വിശ്വാസത്തിലെ ചൂഷണങ്ങളെ തുറന്നുകാട്ടുന്ന ‘ട്രാന്‍സ്’, മൂവി റിവ്യൂ

ട്രാന്‍സ് -പേരില്‍ തന്നെ വ്യത്യസ്തതയുള്ള ചിത്രം. മലയാളത്തിലെ പ്രോമിംസിംഗ് ആയ സംവിധായകരിലൊരാളായ അന്‍വര്‍ റഷീദ് ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കിയഈ ചിത്രം മലയാളി സിനിമാപ്രേക്ഷകരെ ഒട്ടും നിരാശപ്പെടുത്തിയിട്ടില്ല. സാമൂഹ്യപ്രതിപത്തി ഉയത്തിപ്പിടിക്കുന്ന കഥയും അതിന്റെ ഏറ്റവും മികച്ച അവതരണരീതിയും വിസ്‌മയിപ്പിക്കുന്ന മേക്കിംഗും ചേരുമ്ബോള്‍ ​ട്രാന്‍സ് തീര്‍ത്തും ദൃശ്യവിരുന്നായി മാറുകയാണ്.

വിജു പ്രസാദും പാസ്‌റ്റര്‍ ജോഷ്വ കാള്‍ട്ടനും
കന്യാകുമാരിയില്‍ ജോലി ചെയ്യുന്ന മോട്ടിവേഷണല്‍ ട്രെയിനറാണ് വിജു പ്രസാദ്. തിങ്ങിനിറഞ്ഞ സദസിന് മുന്നില്‍ താന്‍ മോട്ടിവേഷണല്‍ സ്‌പീച്ചുകള്‍ നടത്തുന്നത് സ്വപ്നം കണ്ടു നടക്കുന്ന പാതി സൈക്കോയായ വിജുവിന്റെ ജീവിതത്തില്‍ ആത്മീയതയും അന്ധവിശ്വാസങ്ങളും കൂടിക്കലരുമ്ബോള്‍ ഉണ്ടാകുന്ന സംഭവങ്ങളാണ് ട്രാന്‍സ് സിനിമയുടെ പ്രമേയം. കുഞ്ഞുനാളില്‍ തന്നെ അച്ഛനും അമ്മയും നഷ്ടപ്പെട്ടതോടെ ഭ്രാന്തുള്ള അനുജനൊപ്പം കഷ്ടപ്പെടേണ്ടി വരുന്ന വിജുവിന്റെ ജീവിതമാണ് സിനിമയുടെ ആദ്യപകുതി. രണ്ടാംപകുതിയില്‍ വിജുവില്‍ നിന്ന് പാസ്‌റ്റര്‍ ജോഷ്വ കാള്‍ട്ടനിലേക്കുള്ള രൂപാന്തരമാണ് സിനിമ പറയുന്നത്.

റോക്കിംഗ് ഫഹദ് ഫാസില്‍
മലയാള സിനിമയിലെ തന്നെ ഏറ്റവും മികച്ച അഭിനേതാക്കളിലൊരാളായ ഫഹദ് ഫാസിലിന്റെ നടനവൈഭവമാണ് സിനിമയുടെ ഏറ്റവും വലിയ ഹൈലൈറ്റ്. പാസ്റ്റര്‍ ജോഷ്വ കാള്‍ട്ടനായുള്ള ഫഹദിന്റെ പകര്‍ന്നാട്ടം ആരെയും അത്ഭുതപ്പെടുത്തും. മാനസികാസ്വാസ്ഥ്യമുള്ള പാസ്റ്ററുടെ വേഷത്തില്‍ ഫഹദ് അരങ്ങ് തകര്‍ക്കുമ്ബോള്‍ മൈതാനങ്ങളിലും മറ്റും നമ്മള്‍ കണ്ടുപരിചയിച്ച സുവിശേഷ പ്രാസംഗികര്‍ ഒന്നുമല്ലെന്ന് തോന്നിപ്പോകും. അഭിനയമാണെങ്കില്‍ അവാര്‍ഡ് കൊടുക്കേണ്ടി വരുമെന്ന് സിനിമയില്‍ ഡോക്ടറുടെ വേഷത്തിലെത്തുന്ന കഥാപാത്രം പറയുന്നത് പ്രേക്ഷകര്‍ കൈയടികളോടെയാണ് സ്വീകരിക്കുന്നത്.

