പഠിക്കാന്‍ വേണ്ടി ഇനി കപ്പലണ്ടി വില്‍ക്കണ്ട; പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുത്ത് ആലപ്പുഴ കളക്ടര്‍

ആലപ്പുഴ : പഠന ചെലവിന് വേണ്ടി കപ്പലണ്ടി കച്ചവടം നടത്തുന്ന പെണ്‍കുട്ടിയുടെ വാര്‍ത്ത അടുത്തിടെയാണ് പുറത്തുവന്നത്.

ആലപ്പുഴ കണിച്ചുകുളങ്ങരയിലെ ഹയര് സെക്കന്‍ററി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ് വിനിഷ. തന്റെ സ്‌കൂളിന് മുന്നിലാണ് പെണ്‍കുട്ടി കപ്പലണ്ടി കച്ചവടം നടത്തിയത്. പഠിക്കാനുള്ള പണം കണ്ടെത്തുന്നതിന് വേണ്ടിയാണ് പെണ്‍കുട്ടി കപ്പലണ്ടി കച്ചവടം നടത്തിയത്.

ഈ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ പെണ്‍കുട്ടിക്ക് സഹായവുമായി എത്തിയിരിക്കുകയാണ് ആലപ്പുഴ ജില്ലാ കളക്ടര്‍ കൃഷ്ണ തേജ. കുട്ടിയുടെ എല്ലാ വിദ്യാഭ്യാസ ചെലവുകളും ഏറ്റെടുത്തുവെന്ന് കളക്ടര്‍ അറിയിച്ചു. ഇത് കൂടാതെ വാടക വീട്ടില്‍ താമസിക്കുന്ന വിനിഷയുടെ കുടുംബത്തിന് ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ അറിയിച്ചിട്ടുണ്ട്.

പെണ്‍കുട്ടി കപ്പലണ്ടി വില്‍ക്കുന്ന വാര്‍ത്ത ശ്രദ്ധയില്‍ പെട്ടതിന് പിന്നാലെ ഇവരെ തന്റെ ക്യാമ്ബ് ഓഫീസിലേക്ക് വിളിപ്പിക്കുകയായിരുന്നു. വിവരങ്ങള്‍ ചോദിച്ചറിഞ്ഞ കളക്ടര്‍, പണമില്ലെന്ന് പറഞ്ഞ് ഒരു കാരണവശാലും പഠനം മുടക്കരുതെന്ന് നിര്‍ദ്ദേശിച്ചു. തുടര്‍ന്നാണ് വിദ്യാഭ്യാസ ചെലവുകള്‍ ഏറ്റെടുത്തത്.

വൈകീട്ട് ക്ലാസ് കഴിഞ്ഞയുടന്‍ യൂണിഫോമിലാണ് കുട്ടിയുടെ കപ്പലണ്ടി വില്‍പ്പന. അച്ഛന് കൂലിപ്പണിയാണ്. കപ്പലണ്ടി കച്ചവടം നടത്തിയിരുന്ന അമ്മയ്‌ക്ക് കാലുവേദന വന്നതോടെ അമ്മയെ സഹായിക്കാനായാണ് വിനിഷ കച്ചവടം തുടങ്ങിയത്.

prp

Leave a Reply

*