഫ് പദ്ധതിയില്‍ തുക അനുവദിക്കുകയായിരുന്നു. വസ്തു വാങ്ങുന്നതിന് 2 ലക്ഷം രൂപയും വീടിന് നാല് ലക്ഷം രൂപയുമാണ് അനുവദിച്ചത്. രണ്ടു ലക്ഷം രൂപയ്ക്ക് സ്ഥലം കിട്ടാതെ വന്നതോടെ അധികമായി വേണ്ടിവന്ന ഒന്നേകാല്‍ ലക്ഷം രൂപ സ്വര്‍ണമാല വിറ്റാണ് മണി കണ്ടെത്തിയത്. നാല് ലക്ഷംരൂപ കൊണ്ട് വീട് പൂര്‍ത്തിയാകില്ലെന്ന തിരിച്ചറിവില്‍ 66 കാരനായ വിക്രമന്‍ പിള്ളയും 58 വയസുള്ള ഭാര്യ മണിയും മേസ്തരിയും സഹായിയുമായി മാറുകയായിരുന്നു.

രണ്ട് കിടപ്പുമുറികളും ഹാളും അടുക്കളയും വരാന്തയുമുള്ള 420 സ്‌ക്വയര്‍ ഫീറ്റ് വീട് ഇവര്‍ ആറ് മാസങ്ങള്‍ കൊണ്ട് പൂര്‍ത്തീകരിച്ചു. നാല് ദിവസം കൊണ്ട് മേല്‍ക്കൂരയുടെ വാര്‍പ്പ് പൂര്‍ത്തിയാക്കി. നിര്‍മ്മാണ സാമഗ്രികള്‍ മുകളില്‍ എത്തിക്കാന്‍ തടി ഏണിയില്‍ കപ്പി കെട്ടി സംവിധാനം ഒരുക്കിയത് നാട്ടുകാര്‍ക്ക് കൗതുകമായി. മക്കളില്ലാത്ത ദമ്ബതികളുടെ വീട് നിര്‍മ്മാണത്തിന് സഹായവുമായി ചിലരും എത്തിയിരുന്നു. ഗൃഹപ്രവേശനം ഇന്ന് രാവിലെ 9.30ന്.

മേസ്തിരിപ്പണി കരുത്തായി

40 വര്‍ഷം ജില്ലയുടെ പലഭാഗങ്ങളില്‍ മേസ്തിരിപ്പണി ചെയ്തതിന്റെ അനുഭവമാണ് പണികള്‍ ഒറ്റയ്ക്ക് ഏറ്റെടുക്കാന്‍ വിക്രമന്‍പിള്ളയ്ക്ക് ധൈര്യം നല്‍കിയത്. തൊഴിലുറപ്പ് പണിയിലെ അനുഭവം മാത്രമുള്ള മണി ഭര്‍ത്താവിനൊപ്പം സഹായിയായി നിന്നു. കലഞ്ഞൂരിലെ വാടകവീട്ടില്‍ നിന്ന് ദിവസവും രാവിലെ 7ന് എത്തി ഇരുവരും വൈകിട്ട് 6 വരെ പണി ചെയ്താണ് വീട് പൂര്‍ത്തിയാക്കിയത്.

prp

Leave a Reply

*