തൊടുപുഴയില്‍ മര്‍ദ്ദനമേറ്റ കുട്ടിക്ക് മസ്തിഷ്ക മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍

തൊടുപുഴ: തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നിലയില്‍ ആശുപത്രിയിലെത്തിച്ച കുട്ടിക്ക് മസ്തിഷ്ക മരണം സംഭവിച്ചുവെന്ന് ഡോക്ടര്‍മാര്‍. കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ന്യൂറോ ഐസിയുവില്‍ കഴിയുന്ന കുട്ടിയുടെ ജീവന്‍ നിലനിര്‍ത്തുന്നത് വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് എന്നും അതേ സമയം ഡോക്ടര്‍മാര്‍ കുട്ടി ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷ പുലര്‍ത്തണ്ട എന്നും വ്യക്തമാക്കി .

തൊടുപുഴ കുമാരമംഗലത്തിന് സമീപമാണ് ഇവര്‍ താമസിക്കുന്നത്. ഒരാഴ്ച മുമ്പാണ് മാതാവും രണ്ടാനച്ഛനും ചേര്‍ന്ന് കുട്ടിയെ തലയ്ക്ക് സാരമായി പരിക്കേറ്റ നിലയില്‍ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. സോഫയില്‍ നിന്ന് വീണ് തലയ്ക്ക് പരിക്കേറ്റെന്നായിരുന്നു മാതാവും യുവാവും ആശുപത്രി അധികൃതരോട് പറഞ്ഞത്.

ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ കുട്ടിയുടെ തലയ്ക്ക് മാത്രമല്ല, ശരീരത്തിന്‍റെ മറ്റ് സ്ഥലങ്ങളിലും പരിക്കേറ്റതായി മനസിലായി. തുടര്‍ന്ന് കുട്ടിയുടെ നില അതീവ ഗുരുതരമായതിനാല്‍ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെ വെന്‍റിലേറ്ററില്‍ പ്രവേശിപ്പിച്ചു. കുട്ടി ക്രൂരമായ മര്‍ദ്ദനത്തിനിരയായിട്ടുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പൊലീസിനെയും ശിശു ക്ഷേമ സമിതിയെയും വിവരമറിയിച്ചു. തുടര്‍ന്ന് ഇടുക്കി ശിശു ക്ഷേമ സമിതി സംഭവം വിശദമായി അന്വേഷിച്ചു. ഇളയ മകനെ അയല്‍പക്കത്തെ വീട്ടിലാക്കിയിട്ടാണ് മാതാവും സുഹൃത്തും ആശുപത്രിയില്‍ പോയത്.

നാലു വയസുകാരനായ ഈ കുട്ടിയുടെ ശരീരത്തും മര്‍ദ്ദനത്തിന്‍റെ പാടുകള്‍ കണ്ടതിനെ തുടര്‍ന്ന് തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. ഇളയ കുട്ടിയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചപ്പോള്‍ ജ്യേഷ്ഠന് മര്‍ദ്ദനമേറ്റെന്ന് പറഞ്ഞതായി ശിശുക്ഷേമ സമിതി ചെയര്‍മാന്‍ പ്രൊഫ. ജോസഫ് അഗസ്റ്റിന്‍ പറഞ്ഞു. തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവിനെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരവും വധശ്രമത്തിനും കേസെടുക്കാന്‍ ശിശുക്ഷേമ സമിതി പൊലീസിന് നിര്‍ദ്ദേശം നല്‍കി.

prp

Related posts

Leave a Reply

*