ഓട്ടോറിക്ഷയില്‍ വൈഫൈ സംവിധാനം ഒരുക്കാന്‍ ഒല വരുന്നു

കൊച്ചി: ഓട്ടോറിക്ഷകള്‍ക്ക് ആധുനിക സൗകര്യങ്ങളൊരുക്കി ഓണ്‍ലൈന്‍ യാത്രാ സംരംഭമായ ഒല. ഓട്ടോ കണക്റ്റ് വൈഫൈ എന്ന പേരിലാണ് ഒല ഓട്ടോയെ ആധുനികവല്‍ക്കരിക്കാന്‍ ഒരുങ്ങുന്നത്. ഇതോടെ ഇന്‍റര്‍നെറ്റ് ഉപയോഗിച്ചുള്ള എല്ലാ സേവനങ്ങളും ഓട്ടോയ്ക്കകത്ത് ലഭ്യമാകും. ഓട്ടോറിക്ഷകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഓട്ടോ കണക്റ്റ് വൈഫൈയിലൂടെ പുതിയ അനുഭവം നല്‍കുകയാണ് ചെയ്യുന്നതെന്ന് ഒല ഓട്ടോ കാറ്റഗറി  മേധാവി സിദ്ദാര്‍ത്ഥ് അഗര്‍വാള്‍ പറഞ്ഞു. ഓട്ടോറിക്ഷകളില്‍ വൈഫൈ സംവിധാനം ഏര്‍പ്പെടുത്തുന്നത് കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.    

യാത്രക്കാര്‍ക്ക് പ്രിയമായി ‘ഒല’യുടെ ഓട്ടോ സര്‍വീസ്

ബെംഗളൂരു: ബെംഗളൂരുവില്‍ പ്രമുഖ ഓണ്‍ലൈന്‍ ടാക്സി  കമ്പനിയായ  ‘ഒല’യുടെ   ഓട്ടോറിക്ഷാ സര്‍വീസിന് യാത്രക്കാരുടെ ഇടയില്‍ മികച്ച പ്രതികരണം. സാധാരണ ഓട്ടോസര്‍വീസിനെ അപേക്ഷിച്ച്‌  ഒലയുടെ സര്‍വ്വീസ് ലാഭകരമാണെന്നതാണ് യാത്രക്കാരെ ഓണ്‍ലൈന്‍ ഓട്ടോയിലേക്ക് ആകര്‍ഷിക്കുന്നത്. നാലു കിലോമീറ്ററില്‍ താഴെയുള്ള യാത്രകള്‍ക്ക് ഓണ്‍ലൈന്‍ ഓട്ടോ വന്‍ലാഭമാണെന്ന് യാത്രക്കാര്‍ പറയുന്നു. ബെംഗളൂരുവിലുള്ള ചെറിയൊരു ശതമാനം ഓട്ടോകള്‍ മാത്രമാണ് ‘ഒല’ യില്‍ രജിസ്റ്റര്‍ ചെയ്തിട്ടള്ളതെങ്കിലും പ്രവര്‍ത്തനം വിപുലീകരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. സാധാരണ ഓട്ടോ സര്‍വീസിനേക്കാള്‍ ഓണ്‍ലൈന്‍ ഓട്ടോ സര്‍വ്വീസ് ലാഭകരമാണെന്ന് ഡ്രൈവര്‍മാരും പ്രതികരിക്കുന്നു.