ശബരിപാത; ആശങ്ക ഒഴിയാതെ ഭൂവുടമകള്‍

കൊച്ചി: അങ്കമാലി-ശബരി റെയില്‍പാതക്ക് പുതുജീവന്‍ വെക്കുമ്ബോഴും ഭൂവുടമകളുടെ ആശങ്കകള്‍ ഒഴിയുന്നില്ല. കേന്ദ്ര ബജറ്റില്‍ 100 കോടി വകയിരുത്തിയതോടെയാണ് പതിറ്റാണ്ടുകളായി മരവിച്ചുകിടന്ന പദ്ധതിക്ക് പുതുജീവന്‍ വെച്ചത്.

അങ്കമാലിയില്‍നിന്ന് ആരംഭിച്ച്‌ എരുമേലിയില്‍ അവസാനിക്കുന്ന പദ്ധതിക്ക് കാല്‍നൂറ്റാണ്ട് മുമ്ബാണ് കേന്ദ്രം പച്ചക്കൊടി കാട്ടിയത്. എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലായി 116 കിലോമീറ്ററുള്ള പാതക്കായി 1997-98 ബജറ്റില്‍ 550 കോടിയാണ് കേന്ദ്രം കണക്കാക്കിയത്.

പ്രാരംഭ ഘട്ടത്തില്‍ നടപടികള്‍ വേഗത്തില്‍ നടന്നെങ്കിലും പിന്നീട് കേട്ടുകേള്‍വി പോലുമില്ലാത്ത രീതിയില്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഇഴയുകയായിരുന്നു. 264 കോടി ചെലവിട്ട് ഏഴ് കിലോമീറ്റര്‍ റെയില്‍പാതയും കാലടി റെയില്‍വേ സ്റ്റേഷനും ഒരു കിലോമീറ്ററുള്ള പെരിയാര്‍ പാലവും നിര്‍മിച്ചതാണ് കാല്‍ നൂറ്റാണ്ടിനിടെ നടന്ന പ്രധാന പ്രവൃത്തികള്‍.

എന്നാല്‍, പ്രവര്‍ത്തനം നിലച്ചതോടെ ദുരിതത്തിലായത് നിര്‍ദിഷ്ട റെയില്‍പാത കടന്നുപോകുന്ന എറണാകുളം, കോട്ടയം ജില്ലകളിലെ ഭൂവുടമകളാണ്.

ഭൂമി അളന്നുതിരിച്ച്‌ കല്ലിട്ടതോടെ ഇത് വില്‍ക്കാനോ പണയപ്പെടുത്താനോ നിര്‍മാണ പ്രവര്‍ത്തനം നടത്താനോ കഴിയാതെ പതിറ്റാണ്ടുകളായി ഇവര്‍ ദുരിതത്തിലാണ്. രണ്ട് പതിറ്റാണ്ട് മുമ്ബ് കല്ലിട്ട 70 കിലോമീറ്റര്‍ ഭാഗത്തെ ഭൂവുടമകളാണ് തീരാത്ത ദുരിതക്കയത്തിലുള്ളത്.

രണ്ടായിരത്തോളം ഭൂവുടമകളെ നേരിട്ട് ബാധിക്കുന്ന പദ്ധതിയില്‍ 800 കെട്ടിടങ്ങളാണ് ഏറ്റെടുക്കേണ്ടതെന്നാണ് കണക്ക്.

കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ തമ്മിലുള്ള ചക്കളത്തിപ്പോരും ഉദ്യോഗസ്ഥ അനാസ്ഥയും കൂടിയായപ്പോള്‍ ഇവരുടെ ദുരിതം അറുതിയില്ലാതെ തുടരുകയാണ്. ഇതിനിടെയാണ് കേന്ദ്ര ബജറ്റില്‍ പദ്ധതിക്കായി 100 കോടി വകയിരുത്തിയതായി പ്രഖ്യാപനമെത്തിയത്. എന്നാല്‍, കാല്‍നൂറ്റാണ്ട് മുമ്ബ് 550 കോടിയില്‍ തീര്‍ക്കാനാരംഭിച്ച പദ്ധതിക്ക് പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 3456 കോടിയാണ് പ്രതീക്ഷിക്കുന്ന ചെലവ്. പദ്ധതി ചെലവ് ഇത്തരത്തില്‍ ഭീമാകാരമായി ഉയര്‍ന്നതോടെ പകുതി ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കണമെന്ന ആവശ്യം കേന്ദ്രമുയര്‍ത്തി.

