സപ്ലൈകോ ഉല്‍പ്പന്നങ്ങള്‍ നാളെമുതല്‍ വീട്ടിലെത്തും

കൊച്ചി
സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകള്‍വഴിയുള്ള ഓണ്‍ലൈന്‍ വില്‍പ്പനയ്ക്കും ഹോം ഡെലിവറിക്കും ശനിയാഴ്ച തുടക്കമാകും.

ഓണ്‍ലൈന്‍ വില്‍പ്പനയുടെ സംസ്ഥാന ഉദ്ഘാടനം ശനി പകല്‍ 12ന് തൃശൂര്‍ അയ്യന്തോള്‍ സിവില്‍ സ്റ്റേഷനുസമീപമുള്ള പ്ലാനിങ് ഹാളില്‍ റവന്യുമന്ത്രി കെ രാജന്‍ നിര്‍വഹിക്കും. ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ അധ്യക്ഷനാകും. മേയര്‍ എം കെ വര്‍ഗീസ് ആദ്യ ഓര്‍ഡര്‍ സ്വീകരിക്കും.

തൃശൂരിലെ മൂന്ന് വില്‍പ്പനശാലകളിലാണ് ആദ്യഘട്ടം ഹോം ഡെലിവറി ആരംഭിക്കുക. രണ്ടാംഘട്ടം ജനുവരി ഒന്നിന് എല്ലാ കോര്‍പറേഷനുകളിലും മൂന്നാംഘട്ടം ഫെബ്രുവരി ഒന്നിന് എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും നാലാംഘട്ടം മാര്‍ച്ച്‌ 31ന് എല്ലാ സൂപ്പര്‍ മാര്‍ക്കറ്റുകളിലും ആരംഭിക്കും. ഉല്‍പ്പന്നങ്ങള്‍ സപ്ലൈകേരള എന്ന മൊബൈല്‍ ആപ്പിലൂടെ ഓര്‍ഡര്‍ ചെയ്യാം. ശനിമുതല്‍ ആപ് പ്ലേസ്റ്റോറില്‍ ലഭ്യമാകും. ആദ്യ മൂന്നുഘട്ടങ്ങളില്‍ സബ്സിഡി ഉല്‍പ്പന്നങ്ങള്‍ ഒഴികെയുള്ള നിത്യോപയോഗസാധനങ്ങള്‍ ഓര്‍ഡര്‍ സ്വീകരിച്ച്‌ 24 മണിക്കൂറിനകം എത്തിക്കും. മില്‍മ, ഹോര്‍ട്ടികോര്‍പ്, കെപ്കോ, മത്സ്യഫെഡ് എന്നിവയുടെ ഉല്‍പ്പന്നങ്ങളും സപ്ലൈകോ ഓണ്‍ലൈനിലൂടെ വിതരണം ചെയ്യാന്‍ പദ്ധതിയുണ്ട്.

ഓണ്‍ലൈന്‍ വിപണനത്തിന് ആനുകൂല്യം
ഈ സാമ്ബത്തികവര്‍ഷം അവസാനംവരെ ഓണ്‍ലൈനിലൂടെ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് ബില്ലില്‍ അഞ്ചുശതമാനം ഇളവ് നല്‍കും. 1000 രൂപയ്ക്കുമുകളിലുള്ള ബില്ലിന് അഞ്ചുശതമാനം കിഴിവും ഒരുകിലോ ചക്കി ഫ്രഷ് ഹോള്‍വീറ്റ് ആട്ടയും നല്‍കും. 2000 രൂപയ്ക്കുമുകളിലുള്ള ബില്ലിന് അഞ്ചുശതമാനം കിഴിവിനൊപ്പം 250 ഗ്രാം ജാര്‍ ശബരി ഗോള്‍ഡ് തേയില, 5000 രൂപയ്ക്കുമുകളിലെ ബില്ലിന് അഞ്ചുശതമാനം കിഴിവിനൊപ്പം ശബരി വെളിച്ചെണ്ണയുടെ ഒരുലിറ്റര്‍ പൗച്ച്‌ എന്നിവ നല്‍കും. സൂപ്പര്‍ മാര്‍ക്കറ്റുകളുടെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ ഹോം ഡെലിവറിയും ഉണ്ടാകും. നാലു കിലോമീറ്റര്‍ പരിധിയില്‍ അഞ്ചുകിലോ ഓര്‍ഡര്‍ വിതരണം ചെയ്യുന്നതിന് 35 രൂപയും ജിഎസ്ടിയുമാണ് ഈടാക്കുക. അധികം ദൂരത്തിനും ഭാരത്തിനും അനുസരിച്ച്‌ വിതരണനിരക്ക് കൂടും.

prp

Leave a Reply

*