ശക്തമായ കാറ്റില്‍ ആഴക്കടലില്‍ അകപ്പെട്ടു: 24 മത്സ്യതൊഴിലാളികളെ സാഹസികമായി രക്ഷപ്പെടുത്തി കോസ്റ്റ് ഗാര്‍ഡ്

ബെം​ഗളൂരൂ: ആഴക്കടലില്‍ അകപ്പെട്ട മത്സ്യതൊഴിലാളികളെ ഇന്ത്യന്‍ തീരസംരക്ഷണ സേന സാഹസികമായി രക്ഷപ്പെടുത്തി. ശക്തമായ കാറ്റ് കാരണം തീരത്തേക്ക് അടുക്കാന്‍ പറ്റാതെ കടലില്‍ അകപ്പെട്ടുപോകുകയായിരുന്നു. കരയില്‍ നിന്ന് 15 നോട്ടിക്കല്‍ മൈല്‍ അകലെ കടലില്‍ കുടുങ്ങിയ 24 മത്സ്യത്തൊഴിലാളികളെയാണ് ഇന്ത്യന്‍ തീര സംരക്ഷണ സേനയുടെ കപ്പല്‍ വിജയകരമായി രക്ഷപ്പെടുത്തി കരയിലെത്തിച്ചത്.

മത്സ്യബന്ധന ബോട്ടായ ‘ഐ.എഫ്.ബി കമ്രുല്‍ ബഹറില്‍’ ആണ് ഇവര്‍ മത്സ്യബന്ധനത്തിന് പോയത്. കര്‍ണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ ഭട്കല്‍ തുറമുഖത്താണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

എഞ്ചിന്‍ തകരാറുമൂലം മത്സ്യബന്ധന ബോട്ടിന് ദിശ നഷ്ടപ്പെടുകയായിരുന്നുവെന്ന് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ പ്രസ്താവനയില്‍ പറയുന്നു. കടലിലെ മോശം കാലാവസ്ഥ കണക്കിലെടുത്ത് കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷിക്കണമെന്ന് ബോട്ടിന്റെ ഉടമ കാര്‍വാറിലെ ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറോട് അഭ്യര്‍ത്ഥിച്ചു.

ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ അഭ്യര്‍ത്ഥനയുടെ അടിസ്ഥാനത്തില്‍ ആണ് തീരസംരക്ഷണ സേന ഗാര്‍ഡ് ഷിപ്പ് രക്ഷാ പ്രവര്‍ത്തനം ഏറ്റെടുത്തത്. തീരസംരക്ഷണ സേനയുടെ ഐസിജിഎസ് കസ്തൂര്‍ബ ഗാന്ധി ഷിപ്പ് രക്ഷാപ്രവര്‍ത്തനത്തിനായി പുറപ്പെടുകയും ചെയ്തു.

തീരസംരക്ഷണ സേനയ്ക്ക് വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ മത്സ്യത്തൊഴിലാളികളുമായി ആശയവിനിമയം നടത്താന്‍ സാധിച്ചു. രക്ഷാപ്രവര്‍ത്തനത്തെത്തുടര്‍ന്ന് എല്ലാ മത്സ്യത്തൊഴിലാളികളെയും തീരസംരക്ഷണ സേനയുടെ കപ്പലിലേക്ക് മാറ്റി.

prp

Leave a Reply

*