രോഗം ബാധിച്ച്‌ മരിക്കുന്നവരില്‍ ഭൂരിഭാഗവും കുട്ടികള്‍; യു പിയില്‍ വലിയ ആശങ്കയായി ഡെങ്കിപ്പനി പടര്‍ന്ന് പിടിക്കുന്നു, വ്യാപിക്കുന്നത് രോഗത്തിന്റെ ഗുരുതര വകഭേദം

ലക്‌നൗ:ഗുരുതരമായ വകഭേദം സംഭവിച്ച ഡെങ്കിപ്പനി ഉത്തര്‍പ്രദേശിലെ ഫിറോസാബാദില്‍ പടര്‍ന്ന് പിടിക്കുന്നു. ഇതുവരെ 60 പേര്‍ മരിച്ചു. ഇതില്‍ 40പേരും കുട്ടികളാണെന്നതാണ് വിഷമിപ്പിക്കുന്ന വസ്‌തുത. ഫിറോസാബാദിലെ കൊഹ് ഗ്രാമത്തില്‍ കഴിഞ്ഞ രണ്ടാഴ്‌ചയ്‌ക്കിടെ 11 കുട്ടികള്‍ രോഗം ബാധിച്ച്‌ മരിച്ചു.12,000 പേര്‍ രോഗം ബാധിച്ച്‌ കിടപ്പിലായി. രോഗികളില്‍ ഏറെയും കുട്ടികളാണ്. സ്വകാര്യ ആശുപത്രികളിലെ ചികിത്സാ നിരക്കിന്റെ വര്‍ദ്ധന മൂലം സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ കിടക്ക കിട്ടാത്ത അവസ്ഥയാണ്.

നികിത കുഷ്‌വാഹ എന്ന പെണ്‍കുട്ടി ഡെങ്കി ബാധിച്ച്‌ ഗുരുതരാവസ്ഥയിലായ തന്റെ അനുജത്തി 11 വയസുകാരി വൈഷ്‌ണവിക്ക് വേണ്ടി ആഗ്ര ഡിവിഷണല്‍ കമ്മീഷണര്‍ അമിത് ഗുപ്‌തയുടെ വാഹനത്തിന് മുന്നില്‍ ചാടിവീണു. ‘എന്തെങ്കിലും ചെയ്യൂ സാര്‍, ഇല്ലെങ്കില്‍ അവള്‍ മരിക്കും. അവള്‍ക്ക് ചികിത്സ ഉറപ്പാക്കണേ..’ നികിത കരഞ്ഞുകൊണ്ട് അപേക്ഷിച്ചു. പക്ഷെ അപേക്ഷയ്‌ക്കൊന്നും ഒരു ഫലവുമുണ്ടായില്ല. ആശുപത്രിയില്‍ എത്തുംമുന്‍പ് ഗുരുതരാവസ്ഥയിലായ വൈഷ്‌ണവി വൈകാതെ മരണമടഞ്ഞതായി ഫിറോസാബാദ് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.സംഗീത അനിജ അറിയിച്ചു.

എന്നാല്‍ വൈഷ്‌ണവിയുടെ കരള്‍ തകരാറിലായിരുന്നു. അതുമൂലം വീര്‍ത്ത് വല്ലാത്ത അവസ്ഥയിലായിരുന്നെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു.കൊവിഡ് മൂലം യോഗി ആദിത്യനാഥ് സര്‍ക്കാര്‍ വിമര്‍ശനങ്ങള്‍ നേരിടുന്ന സ്ഥിതിയില്‍ ഡെങ്കിപനി വ്യാപനം കൂടിയുണ്ടായതോടെ പ്രതിരോധ നടപടി സ്വീകരിക്കുന്നതില്‍ അലംഭാവമുണ്ടെന്ന് വലിയ ആരോപണങ്ങളാണ് പ്രതിപക്ഷം സര്‍ക്കാരിന് നേരെ നടത്തുന്നത്.

prp

Leave a Reply

*