തൊടുപുഴ കൂട്ടക്കൊലപാതകത്തിന്‍റെ ചുരുളഴിയുന്നു

തൊടുപുഴ: ഇടുക്കി വണ്ണപ്പുറത്ത് മന്ത്രവാദി കൃഷ്ണന്‍ ഉള്‍പ്പെടെ നാലംഗ കുടുംബത്തെ കൊന്ന് കുഴിച്ചുമൂടിയത് ഫലിക്കാതെപോയ ആഭിചാരക്രിയയെ തുടര്‍ന്നുണ്ടായ തര്‍ക്കമാണെന്ന് സൂചന. ഇതുസംബന്ധിച്ച ചില വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. കൊലയുടെ ചുരുള്‍ അഴിയാന്‍ പോലീസ് ഇതിനോടകം തന്നെ മൂന്നു മന്ത്രവാദികളെ സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തുകഴിഞ്ഞു.

ആഭിചാര ക്രിയകള്‍ നടത്തുവാന്‍ കൃഷ്ണനെ സഹായിച്ചിരുന്ന ഒരാളെയും പോലീസ് ചോദ്യം ചെയ്തുവരികയാണ്. തമിഴ്‌നാട്ടില്‍ പോയി കൃഷ്ണന്‍ നിധി കണ്ടെത്താന്‍ ആഭിചാരക്രിയകള്‍ നടത്തിയിരുന്നതായി കൃഷ്ണന്‍റെ ഡയറിയില്‍ നിന്ന് കിട്ടിയ വിവരത്തെ തുടര്‍ന്നാണ് പോലീസിന്‍റെ നടപടി. ആഭിചാരക്രിയകള്‍ ഫലിക്കാതെ വന്നതോടെ മൂന്ന് ജ്യോത്സ്യരെ കൃഷ്ണന്‍ സമീപിച്ചിരുന്നു.

തന്‍റെയും കുടുംബത്തിന്‍റെ  ജീവന് തന്നെ അപായം ഉണ്ടാകുമെന്ന ഭയം കൃഷ്ണനെ വല്ലാതെ അലട്ടിയിരുന്നു. ഇതാണ് ജോത്സ്യരെ കാണാന്‍ അയാളെ പ്രേരിപ്പിച്ചത്. കൊല ചെയ്യുന്നതിന് മൂന്നു ദിവസങ്ങള്‍ക്കു മുമ്പാണ് കൃഷ്ണന്‍ ജോത്സ്യരെ കണ്ടത്. വളരെ അസ്വസ്ഥനായി കാണപ്പെട്ട കൃഷ്ണന്‍ തന്നെ കാണാന്‍ വരുന്നവരോട് എന്തു പറയണമെന്നറിയാത്ത ധര്‍മസങ്കടത്തിലായിരുന്നു. ഇതിന് പ്രതിവിധി കാണണമെന്നാവശ്യപ്പെട്ടാണ് ജ്യോത്സ്യരെ കാണാന്‍ ചെന്നത്.

നിധി കണ്ടെത്തുന്നതിന് ആഭിചാര ക്രിയകള്‍ ചെയ്യാന്‍ കൃഷ്ണന്‍ തമിഴ്‌നാട്ടില്‍ സ്ഥിരമായി പോയിരുന്നുവെന്ന് ഡയറിയില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. ഇതുവച്ചുള്ള അന്വേഷണമാണ് പ്രധാനമായും നടത്തുന്നത്. തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള ഔഡി കാറില്‍ എത്തിയ ആളെക്കുറിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നതെന്നാണ് അറിയുന്നത്.

തൊടുപുഴ ഡിവൈ.എസ്.പി കെ.പി.ജോസിന്‍റെ നേതൃത്വത്തിലുള്ള സംഘം വെള്ളിയാഴ്ച രാത്രി തമിഴ്‌നാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്. രണ്ട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരും ഒരു എസ്.ഐയും രണ്ട് പോലീസുകാരും ഡിവൈ.എസ്.പിയുടെ സംഘത്തിലുണ്ട്. ആറു സംഘങ്ങളാണ് ഇപ്പോള്‍ കേസ് അന്വേഷിച്ചുവരുന്നത്.

