തിരുവനന്തപുരം: യുവതികള്‍ ശബരിമലയിലെത്തിയാല്‍ നട അടച്ചിടുമെന്നു പ്രഖ്യാപിച്ച തന്ത്രിക്കെതിരേ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. ക്ഷേത്രം തുറക്കാനും അടയ്ക്കാനുമുള്ള അധികാരം ദേവസ്വം ബോര്‍ഡിന് മാത്രമാണെന്നും തന്ത്രി ദേവസ്വം ബോര്‍ഡിലെ മറ്റു ജീവനക്കാര്‍ക്കൊപ്പം മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തന്ത്രി ക്ഷേത്രമടയ്ക്കുമെന്നു പ്രഖ്യാപിച്ചു. പരികര്‍മികള്‍ പതിനെട്ടാം പടിക്കു താഴെ സത്യാഗ്രഹമിരിക്കുന്ന സാഹചര്യമുണ്ടായി. സുപ്രീം കോടതി വിധിയെ അട്ടിമറിക്കാന്‍ ഇവര്‍ ചെയ്ത കാര്യങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ല. ക്ഷേത്രം തുറക്കാനും അടയ്ക്കാനുമുള്ള അധികാരം ദേവസ്വം ബോര്‍ഡിനാണ്. തന്ത്രി ദേവസ്വം ബോര്‍ഡിലെ മറ്റു ജീവനക്കാര്‍ക്കൊപ്പം മാത്രമാണ്- മുഖ്യമന്ത്രി പറഞ്ഞു.
302.18 കോടി രൂപയാണ് സര്‍ക്കാര്‍ ശബരിമലയില്‍ ഭക്തര്‍ക്കു സൗകര്യമൊരുക്കുന്നതിനായി ചെലവഴിച്ചത്. ദേവസ്വം ബോര്‍ഡിന്റെ ചില്ലിക്കാശ് സര്‍ക്കാരിനു വേണ്ടി ചെലവഴിക്കുന്നില്ല. അത് ബോര്‍ഡിന്റെ സ്വത്താണ്. മറിച്ചുള്ളവ ചില പ്രചാരണങ്ങള്‍ മാത്രമാണ്- മുഖ്യമന്ത്രി പറഞ്ഞു.
ശബരിമലയില്‍ അവലോകന യോഗത്തിനെത്തിയ സ്ത്രീകളെ ദേവസ്വം ബോര്‍ഡ് ജീവനക്കാരില്‍ ചിലര്‍ പരിശോധിച്ചതും ഗൗരവമായി കാണേണ്ടതാണ്. ഇതില്‍ ദേവസ്വം ബോര്‍ഡ് നടപടിയെടുക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
യുവതികള്‍ സന്നിധാനത്തെത്തിയാല്‍ നട അടച്ച് മടങ്ങുമെന്നു തന്ത്രി കണഠര് രാജീവര് പറഞ്ഞിരുന്നു. താക്കോല്‍ ഓഫിസില്‍ ഏല്‍പ്പിക്കും. താഴമണ്‍ മഠത്തിലെ കാരണവര്‍ കണ്ഠര് മോഹനരുമായും പന്തളം കൊട്ടാരവുമായും സംസാരിച്ചാണ് തീരുമാനമെടുത്തത്. മറ്റു തീരുമാനങ്ങള്‍ പിന്നാലെയെടുക്കും. ഇതല്ലാതെ മറ്റു മാര്‍ഗങ്ങളില്ല. താന്‍ നിസഹായനാണെന്നും തന്ത്രി പറഞ്ഞു.

