പാര്‍വ്വതിക്ക് പിന്തുണയുമായി തോമസ് ഐസക്ക്

തിരുവനന്തപുരം: നടി പാര്‍വ്വതി നേരിടുന്ന സൈബര്‍ ആക്രമണത്തില്‍ നടിക്ക് പിന്തുണയുമായി ധനകാര്യമന്ത്രി തോമസ് ഐസക്ക്. മമ്മൂട്ടിയുടെ കസബ സിനിമയ്ക്കെതിരെ വിമര്‍ശനം നടത്തിയതി പേരിലായിരുന്നു മമ്മൂട്ടി ആരാധകര്‍ പാര്‍വ്വതിക്കെതിരെ തിരിഞ്ഞത്. സിനിമയിലെ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെയായിരുന്നു പാര്‍വ്വതിയുടെ വിമര്‍ശനം.

തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് നടിക്ക് പിന്തുണയുമായി മന്ത്രി എത്തിയത്. ഗോവയില്‍ നടന്ന രാജ്യാന്തര ചലച്ചിത്രമേളയില്‍ മികച്ച അഭിനയത്തിനുള്ള പുരസ്കാരം നേടിയ നടിയാണ് പാര്‍വതി. മലയാള സിനിമയുടെ ഗരിമ രാജ്യാന്തരതലത്തില്‍ ഉയര്‍ത്തിപ്പിടിച്ച ഈ യുവതി ഇപ്പോള്‍ കടുത്ത സൈബര്‍ ആക്രമണം നേരിടുകയാണ് എന്ന് തുടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. ഒരു സിനിമയിലെ സ്ത്രീവിരുദ്ധതയെ സംബന്ധിച്ച അഭിപ്രായപ്രകടനത്തിന്‍റെ പേരിലാണ് അധിക്ഷേപം . സ്ത്രീകളോടുള്ള ഈ അക്രമവാസന അങ്ങേയറ്റം അപലപനീയമാണെന്ന് മന്ത്രി പറഞ്ഞു.

സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ സംഘടിക്കാനും ശബ്ദമുയര്‍ത്താനും തുടങ്ങിയത് ആരെയൊക്കെയോ അസ്വസ്ഥരാക്കുന്നുണ്ടെന്നത് വ്യക്തമാണെന്ന് തോമസ് ഐസക്ക് പറഞ്ഞു. സമീപകാലത്തു തന്നെ അഭിനേത്രിമാരായ സജിതാമഠത്തിലും റീമാ കല്ലിങ്കലും തിരക്കഥാകൃത്തായ ദീദി ദോമോദരനുമടക്കം പല സ്ത്രീകളും ഈ ആരാധകക്കൂട്ടത്തിന്‍റെ ആക്രമണത്തിനിരയായിട്ടുണ്ട്. ഇത് അങ്ങേയറ്റം പ്രതിലോമകരവും സ്ത്രീവിരുദ്ധവുമാണ്. പാര്‍വതി ഉന്നയിച്ച വിമര്‍ശനം ശരിയോ തെറ്റോ ആകട്ടെ. പക്ഷേ, അതിനെ നേരിടേണ്ടത് ഇങ്ങനെയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സ്ത്രീകള്‍ വളരെയധികം ചൂഷണം നേരിടുന്ന ഒരു മേഖലയാണ് സിനിമ. അവിടെനിന്നുയരുന്ന ധീരമായ സ്ത്രീശബ്ദങ്ങളെ ആക്രമിച്ചൊതുക്കാനുള്ള നീക്കങ്ങള്‍ സാംസ്കാരിക കേരളത്തിന് നാണക്കേടാണ്. സ്ത്രീകളുടെ  കൂട്ടായ്മകളെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയുമാണ് വേണ്ടത്, മന്ത്രി പറഞ്ഞു.

 

prp

Related posts

Leave a Reply

*