ആയിരം പിന്നിട്ട് പ്രതിദിന കോവിഡ് മരണം, രാജ്യത്ത് 62,064 പുതിയ രോഗികള്‍, 15 ലക്ഷം കടന്ന് രോഗമുക്തി

പ്രതിദിനം ആയിരം കോവിഡ് മരണം. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നതിനൊപ്പം മരണ സംഖ്യയും ഉയരുന്നു. ഒറ്റ ദിവസം ആയിരം മരണം റിപ്പോര്‍ട്ട് ചെയ്യുന്ന നിലയിലേക്കാണ് രാജ്യത്തെ കോവിഡ് കണക്കുകള്‍. ഇന്നലെ മാത്രം 1007 പേരാണ് ഇന്ത്യയില്‍ കോവിഡ് ബാധിച്ച്‌ മരിച്ചത്.

24 മണിക്കൂറിനിടെ 62,064 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിക്കുമ്ബോഴാണ് ഈ കണക്കുകള്‍. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 22 ലക്ഷം കടന്നു. 22,15,075 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 44,386 ആയി ഉയര്‍ന്നു. നിലവില്‍ 6,34,945 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. 15,35,744 പേര്‍ രോഗമുക്തി നേടിയതായി കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

അതേസമയം, രാജ്യത്ത് കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 15 ലക്ഷം കടന്നതായും കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമമന്ത്രാലയം അറിയിച്ചു. 6,34,945 ആക്ടീവ് കേസുകളാണ് ഇപ്പോള്‍ രാജ്യത്തുള്ളത്. ഇപ്പോള്‍ രാജ്യത്തുള്ള പുതിയ കോവിഡ് കേസുകളുടെ 80 ശതമാനവും പത്ത് സംസ്ഥാനങ്ങളില്‍ നിന്നാണെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

മഹാരാഷ്ട്ര തന്നെയാണ് കോവിഡ് വ്യപനം അതിരൂക്ഷമായി തുടരുന്ന സംസ്ഥാനം. ഇന്നലെ 12,248പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 390 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മഹാരാഷ്ട്രയിലുള്ള ആകെ രോഗികളുടെ എണ്ണം 5,15,332 ആയി. 17,757പേരാണ് ആകെ മരിച്ചത്. കോവിഡ് ബാധിതര്‍ മൂന്ന് ലക്ഷത്തിലേക്ക് അടുക്കുകയാണ് തമിഴ്‌നാട്ടില്‍. ഇതുവരെ 2,96,901 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്.

കേരളത്തില്‍ ഇന്നലെ 1,211 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചിരുന്നു. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,49,357 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,37,615 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 11,742 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1278 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇതിനിടെ, ആഗോളതലത്തില്‍ കോവിഡ് രോഗികള്‍ 2 കോടി പിന്നിട്ടു. 2 കോടി അയ്യായിരം പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.

prp

Leave a Reply

*