മുല്ലപ്പെരിയാര്‍ മരംമുറി; ബെന്നിച്ചന്‍ പി തോമസിന്റെ സസ്പെന്‍ഷന്‍ പിന്‍വലിച്ചു

മുല്ലപ്പെരിയാര്‍ ബേബി ഡാമിന് സമീപത്തെ 15 മരങ്ങള്‍ മുറിക്കാന്‍ അനുമതി നല്‍കിയ വിവാദ ഉത്തരവിട്ട ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസിന്റെ സസ്പെന്‍ഷന്‍ പിന്‍വലിച്ചു.

റിവ്യൂ കമ്മിറ്റിയുടെ ശുപാര്‍ശയെ തുടര്‍ന്നാണ് ചീഫ് സെക്രട്ടറി സസ്പെന്‍ഷന്‍ പിന്‍വലിച്ച്‌ ഉത്തരവിട്ടത്. മരംമുറി ഉത്തരവ് റദ്ദ് ചെയ്ത സാഹചര്യത്തില്‍ സസ്പെന്‍ഷന്‍ തുടരേണ്ടതില്ലെന്നാണ് റിവ്യൂ കമ്മിറ്റിയുടെ ശുപാര്‍ശ.

നവംബര്‍ പത്തിനാണ് ബന്നിച്ചന്‍ തോമസിനെ സസ്പെന്‍ഡ് ചെയ്യാനും മരംമുറി ഉത്തരവ് റദ്ദാക്കാനും മന്ത്രിസഭ തീരുമാനിച്ചത്. തുടര്‍ന്ന് ഉത്തരവില്‍ ചീഫ് സെക്രട്ടറിയെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയിരുന്നു. ചീഫ് സെക്രട്ടറി ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് കെെമാറിയിരുന്നു. ഈ റിപ്പോര്‍ട്ടില്‍ അന്വേഷണം തുടരവെയാണ് ഉദ്യോഗസ്ഥന്റെ സസ്പെന്‍ഷന്‍ റദ്ദാക്കിയത്. മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും തീരുമാനമെടുക്കാനുള്ള അധികാരം ഇനി വനം മേധാവിക്കായിരിക്കുമെന്നും റദ്ദാക്കല്‍ ഉത്തരവില്‍ വ്യക്തമാക്കുന്നു.

ബേബി ഡാം ബലപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട നടപടികളുടെ ഭാഗമായി 15 മരങ്ങള്‍ മുറിക്കാന്‍ തമിഴ്നാടിന് അനുമതി നല്‍കുന്നതായിരുന്നു മുല്ലപ്പെരിയാര്‍ മരംമുറി ഉത്തരവ്. അനുമതിയില്‍ നന്ദിയറിച്ച്‌ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പ്രസ്താവന ഇറക്കിയതോടെയായിരുന്നു ഉത്തരവ് സംബന്ധിച്ച വിവരം പുറത്തായത്. നടപടി വിവാദമായതോടെ ഉത്തരവ് റദ്ദാക്കുകയും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസിനെ സംസ്ഥാന സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു.

അതേസമയം സിവില്‍ സര്‍വീസ് സംഘടനകളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് സസ്പെന്‍ഷന്‍ നടപടി പിന്‍വലിച്ചത് എന്നും ആരോപണമുണ്ട്. ബെന്നിച്ചന് എതിരെയുള്ള നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഐഎഫ്‌എസ്, ഐഎഎസ് ഉദ്യോഗസ്ഥന്മാര്‍ രംഗത്തെത്തിയിരുന്നു. മരംമുറി ഉത്തരവില്‍ ബെന്നിച്ചനെ ബലിയാടാക്കി എന്നായിരുന്നു ആരോപണം.

prp

Leave a Reply

*