കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നേടിയത് ലോകായുക്തയില്‍ രജിസ്റ്റര്‍ ചെയ്ത 136 അഴിമതിക്കേസുകളാണെന്ന്പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്. ഉമ്മന്‍ചാണ്ടിക്കെതിരെ 31 കേസുകളും, 21 മന്ത്രിമാരില്‍ 18പേരും കേസിലുള്‍പ്പെട്ടവരാണെന്നും വി എസ് പറഞ്ഞു. മലമ്പുഴ മണ്ഡലം തെരഞ്ഞെടുപ്പ് കണ്വന്ഷന് പാലക്കാട് ടൌണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

2820 ഏക്കര്‍ സര്‍ക്കാര്‍ഭൂമിയാണ് മന്ത്രിസഭയുടെ അവസാനയോഗത്തില്‍ സ്വന്തക്കാര്‍ക്കും ഇഷ്ടക്കാര്‍ക്കും വന്കിടക്കാര്ക്കുമായി പതിച്ചുനല്കാന് ശ്രമിച്ചത്. ഇത് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ അഴിമതിയും വോട്ട് തട്ടാനുള്ള ശ്രമവുമാണ്, വിഎസ് പറഞ്ഞു.
തിരുവഞ്ചൂരിനെതിരെ 14 കേസും അബ്ദുറബ്ബിനെതിരെ 11ഉം ശിവകുമാറിനെതിരെ പത്തും രമേശ് ചെന്നിത്തലയ്ക്കെതിരെ ഒമ്പത് കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മന്ത്രിമാരായ അടൂര്‍ പ്രകാശ്, മഞ്ഞളാംകുഴി അലി, ഇബ്രാഹിംകുഞ്ഞ്, കെ എം മാണി എന്നിവര്‍ക്കെതിരെ എട്ടും സി എന്‍ ബാലകൃഷ്ണന്, കെ ബാബു, പി ജെ ജോസഫ് എന്നിവര്‍ക്കെതിരെ ആറും എം കെ മുനീറിനെതിരെ മൂന്നും അനൂപ് ജേക്കബ്, പി കെ കുഞ്ഞാലിക്കുട്ടി, കെ സി ജോസഫ് എന്നിവര്‍ക്കെതിരെ രണ്ടും ഷിബു ബേബിജോണ്‍, ആര്യാടന് മുഹമ്മദ് എന്നിവര്‍ക്കെതിരെ ഓരോ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഉദ്ഘാടന യോഗത്തില്‍ മണ്ഡലം കണ്‍വീനര്‍ പി സുന്ദരന്‍ അധ്യക്ഷനായി.

