ഭാര്യയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ നവാസ് ഷെരീഫിന് പരോള്‍

ലാഹോര്‍: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന് ഭാര്യ കുല്‍സൂമിന്‍റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ പാക് സര്‍ക്കാര്‍ പരോള്‍ അനുവദിച്ചു. 12 മണിക്കൂര്‍ പരോളാണ് റാവല്‍പിണ്ടി ജയിലില്‍ ശിക്ഷ അനുഭവിക്കുന്ന ഷെരീഫിനും മകള്‍ മറിയത്തിനും അനുവദിച്ചിട്ടുള്ളത്. ചെവ്വാഴ്ചയാണ് ലണ്ടനിലെ ആശുപത്രിയില്‍ കുല്‍സൂം അന്തരിച്ചത്. അര്‍ബുധ ബാധയെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. അറുപത്തിയെട്ട് വയസായിരുന്നു. കുല്‍സൂമിന്‍റെ മൃതദേഹം ഏറ്റുവാങ്ങുന്നതിനായി ഷെരീഫും കുടുംബാംഗങ്ങളും ലാഹോറിലേക്ക് തിരിച്ചിട്ടുണ്ട്. ലാഹോറിലെ ഷെരീഫിന്‍റെ വസതിയില്‍ വച്ചാണ് അന്ത്യ കര്‍മ്മങ്ങള്‍ നടക്കുക.

നവാസ് ഷെരീഫിന്‍റെ ഭാര്യ ബീഗം കുല്‍സും നവാസ് അന്തരിച്ചു

ലണ്ടന്‍: പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്‍റെ ഭാര്യ ബീഗം കുല്‍സും നവാസ് (68) അന്തരിച്ചു. അര്‍ബുദബാധയെ തുടര്‍ന്ന് ലണ്ടനില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. 2017 ജൂണ്‍ മുതല്‍ ലണ്ടനിലെ ഹാര്‍ലി സ്ട്രീറ്റ് ക്ലിനിക്കില്‍ കുല്‍സും ചികിത്സയിലായിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്ന് ഇവരെ വെന്‍റിലേറ്ററിലേക്ക് മാറ്റിയിരുന്നു. തൊണ്ടയില്‍ അര്‍ബുദമുണ്ടെന്നു കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ കണ്ടെത്തിയിരുന്നു. ഷരീഫും മകള്‍ മറിയവും റാവല്‍പിണ്ടിയിലെ ജയിലില്‍ കഴിയുകയാണ്.