എടുത്തു പറയത്തക്ക അഭിനയം കാഴ്ചവയ്ക്കുന്ന മറ്റുള്ള താരങ്ങള്‍ തമിഴിലെ സൂപ്പര്‍ സംവിധായകന്‍ ഗൗതം മേനോന്‍,​ ചെമ്ബന്‍ വിനോദ്,​ സംവിധായകന്‍ ദിലീഷ് പോത്തന്‍ എന്നിവരാണ്. എന്നിരുന്നാലും ഒരുപടി മുന്നില്‍ നില്‍ക്കുന്നത് ദിലീഷ് പോത്തന്‍ അവതരിപ്പിക്കുന്ന അവറാച്ചന്‍ എന്ന കഥാപാത്രമാണ്. ഗില്‍ബര്‍ട്ട് ആയി ചെമ്ബന്‍ വിനോദിന്റെ കൈയടക്കവും അനുഭവിച്ച്‌ അറിയാം. സൗബിന്‍ ഷാഹിര്‍ അവതരിപ്പിച്ച ടി.വി ജേര്‍ണലിസ്റ്റായ മത്തായിയും ഫഹദിന് പൂ‌ര്‍ണ പിന്തുണ നല്‍കുന്നു. ക്ളൈമാക്സ് രംഗങ്ങളില്‍ കൈയടി നേടുന്നത് വിനായകന്‍ അവതരിപ്പിക്കുന്ന വര്‍ഗീസ് എന്ന കഥാപാത്രമാണ്. ചെറുതാണെങ്കില്‍ കൂടി പ്രേക്ഷകരുടെ മനസില്‍ വിനായകന്‍ തന്റെ സ്ഥാനം ഒന്നുകൂടി ഉറപ്പിക്കുന്നതാണ് ഈ രംഗങ്ങള്‍. ധര്‍മ്മജന്‍​ ബോള്‍ഗാട്ടി,​ ജോജു ജോര്‍ജ്,​ ബേസില്‍ ജോസഫ്,​ ശ്രിന്ദ അര്‍ഹാന്‍,​ അര്‍ജുന്‍ അശോകന്‍,​ ഉണ്ണിമായ പ്രസാദ്,​ അശ്വതി മേനോന്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നസ്രിയയുടെ തിരിച്ചുവരവ്
‘ബാംഗ്ലൂര്‍ ഡേയ്‌സ്’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ദമ്ബതികളായ ഫഹദ് ഫാസിലും നസ്രിയയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. പ്രണയം തകര്‍ന്നതിനെ തുടര്‍ന്ന് വിഷാദരോഗത്തിനും മദ്യ​ത്തിനും മയക്കുമരുന്നിനും അടിമയായ അള്‍ട്രാ മോഡോണായ എസ്തറിനെ നസ്രിയ ഗംഭീരമാക്കിയിട്ടുണ്ട്. നസ്രിയയുടെ സ്റ്റൈലിഷ് ലുക്കും ശ്രദ്ധേയം.

ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയുടെ സൗണ്ട് ഡിസൈനിംഗ് മികച്ച അനുഭവമാണ് സമ്മാനിക്കുന്നത്. അമല്‍ നീരദിന്റെ ഛായാഗ്രഹണവും സിനിമയ്ക്ക് മാറ്റ് കൂട്ടുന്നു. രാം ഗോപാല്‍ വര്‍മ്മയുടെ ‘ശിവ’യ്ക്ക് ശേഷം (2006) മറ്റൊരു സംവിധായകനുവേണ്ടി അമല്‍ നീരദ് ക്യാമറ ചലിപ്പിക്കുന്നത് ട്രാന്‍സിലാണ്. സുശീല്‍ ശ്യാമും ജാക്‌സണ്‍ വിജയനും ചേര്‍ന്ന് നല്‍കിയിരിക്കുന്ന പശ്ചാത്തല സംഗീതം സിനിമയുടെ ജീവവായുവാണ്. അന്‍വര്‍ റഷീദ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറിലാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.

വാല്‍ക്കഷണം: ഡാര്‍ക്ക് ട്രാന്‍സ്‌ഫര്‍മേഷനാണ്
റേറ്റിംഗ്: 3.5

prp

Leave a Reply

*