‘സര്‍ക്കാരിനെ ഭയന്ന് മൗനത്തിലിരിക്കേണ്ട സമയമല്ലിത്’; ബിബിസി ഡോക്യുമെന്ററിയെ വിമര്‍ശിച്ച അനില്‍ ആന്റണിയെ തള്ളി ഷാഫി പറമ്ബില്‍

പ്രധാനമന്ത്രിക്കെതിരായ ബിബിസി ഡോക്യുമെന്ററിയില്‍ കോണ്‍ഗ്രസ് നിലപാടിനെ തള്ളിയ കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനര്‍ അനില്‍ ആന്റണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഷാഫി പറമ്ബില്‍.

അനില്‍ ആന്റണിയുടെ നിലപാടിനെ പൂര്‍ണമായും തള്ളുകയായിരുന്നു ഷാഫി പറമ്ബില്‍. യൂത്ത് കോണ്‍ഗ്രസ് നിലപാട് പറയേണ്ടത് സംസ്ഥാന പ്രസി‍ഡന്റാണ്. ബിബിസി ഡോക്യുമെന്‍ററി സംബന്ധിച്ച്‌ യൂത്ത് കോണ്‍ഗ്രസിന്റെ അഭിപ്രായം വ്യക്തമാണ്. ഇതില്‍ ഒരു അഭിപ്രായഭിന്നതയുമില്ല. ഇത് സര്‍ക്കാരിനെ ഭയന്ന് മൗനത്തിലിരിക്കേണ്ട സമയമല്ലെന്നും ഷാഫി പറമ്ബില്‍ പറഞ്ഞു. ( BBC documentary Shafi Parambil criticized Anil Antony ).

ഇക്കാര്യത്തില്‍ അനില്‍ ആന്റണിക്കെതിരെ നടപടി വേണമെന്ന് യൂത്ത് കോണ്‍ഗ്രസ് റിജില്‍ മാക്കുറ്റി പ്രതികരിച്ചു. അനില്‍ ആന്‍്റണിയുടേത് പാര്‍ട്ടി നിലപാടല്ല. പാര്‍ട്ടി നിലപാട് എന്താണെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിട്ടുണ്ട്. എന്തുകൊണ്ട് ഇത്തരമൊരു നിലപാട് സ്വീകരിച്ചുവെന്ന് അനില്‍ വ്യക്തമാക്കണമെന്നും റിജില്‍ മാക്കുറ്റി ആവശ്യപ്പെട്ടു.

ബിബിസിയുടെ വിവാദ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നത് രാജ്യത്തിന്റെ പരമാധികാരത്തെ ബാധിക്കുമെന്നാണ് കോണ്‍ഗ്രസ് മീഡിയ സെല്‍ മേധാവി അനില്‍ കെ ആന്റണി ട്വീറ്റ് ചെയ്തത്. ‘ബിജെപിയോടുള്ള അഭിപ്രായവ്യത്യാസങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് തന്നെ പറയുന്നു, ഇന്ത്യയെ മുന്‍വിധിയോടെ മാത്രം കാണുന്നതും, ഇറാഖ് യുദ്ധത്തിന് പിന്നിലെ ബുദ്ധി കേന്ദ്രമായ ജാക്ക് സ്‌ട്രോയുടെ പരാമര്‍ശവും ഉള്‍പ്പെടുത്തിയ സ്റ്റേറ്റ് സ്‌പോണ്‍സേര്‍ഡ് ചാനലായ ബിബിസിയുടെ ഡോക്യുമെന്ററി ഇന്ത്യയുടെ പരമാധികാരത്തെ അട്ടിമറിക്കും’- ഇത്തരത്തിലായിരുന്നു അനില്‍ കെ ആന്റണിയുടെ ട്വീറ്റ്.

വിവാദ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്ന് യുഡിഎഫ് ശക്തമായ നിലപാടെടുത്ത പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയുടെ മകനും കോണ്‍ഗ്രസ് മീഡിയ സെല്‍ മേധാവിയുമായ അനില്‍ കെ ആന്റണിയുടെ പരാമര്‍ശം. ട്വീറ്റിനെതിരെ നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. അനില്‍ കെ ആന്റണിയുടെ മോദി അനുകൂല ട്വീറ്റ് കോണ്‍ഗ്രസ് നേതാക്കളെയാകെ ഞെട്ടിച്ചിട്ടുണ്ട്. ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാനുള്ള യൂത്ത് കോണ്‍ഗ്രസ് തീരുമാനത്തിന് പിന്തുണ നല്‍കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസനും വ്യക്തമാക്കി. ‘India: The Modi Question’ കോളേജ് കാമ്ബുസുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ കെഎസ്‌യു നേതൃത്വം കൊടുക്കുമെന്ന് കെഎസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും പറഞ്ഞിരുന്നു.

prp

Leave a Reply

*