ബാബ രാംദേവിന്‍റെ കമ്പനിയുടെ ഒരു വിഹിതം കര്‍ഷകര്‍ക്ക് നല്‍കണം: ഹെെക്കോടതി

ഉത്തരാഖണ്ഡ്: യോഗാ ഗുരു ബാബ രാംദേവിന്‍റെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ ലാഭത്തില്‍ നിന്ന് ഒരു വിഹിതം കര്‍ഷകര്‍ക്ക് വീതിച്ചു നല്‍കാന്‍ ഉത്തരാഖണ്ഡ് ഹെെക്കോടതി ഉത്തരവിട്ടു. രാംദേവിന്‍റെ ഉടമസ്ഥതയിലുള്ള ദിവ്യ ഫാര്‍മസിക്കെതിരെയാണ് കോടതി നടപടിയെടുത്തത്.

2002 ലെ ജൈവ വൈവിധ്യ ആക്‌ട് പ്രകാരം ന്യായവും നീതിപൂര്‍വ്വവുമായി ആനുകൂല്യങ്ങള്‍ പങ്കുവയ്‌ക്കുന്നത് സംബന്ധിച്ചുള്ള വകുപ്പുകള്‍ ഉയര്‍ത്തി കാട്ടിയായിരുന്നു കോടതിയുടെ ഉത്തരവ്.
ഉത്തരാഖണ്ഡ് ജൈവ വൈവിധ്യ ബോര്‍ഡിന് (യു.ബി.ബി) എതിരെ ദിവ്യ ഫാര്‍മസി സമര്‍പ്പിച്ച ഹര്‍ജി തള്ളിയാണ് കോടതി വിധി പുറപ്പെടുവിച്ചത്.

ആയുര്‍വേദ, പോഷകാഹാര ഉല്‍പന്നങ്ങളുടെ നിര്‍മ്മാണത്തിലെ പ്രധാന ചേരുവകളും അസംസ്‌കൃത വസ്‌തുക്കളും ജൈവ ഉറവിടങ്ങള്‍ തന്നെയാണെന്ന് ജസ്റ്റിസ് സുധന്‍ഷു ധുലിയ അടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. കര്‍ഷകര്‍ ശേഖരിച്ചു നല്‍കുന്ന അസംസ്‌കൃത വസ്‌തുക്കള്‍ ഉപയോഗിച്ചാണ് കമ്പനി മരുന്നും മറ്റും തയ്യാറാക്കുന്നത്. അതുകൊണ്ടുതന്നെ കമ്പനിയുടെ ആകെ ലാഭത്തില്‍ 421 കോടിയില്‍ നിന്ന് രണ്ട് കോടി കര്‍ഷകര്‍ക്ക് വീതിച്ചു നല്‍കാന്‍ കോടതി ഉത്തരവിടുകയായിരുന്നു.

മുമ്പ്, ജൈവ വൈവിധ്യ ആക്‌ട് പ്രകാരം കമ്പനിയുടെ ലാഭത്തില്‍നിന്ന് ഒരു വിഹിതം കര്‍ഷകര്‍ക്ക് നല്‍കുന്നതിനായി യു.ബി.ബി ദിവ്യ ഫാര്‍മസിയെ സമീപിച്ചിരുന്നു. എന്നാല്‍, അത്തരം ഉത്തരവുകള്‍ പുറപ്പെടുവിക്കാന്‍ യു.ബി.ബിക്ക് അധികാരമുണ്ടായിരിക്കാം. പക്ഷെ, അത് നടപ്പിലാക്കാന്‍ തങ്ങള്‍ ബാധ്യസ്ഥരല്ലെന്നായിരുന്നു അന്ന് കമ്പനി വാദിച്ചത്.

prp

Related posts

Leave a Reply

*