വൈക്കം വിജയലക്ഷ്മിയ്ക്ക് ഇനി അനൂപ് തുണയാകും; വിവാഹനിശ്ചയത്തിന്‍റെ ചിത്രങ്ങള്‍ കാണാം

വ്യത്യസ്തമായ ഗാനാലപനത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ ഗായികയാണ് വൈക്കം വിജയലക്ഷ്മി. കേരളത്തിന്‍റെ അനുഗ്രഹീത കലാകാരിക്ക് വീണ്ടും വിവാഹമാണ്. കലയെ സ്‌നേഹിക്കുന്ന കലാകാരന്‍ തന്നെയാണ് ഗായികയെ തന്‍റെ ജീവിതസഖിയാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇരുവരുടെയും വിവാഹനിശ്ചയ ചടങ്ങായിരുന്നു. ചടങ്ങിന്‍റെ ചിത്രങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്.

പാലാ പുലിയന്നൂര്‍ കൊച്ചെഴുകയില്‍ നാരായണന്‍ നായരുടെയും ലൈലാകുമാരിയുടെയും മകനും മിമിക്രി ആര്‍ട്ടിസ്റ്റുമായ അനൂപാണ് വരന്‍. ഇന്‍റീരിയര്‍ ഡെക്കറേഷന്‍ കോണ്‍ട്രാക്ടറായ അനൂപ് കലയെ സ്‌നേഹിക്കുന്നൊരു വ്യക്തിത്വമാണ്.

 

വൈക്കത്തെ വീട്ടുമുറ്റത്തൊരുക്കിയ പന്തലില്‍ ലളിതമായ ചടങ്ങുകളിലായിരുന്നു വിവാഹശനിശ്ചയം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളെയും സാക്ഷിയാക്കിയിരുന്നു വിജയലക്ഷ്മി അനൂപിന്‍റെ വിരലില്‍ മോതിരമണിയിച്ചത്. ഒക്ടോബര്‍ 22 ന് വൈക്കം മഹാദേവക്ഷേത്രത്തില്‍ രാവിലെ 10.30 നും 11.30 നും ഇടയ്ക്കുള്ള സമയത്താണ് വിവാഹം.

 

ഏറെ കാലമായി അനൂപിനെ തനിക്ക് അറിയാമെന്ന് വൈക്കം വിജയലക്ഷ്മി അടുത്തിടെ പറഞ്ഞിരുന്നു. ഈയിടെയാണ് വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെന്ന് അനൂപ് തുറന്ന് പറഞ്ഞത്. എന്‍റെ സംഗീതവും ഹ്യൂമര്‍സെന്‍സും ഇഷ്ടമുണ്ടെന്നും വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെന്നും പറഞ്ഞു. ഞാന്‍ അച്ഛനോടും അമ്മയോടും സംസാരിച്ചു.

 

കുടുംബാംഗങ്ങള്‍ തമ്മില്‍ പരസ്പരം അറിയാവുന്നതിനാല്‍ കൂടുതലൊന്നും അന്വേഷിക്കേണ്ടി വന്നിരുന്നില്ല. അദ്ദേഹം മിമിക്രി ആര്‍ട്ടിസ്റ്റാണ്. അദ്ദേഹത്തിന് സംഗീതവുമറിയാം. എനിക്ക് മിമിക്രിയും ഇഷ്ടമാണ്. രണ്ട് പേരും കലാരംഗത്ത് പ്രവര്‍ത്തിക്കുന്നതിനാല്‍ പരസ്പരം പിന്തുണ നല്‍കി ജീവിതം മുന്നോട്ട് കൊണ്ട് പോകാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായിട്ടാണ് വിജയലക്ഷ്മി വിവാഹത്തെ കുറിച്ച് പറഞ്ഞിരുന്നത്.

മുന്‍പ് നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്നും വിജയലക്ഷ്മി പിന്മാറിയിരുന്നു. വിവാഹശേഷം സംഗീതം മുന്നോട്ട് കൊണ്ട് പോകണമെന്ന വിജയലക്ഷ്മിയുടെ ആഗ്രഹങ്ങള്‍ക്ക് വിലക്കിട്ടതായിരുന്നു അതിന് കാരണം. വിവാഹനിശ്ചയത്തിന് മുന്‍പ് എന്റെ സംഗീത ജീവിതത്തിന് എല്ലാ പിന്തുണയും നല്‍കുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ അതിന് ശേഷം പെരുമാറ്റം ക്രൂരമായിരുന്നുവെന്ന് വിജയലക്ഷ്മി തുറന്ന് പറഞ്ഞിരുന്നു. ഇതോടെയാണ് ബന്ധം വേണ്ടെന്ന് വെച്ചത്.

prp

Related posts

Leave a Reply

*