ഏറെ സാങ്കേതികത്വത്തിനൊടുവിലാണ് രണ്ട് വര്‍ഷം മുമ്ബ് സംസ്ഥാന സര്‍ക്കാര്‍ ഈ നിര്‍ദേശം അംഗീകരിച്ചത്. ഇതിനായി കിഫ്ബി ഫണ്ട് വിനിയോഗിക്കുമെന്ന പ്രഖ്യാപനവും നടത്തിയിരുന്നു. ഇതിന് ശേഷമാണ് ഇപ്പോള്‍ കേന്ദ്ര ബജറ്റില്‍ പുതിയ പ്രഖ്യാപനം വന്നത്.

എന്നാല്‍, സാമൂഹികാഘാത പഠനംപോലും നടത്താതെ വരുന്ന പ്രഖ്യാപനങ്ങളില്‍ പൂര്‍ണ പ്രതീക്ഷവെക്കാന്‍ ഈ മേഖലയില്‍ സ്ഥലം നഷ്ടമാകുന്ന ഭൂവുടമകള്‍ തയാറല്ല. സാമൂഹികാഘാത പഠനം നടത്തി ഹിയറിങ് പൂര്‍ത്തിയാക്കി മാത്രമേ സ്ഥലമേറ്റെടുക്കല്‍ നടപടികളിലേക്ക് കടക്കാന്‍ കഴിയൂവെന്നിരിക്കെ ഇതിന് കാലതാമസം നേരിടുമെന്നാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇതിനുള്ള സര്‍ക്കാര്‍ നടപടികളും തുടര്‍ന്നുണ്ടാകാവുന്ന നിയമനടപടികളുമെല്ലാം വീണ്ടും പദ്ധതിയെ പിന്നോട്ടടിപ്പിക്കുമെന്നും ഇവര്‍ക്ക് ആശങ്കയുണ്ട്.

നേരത്തേ പല സ്ഥലങ്ങളിലുമിട്ടിരുന്ന സര്‍വേ കല്ലുകളും അലൈന്‍മെന്‍റ് ബോര്‍ഡുകളുമെല്ലാം നശിച്ചു കഴിഞ്ഞു.

ഇതിന് പുറമെ സംസ്ഥാന സര്‍ക്കാര്‍ നേരിടുന്ന ഗുരുതര സാമ്ബത്തിക പ്രതിസന്ധിയും പദ്ധതിയുടെ തുടര്‍ നീക്കങ്ങള്‍ക്കുമുന്നില്‍ വലിയ വെല്ലുവിളിയാണ്.

ഫലത്തില്‍ കേന്ദ്ര സര്‍ക്കാറിന്‍റെ 100 കോടി പ്രഖ്യാപനംകൊണ്ടും നിര്‍ദിഷ്ട റെയില്‍ പദ്ധതിക്കായി ഭൂമി നഷ്ടമാകുന്ന ഭൂവുടമകളുടെ ദുരിതത്തിന് പരിഹാരം എളുപ്പമാകില്ലെന്നാണ് സൂചന.

സ്ഥലമേറ്റെടുക്കല്‍ ഉടന്‍ പുനരാരംഭിക്കണം – സമരസമിതി കണ്‍വീനര്‍

കൊച്ചി: സ്ഥലമേറ്റെടുക്കല്‍ നടപടി ഉടന്‍ പുനരാരംഭിച്ച്‌ ഭൂവുടമകളുടെ ആശങ്ക അകറ്റണമെന്ന് ശബരി റെയില്‍ സമര സമിതി ജനറല്‍ കണ്‍വീനര്‍ ഗോപാലന്‍ വെണ്ടുവഴി ആവശ്യപ്പെട്ടു. 2019ല്‍ കേന്ദ്രസര്‍ക്കാര്‍ മരവിപ്പിച്ച ശബരി റെയില്‍ പദ്ധതിക്ക് ബജറ്റില്‍ 100 കോടി അനുവദിച്ച്‌ ഇപ്പോള്‍ പച്ചക്കൊടി വീശിയെങ്കിലും ഭൂവുടമകള്‍ ആശങ്കയിലാണ്. അനുകൂല സാഹചര്യങ്ങള്‍ ഉണ്ടായിരുന്നിട്ടും കാല്‍നൂറ്റാണ്ടോളം ഈ പദ്ധതി നടപ്പാക്കാനാവാതെ വന്നത് ബന്ധപ്പെട്ടവരുടെ അനാസ്ഥ മൂലമാണ്. മുടങ്ങിപ്പോയ സാമൂഹികാഘാത പഠനം പൂര്‍ത്തിയാക്കിയും ഏറ്റെടുക്കേണ്ട സ്ഥലത്തിന്‍റെ ആധികാരിക വിജ്ഞാപനം പുറത്തിറക്കണമെന്നും അദ്ദേഹം പറഞ്ഞു.

prp

Leave a Reply

*