വയനാട്ടില്‍ നിന്ന് നിയമസഭയില്‍ പോയി പരിചയമുള്ള നേതാക്കളും പോയി കാര്യങ്ങളവതരിപ്പിക്കാന്‍ പ്രാപ്തിയുള്ള നേതാക്കളും മുസ്ലിം ലീ​ഗിനുണ്ട്; കല്പറ്റയില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ സ്ഥാനാര്‍ത്ഥി ആകുന്നതിനെതിരെ ലീ​ഗ്

വയനാട്: കല്‍പ്പറ്റയില്‍ മുല്ലപ്പള്ളി സ്ഥാനാര്‍ത്ഥിയാകുന്നതനോട് മുസ്ലിം ലീ​ഗിന് എതിര്‍പ്പ്. മുല്ലപ്പള്ളി രാമചന്ദ്രനെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കല്പറ്റയില്‍ അം​ഗീകരിക്കാനാവില്ലെന്ന് മുസ്ലിം ലീ​ഗ് വയനാട് ജില്ലാ സെക്രട്ടറി പരസ്യമായി പറഞ്ഞതോടെയാണ് മുന്നണിയില്‍ പ്രശ്നങ്ങല്‍ തലപൊക്കിയത്. കല്പറ്റ നിയോജക മണ്ഡലത്തില്‍ മുല്ലപ്പള്ളി സ്ഥാനാര്‍ത്ഥി ആയേക്കുമെന്ന സൂചനകള്‍ക്ക് പിന്നാലെയാണ് എതിര്‍പ്പുമായി ലീഗ് ജില്ലാ നേതൃത്വം രം​ഗത്തെത്തിയത്. കല്‍പ്പറ്റ കോണ്‍ഗ്രസിന് നല്‍കണമെന്ന് പറയാനാവില്ലെന്നാണ് ലീഗ് ജില്ലാ സെക്രട്ടറി യഹിയ ഖാന്‍ വ്യക്തമാക്കുകയായിരുന്നു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പ്രതികരണം.

‘ഇത്തവണ കല്‍പ്പറ്റ മണ്ഡലത്തില്‍ മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥി ആയിരിക്കുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. അതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ലീഗ് ജില്ലാക്കമ്മിറ്റി നടത്തിക്കൊണ്ടിരിക്കുകയാണ്. കല്‍പ്പറ്റ കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റല്ല. യു.ഡി.എഫിലെ എല്‍.ജെ.ഡിയുടെ സിറ്റിങ് സീറ്റായിരുന്നു. ലീഗ് ഇത്തവണ അധികമായി ആവശ്യപ്പെട്ട മണ്ഡലത്തില്‍ കല്‍പ്പറ്റ നിയോജക മണ്ഡലവും ഉണ്ട്. മുല്ലപ്പള്ളി വരാന്‍ യാതൊരു സാധ്യതയുമില്ല. വയനാട്ടില്‍ നിലവിലെ സാഹചര്യത്തില്‍ പുറത്ത് നിന്ന് മത്സരിക്കുന്ന ഒരു സ്ഥാനാര്‍ത്ഥിക്ക് അത്തരത്തിലൊരു സാധ്യതയുണ്ടെന്ന് ഞാന്‍ കരുതുന്നില്ല,’ യഹിയാ ഖാന്‍ പറഞ്ഞു. ലീഗിന് വയനാട്ടില്‍ നിന്ന് നിയമസഭയില്‍ പോയി പരിചയമുള്ള നേതാക്കളും പോയി കാര്യങ്ങളവതരിപ്പിക്കാന്‍ പ്രാപ്തിയുള്ള നേതാക്കളുമുണ്ടെന്നും ലീഗ് ജില്ലാ സെക്രട്ടറി പറഞ്ഞു.

നേരത്തെ മുല്ലപ്പള്ളി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള താത്പര്യം ഹൈക്കമാന്‍ഡിനെ അറിയിച്ചിരുന്നു. കല്‍പ്പറ്റ മണ്ഡലത്തിലേക്ക് മത്സരിക്കാനാണ് സാധ്യതയെന്ന റിപ്പോര്‍ട്ടുകളും വന്നിരുന്നു. ഇതിന് പിന്നാലെയാണ് വയനാട് ലീഗ് നേതൃത്വം പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ച്‌ രംഗത്തെത്തിയിരിക്കുന്നത്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ അടക്കമുള്ള ദേശീയ നേതാക്കളും മുല്ലപ്പള്ളി മത്സരിക്കുന്നതില്‍ അനുകൂല നിലപാട് സ്വീകരിച്ചിരുന്നു. രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും മുല്ലപ്പള്ളിയുടെ സ്ഥാനാര്‍ത്ഥിത്വത്തോട് വിയോജിപ്പില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളിയുമടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കുന്നത് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്ന റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു.

prp

Leave a Reply

*