അതിര്‍ത്തിയില്‍ ആയുധമില്ലാതെ ശത്രുവിന്റെ കഴുത്തൊടിക്കും; കൂടുതല്‍ ഘാതക് കമാന്‍ഡോകളെ ഗല്‍വാനിലും പാംഗോങ് മലനിരകളിലും വിന്യസിച്ച്‌ കേന്ദ്ര സര്‍ക്കാര്‍

ന്യൂദല്‍ഹി: ചൈനക്കെതിരെ അതിര്‍ത്തിയില്‍ പഴുതടച്ച സുരക്ഷ ഒരുക്കി കേന്ദ്ര സര്‍ക്കാര്‍. അതിര്‍ത്തിയിലെ സംഘര്‍ഷബാധിത മേഖലകളില്‍ കൂതല്‍ ഘാതക് കമാന്‍ഡോകളെ വിന്യസിച്ചു. കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയിലുടനീളം മിസൈല്‍, യുദ്ധവിമാന സന്നാഹങ്ങള്‍ അണിനിരത്തിയതിനു പുറമേയാണ് ഘാതകിന്റെ വിന്യാസം. തോക്ക് ഉപയോഗിക്കാതെ എതിരാളിയെ കീഴ്‌പ്പെടുത്തുന്നതില്‍ വൈദഗ്ധ്യമുള്ളവരാണ് ഇവര്‍. പാംഗോങ് തടാകത്തോടു ചേര്‍ന്നുള്ള മലനിരകള്‍, ഗല്‍വാന്‍, ഡെപ്‌സാങ് എന്നിവിടങ്ങളില്‍ സേനാംഗങ്ങള്‍ക്കൊപ്പം കമാന്‍ഡോകളും നിലയുറപ്പിച്ചിട്ടുണ്ട്.

അതിര്‍ത്തിയിലെ വിവിധ സേനാ ബറ്റാലിയനുകള്‍ക്കു കീഴിലുള്ള പ്ലറ്റൂണുകളിലെ കമാന്‍ഡോ സംഘമാണിത്. ശത്രുവിന്റെ കഴുത്തൊടിക്കുന്ന സംഘമെന്നാണ് ഘാതക് കമാന്‍ഡോകളെ സൈന്യത്തില്‍ അറിയപ്പെടുന്നത്. അതിര്‍ത്തിയില്‍ തോക്ക് ഉപയോഗിക്കാന്‍ പാടില്ലെന്നാണു ധാരണയെങ്കിലും ചൈനയുടെ ഭാഗത്തു നിന്ന് ഇനിയും അതിക്രമം ഉണ്ടായാല്‍ ഏത് ആയുധവുമുപയോഗിക്കാന്‍ ഇന്ത്യന്‍ സേനയ്ക്കു കേന്ദ്രം അനുമതി നല്‍കിയിട്ടുണ്ട്.

ചൈനക്കെതിരെ ഇന്ത്യ കിഴക്കന്‍ ലഡാക്കില്‍ വ്യോമപ്രതിരോധത്തിനുള്ള മിസൈലുകള്‍ വിന്യസിച്ചിട്ടുണ്ട്. അതിവേഗം തിരിച്ചടിക്കാന്‍ കഴിയുന്ന തരം ഉപരിതല വ്യോമ മിസൈല്‍ സംവിധാനമാണ് സ്ഥാപിച്ചത്. അതിര്‍ത്തിയില്‍ ചൈനീസ് കോപ്ടറുകളുടെയും വിമാനങ്ങളുടെയും പറക്കലുകള്‍ കൂടിയിട്ടുണ്ട്. കരസേനയുടെയും വ്യോമസേനയുടെയും വ്യോമപ്രതിരോധ സംവിധാനങ്ങള്‍ വിന്യസിച്ചു കഴിഞ്ഞു. ചൈനീസ് യുദ്ധ വിമാനങ്ങളോ കോപ്ടറുകളോ ദുസാഹസത്തിനു മുതിര്‍ന്നാല്‍ തിരിച്ചടിക്കുകയാണ് ലക്ഷ്യം, സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ആകാശ് മിസൈല്‍ അടക്കമുള്ളവയാണ് വിന്യസിച്ചത്.

അതിര്‍ത്തി മേഖലകളില്‍ ചൈന യുദ്ധ വിമാനങ്ങളും ബോംബറുകളും വിന്യസിച്ചിട്ടുണ്ട്. യഥാര്‍ഥ നിയന്ത്രണരേഖയ്ക്ക് വളരെ അടുത്താണ് ചൈനീസ് കോപ്ടറുകള്‍ പറക്കുന്നത്. ദൗലത് ബെയ്ഗ് ഓള്‍ഡി, ഗല്‍വാന്‍ താഴ്വരയ്ക്കടുത്ത് പട്രോളിങ് പോയിന്റ് 14, 15, 17, 17എ (ഹോട്ട് സ്പ്രിങ്സ്) പാങ്ഗോങ് സോ തുടങ്ങിയ മേഖലകളിലെല്ലാം അതിര്‍ത്തിയോട് ചേര്‍ന്നാണ് ചൈനീസ് സേനയുടെ പ്രവര്‍ത്തനം. ഇവര്‍ ഫിംഗര്‍ മൂന്നിനടുത്തേക്ക് നീങ്ങുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതിവേഗം നീങ്ങുന്ന യുദ്ധവിമാനങ്ങളെ നിഷ്പ്രയാസം തകര്‍ക്കാന്‍ ശേഷിയുള്ളതാണ് ആകാശ് മിസൈല്‍. കിഴക്കന്‍ ലഡാക്കില്‍ സുഖോയ് അടക്കമുള്ള യുദ്ധ വിമാനങ്ങള്‍ ഇന്ത്യ നേരത്തെ തന്നെ വിന്യസിച്ചിരുന്നു. നിരീക്ഷണവും കുറ്റമറ്റതാക്കി. ഒരു ശത്രു വിമാനവും നമ്മുടെ റഡാറുകളെ വെട്ടിച്ച്‌ പോകില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ട്.

prp

Leave a Reply

*