വിശാഖപട്ടണം: വിശാഖപട്ടണം ഏകദിനത്തില്‍ വെസ്റ്റ്ഇന്‍ഡീസിന് 322 റണ്‍സ് വിജയലക്ഷ്യം. വിരാട് കോഹ്ലി തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സെഞ്ചുറി നേടിയപ്പോള്‍ ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 321 റണ്‍സ് നേടി.
129 പന്തുകള്‍ നേരിട്ട് 157 റണ്‍സുമായി പുറത്താകാതെനിന്ന കോഹ്ലി ഏകദിന കരിയറിലെ 37-ാം സെഞ്ചുറിയാണ് വിശാഖപട്ടണത്തു കുറിച്ചത്. വ്യക്തിഗത സ്കോര്‍ 81-ല്‍ അതിവേഗത്തില്‍ 10000 ഏകദിന റണ്‍സ് പൂര്‍ത്തിയാകുന്ന നേട്ടം സച്ചിന് തെണ്ടുല്‍ക്കറിനെ പിന്നിലാക്കി സ്വന്തം പേരിലെഴുതാനും കോഹ്ലിക്കു കഴിഞ്ഞു. 205 ഇന്നിംഗ്സുകളില്‍നിന്നാണ് കോഹ്ലിയുടെ ചരിത്രനേട്ടം. സച്ചിന് ഈ നേട്ടം കൈവരിക്കാന്‍ 259 ഇന്നിംഗ്സുകള്‍ വേണ്ടിവന്നു.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യയ്ക്ക് സ്കോര്‍ 40 എത്തുമ്പോഴേയ്ക്കും ഓപ്പണര്‍മാരെ നഷ്ടപ്പെട്ടു. കഴിഞ്ഞ മത്സരത്തിലെ സെഞ്ചുറി വീരന് രോഹിത് ശര്‍മ(4)യാണ് ആദ്യ മടങ്ങിയത്. ശിഖര്‍ ധവാനു മികച്ച തുടക്കം ലഭിച്ചെങ്കിലും മുതലാക്കാന്‍ കഴിഞ്ഞില്ല. ഇതിനുശേഷം ഒത്തുചേര്‍ന്ന കോഹ്ലി-അന്പാട്ടി റായിഡു കൂട്ടുകെട്ട് ഇന്ത്യയെ മുന്നോട്ടു നയിച്ചു. വിന്‍ഡീസ് ബൗളിംഗിനെ ഫലപ്രദമായി നേരിട്ട സഖ്യം മൂന്നാം വിക്കറ്റില്‍ 139 റണ്‍സ് അടിച്ചുകൂട്ടി.
ഇന്ത്യന്‍ സ്കോര്‍ 179-ല്‍ റായിഡു മടങ്ങി. 80 പന്തില്‍നിന്ന് എട്ടു ബൗണ്ടറികള്‍ ഉള്‍പ്പെടെ 73 റണ്‍സായിരുന്നു റായിഡുവിന്റെ സംഭാവന. ഒരറ്റത്ത് കോഹ്ലി മികച്ച ബാറ്റിംഗ് തുടര്‍ന്നെങ്കിലും പിന്നീടെത്തിയവരില്‍ ആര്‍ക്കും കോഹ്ലിക്ക് ഉറച്ച പിന്തുണ നല്കാന് കഴിഞ്ഞില്ല. എം.എസ്.ധോണി(20), റിഷഭ് പന്ത്(17) എന്നിവര്‍ അധികം നേട്ടമുണ്ടാക്കാതെ മടങ്ങി.
രവീന്ദ്ര ജഡേജയുടെ സാന്നിധ്യത്തിലാണ് കോഹ്ലി സെഞ്ചുറി പൂര്‍ത്തിയാക്കിയത്. സെഞ്ചുറി നേടാന്‍ 106 പന്തുകള്‍ നേരിട്ട കോഹ്ലി തുടര്‍ന്ന് ലഭിച്ച 23 പന്തില്‍നിന്ന് 54 റണ്‍സ് അടിച്ചുകൂട്ടി. 13 ബൗണ്ടറികളും നാലു സിക്സറുകളും നായകന്റെ ബാറ്റില്‍നിന്നു പറന്നു. ജഡേജ 17 റണ്‍സ് നേടി പുറത്തായി. വെസ്റ്റ്ഇന്‍ഡീസിനായി ആഷ്ലി നഴ്സ്, ഒബെഡ് മക്കോയ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം നേടി. കെമര്‍ റോഷ്, മര്‍ലോണ്‍ സാമുവല്‍സ് എന്നിവര്‍ ഓരോ വിക്കറ്റ് സ്വന്തമാക്കി.