ആന്ധ്രാപ്രദേശിലേക്കും കര്‍ണാടകയിലേക്കും കേസ് വ്യാപിപ്പിക്കേണ്ടി വരുമെന്ന സൂചനയും പോലീസ് നല്കി. നെടുങ്കണ്ടം സ്വദേശിയായ ഒരാളാണ് നിധി കണ്ടെത്തുന്നതിന് പൂജ ചെയ്യണമെന്നാവശ്യപ്പെട്ട് കൃഷ്ണനെ സമീപിച്ചതെന്നാണ് അറിയുന്നത്. ഇയാള്‍ പോലീസ് കസ്റ്റഡിയിലുണ്ട്. 40 വയസുള്ള താടിവച്ച ഒരാള്‍ സ്ഥിരമായി കൃഷ്ണന്‍റെ വീട്ടില്‍ എത്തിയിരുന്നതായി നാട്ടുകാര്‍ പോലീസിനോട് പറഞ്ഞിരുന്നു.

അതിനിടെ മന്ത്രവാദത്തിന്‍റെ’ മറവില്‍ കൃഷ്ണന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ വസ്തു ഇടപാടുകളും പോലീസ് പരിശോധിച്ചുവരികയാണ്. കവര്‍ച്ചയല്ല കൂട്ടക്കൊലപാതകത്തിന് കാരണമെന്ന് പോലീസ് തറപ്പിച്ചു പറയുന്നു. ഇപ്പോള്‍ ഏതാനും ചിലരെ കേന്ദ്രീകരിച്ചാണ് അന്വേഷണം മുറുകുന്നത്. കൃഷ്ണന്‍റെ മൊബൈലിലേക്ക് വന്ന ആറ് നമ്ബറുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. നൂറിലധികം പേരെ ഇതിനോടകം തന്നെ പോലീസ് ചോദ്യം ചെയ്തുകഴിഞ്ഞു. ആരെയൊക്കെയോ ഭയന്ന് കൃഷ്ണന്‍ വീടിന്‍റെ ഓരോ മുറിയിലും മാരകായുധങ്ങള്‍ കരുതിവച്ചിരുന്നു. ഈ ആയുധങ്ങള്‍ കൊണ്ടുതന്നെയാണ് കൊലയാളികള്‍ നാലുപേരെയും കൊന്നതെന്നാണ് പോലീസിന്റെ നിഗമനം.

മന്ത്രവാദ ക്രിയകള്‍ക്കായി ഉപയോഗിച്ചതെന്ന് കരുതുന്ന പുലിനഖം, മാന്‍കൊമ്പിന്‍റെ പിടിയുള്ള കഠാര, വെള്ളി പൂശിയ ദണ്ഡുകള്‍ എന്നിവയും വീട്ടില്‍നിന്നും കണ്ടെടുത്തിട്ടുണ്ട്. ഇത് നിര്‍മ്മിച്ചു നല്കിയ കൊല്ലന്‍ പോലീസ് കസ്റ്റഡിയിലാണ്. അഞ്ചു പേരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയതെന്ന നിഗമനത്തിലാണ് പോലീസ് . ഇവര്‍ ക്വട്ടേഷന്‍ സംഘമാവാന്‍ സാധ്യതയുണ്ടെന്നും പോലീസ് കണക്കുകൂട്ടുന്നു. ഏതായാലും ഏതാനും ദിവസങ്ങള്‍ക്കകം തന്നെ കൊലയുടെ ചുരുള്‍ അഴിയുമെന്ന വിശ്വാസത്തിലാണ് പോലീസ്.

prp

Related posts

Leave a Reply

*