തിരിച്ചുവരവിനൊരുങ്ങി സംവിധായകന്‍ ടി.എസ്. സുരേഷ്; ചിത്രങ്ങള്‍ പ്രഖ്യാപിച്ച്‌ മമ്മൂട്ടി

മലയാള സിനിമയില്‍ നിരവധി സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകന്‍ ടി.എസ്. സുരേഷ് ബാബു വീണ്ടും സജീവമാകുന്നു.രണ്ടു ചിത്രങ്ങളുടെ അനൗണ്‍സ്മെന്‍റോടെയാണ് സംവിധായകന്‍ തന്‍റെ തിരിച്ചു വരവ് അറിയിച്ചിരിക്കുന്നത്.

ഒരു കാലത്ത് മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, ബാബു ആന്‍റണി തുടങ്ങിയവരെ നായകന്‍മാരാക്കി മികച്ച സിനിമകള്‍ ഒരുക്കിയിരുന്ന ടി.എസ്. സുരേഷ് ബാബു കുറച്ചുനാളായി സംവിധാന മേഖലയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു.

പുതിയ ചിത്രങ്ങളുടെ ടൈറ്റില്‍ ലോഞ്ച് മമ്മൂട്ടിയാണ് നിര്‍വഹിച്ചത്. ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറിലാണ് ചിത്രങ്ങള്‍ നിര്‍മിക്കുന്നത്. ഡിഎന്‍എ, ഐപിഎസ് എന്നാണ് രണ്ടു ചിത്രങ്ങളുടെ പേര്.

ഡിഎന്‍എ ആണ് ആദ്യം സംവിധാനം ചെയ്യാനൊരുങ്ങുന്ന ചിത്രം. കൊച്ചിയും ചെന്നൈയും പ്രധാന ലൊക്കേഷനാകുന്ന ഡിഎന്‍എയുടെ ചിത്രീകരണം ജനുവരി 26 ന് ആരംഭിക്കും.

ഈഫ് റിവഞ്ച് ഈസ് ആന്‍ ആര്‍ട്, യുവര്‍ കില്ലര്‍ ഈസ് ആന്‍ ആര്‍ട്ടിസ്റ്റ് എന്ന ടാഗ് ലൈനോടെയാണ് ചിത്രത്തെ അവതരിപ്പിക്കുന്നത്. പൂര്‍ണമായും ഫൊറന്‍സിക് ബയോളജിക്കല്‍ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തില്‍ യുവതാരം അഷ്കര്‍ സൗദാന്‍ നായകനായി അഭിനയിക്കുന്നു.

അജു വര്‍ഗീസ്, ജോണി ആന്‍റണി, ഇന്ദ്രന്‍സ്, നമിതാ പ്രമോദ്, ഹണി റോസ്, ഗൗരി നന്ദ, സെന്തില്‍ രാജ്, പന്മരാജ് രതീഷ്, സുധീര്‍, ഇടവേള ബാബു, അമീര്‍ നിയാസ്, പൊന്‍ വണ്ണല്‍, ലഷ്മി മേനോന്‍, അംബിക എന്നിവരും ചിത്രത്തിലുണ്ട്. നടന്‍ ബാബു ആന്‍റണിയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

എ.കെ.സന്തോഷിന്‍റേതാണ് ചിത്രത്തിന്‍റെ തിരക്കഥ. ഛായാഗ്രഹണം രവിചന്ദ്രനും എഡിറ്റിംഗ് ഡോണ്‍ മാക്സും നിര്‍വഹിക്കുന്നു.

1984 ല്‍ മമ്മൂട്ടി, മോഹന്‍ലാല്‍, ശങ്കര്‍ എന്നിവരെ നായകന്മാരാക്കി ഇതാ ഇന്നു മുതല്‍ എന്ന ചിത്രത്തിലൂടെയാണ് ടി.എസ്.സുരേഷ് ബാബു സംവിധായകനായി മലയാളത്തില്‍ തുടക്കം കുറിക്കുന്നത്. കോട്ടയം കുഞ്ഞച്ചന്‍ എന്ന ചിത്രമാണ് സംവിധായക നിരയിലേക്ക് സുരേഷിനെ ശ്രദ്ധേയനാക്കിയ സിനിമ.

പിന്നീട് മമ്മൂട്ടിക്കൊപ്പം ശംഖുനാദം, കിഴക്കന്‍ പത്രോസ്, സ്റ്റാലിന്‍ ശിവദാസ്, ജയറാമിനെ നായകനാക്കി കൂടിക്കാഴ്ച, കസ്റ്റംസ് ഡയറി, സുരേഷ് ഗോപിക്കൊപ്പം മാര്‍ക് ആന്‍റണി, കന്യകുമാരി എക്സ്പ്രസ്, മുരളിയുടെ സൂപ്പര്‍ ഹിറ്റ് ചിത്രം പ്രായിക്കര പാപ്പാന്‍, ഇന്ത്യന്‍ മിലിറ്ററി ഇന്‍റലിജെന്‍സ്, ഉപ്പംകണ്ടം ബ്രദേഴ്സ്, പാളയം തുടങ്ങിയ 18 സിനിമകളാണ് ടി.എസ്. സുരേഷ് ബാബു സംവിധാനം ചെയ്തിട്ടുള്ളത്.

prp

Leave a Reply

*