പത്തനംതിട്ട: ശബരിമലയിലും പരിസരപ്രദേശങ്ങളിലെയും സ്ഥിതി അതീവ ഗുരുതരമാണെന്ന് സ്പഷ്യല്‍ കമ്മിഷണര്‍ ഹൈക്കോടതിയെ അറിയിച്ചു. ശബരിമലയില്‍ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിധി നടപ്പാക്കുന്നതിനെതിരെ സന്നിധാനത്ത് സംരക്ഷകരെന്ന പേരില്‍ കുറച്ചാളുകളും നിലയുറപ്പിച്ചിരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടെന്നും ശബരിമല സ്‌പെഷ്യല്‍ കമ്മിഷണര്‍ ഹൈക്കോടതിയെ അറിയിച്ചു.
മണ്ഡലകാലത്തിനായി അടുത്ത മാസം നടതുറന്നാല്‍ അക്രമത്തിലും തിക്കിലും തിരക്കിലും പെട്ട് തീര്‍ത്ഥാടകര്‍ക്കും പൊലീസിനും ജീവാപായം ഉണ്ടാകാം. തുലാമാസ പൂജയ്ക്കായി കഴിഞ്ഞ ആഴ്ച നട തുറന്നപ്പോള്‍ 50 വയസിന് മുകളിലുള്ള സ്ത്രീകളെ സന്നിധാനത്തേക്ക് പ്രവേശിപ്പിക്കാത്ത അവസ്ഥ ഉണ്ടായിരുന്നു.
മണ്ഡലകാലത്ത് നട തുറക്കുമ്പോഴും പ്രതിഷേധക്കാരുടെ സാന്നിദ്ധ്യമുണ്ടാകും. കൂടാതെ എരുമേലി, നിലയ്ക്കല്‍, പമ്പ, ശബരിമല എന്നിവിടങ്ങളില്‍ ബഹളങ്ങള്‍ക്ക് സാദ്ധ്യതയുണ്ട്. സംഭവത്തെ തുടര്‍ന്ന് പതിനാറ് ക്രിമിനല്‍ കേസുകള്‍ റജിസ്റ്റര്‍ ചെയ്തതായും സ്‌പെഷല്‍ കമ്മിഷണര്‍ ഹൈക്കോടതിയില്‍ റപ്പോര്‍ട്ട് നല്‍കി.
അതേസമയം, ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചതിനെതിരെ അവിടെ നടന്ന പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ആര്‍.എസ്.എസിന്‍റെയും സംഘപരിവാറിന്‍റെയും ആസൂത്രിത ഗൂഢാലോചനയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ശബരിമലയെ അക്രമികളുടെ കേന്ദ്രമാക്കാനാണ് ശ്രമിച്ചതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അക്രമികള്‍ക്ക് അഴിഞ്ഞാടാനുള്ള വേദിയായി ശബരിമലയെ മാറ്റാന്‍ സര്‍ക്കാര്‍ അനുവദിക്കില്ല. സ്ത്രീ പ്രവേശനകാര്യത്തില്‍ സര്‍ക്കാരിന്‍റെ നിലപാട് നേരത്തെ വ്യക്തമാക്കിയതാണ്. വിശ്വാസികളുടെ വിശ്വാസത്തെയും സര്‍ക്കാര്‍ മാനിക്കുന്നു. ശബരിമല ഒരു ആരാധനാ സ്ഥലമാണ്. അതിന് ആവശ്യമായ ശാന്തിയും സമാധാനവുമാണ് വേണ്ടത്. ശബരിമലയെ ഒരു സംഘര്‍ഷ ഭൂമിയാക്കുക സര്‍ക്കാരിന്‍റെ ഉദ്ദേശമല്ലെന്നും പിണറായി വ്യക്തമാക്കി.

