രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം അഞ്ചാം ദിവസവും അനിശ്ചിതത്വത്തില്‍

ന്യൂഡല്‍ഹി: ലോക്സഭ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി രണ്ട് മണ്ഡലത്തില്‍ മത്സരിക്കുന്നതില്‍ അനിശ്ചിതത്വം അഞ്ചാം ദിവസവും തുടരുന്നു. മത്സരിക്കാന്‍ വയനാടും കര്‍ണാടകവും പരിഗണനയിലുണ്ടെന്നാണ് ദേശീയ നേതാക്കള്‍ നല്‍കുന്ന സൂചന. രാഹുലിനെ കര്‍ണാടകത്തില്‍ മത്സരിപ്പിക്കാന്‍ സമ്മര്‍ദ്ധവുമായി മല്ലികാര്‍ജ്ജുന ഖാര്‍ഗെ ഉള്‍പ്പെടയുള്ള നേതാക്കള്‍ രംഗത്തുണ്ട്.

ഇന്ന് അനുകൂല തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കേരളത്തിലെ നേതാക്കള്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ രണ്ടാം മണ്ഡലം സംബന്ധിച്ചുള്ള തീരുമാനം കുഴഞ്ഞു മറിയുന്നതോടെ കടുത്ത പ്രതിസന്ധിയിലാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍.

അമിത ആത്മവിശ്വാസത്താല്‍ രാഹുല്‍ മത്സരിക്കാന്‍ എത്തും എന്ന പ്രചരണം നടത്തിയത് തിരിച്ചടിയാകുമെന്ന ആശങ്ക നേതാക്കളില്‍ പ്രകടമാണ്. എന്നാല്‍ പ്രഖ്യാപനം നീളുന്നതില്‍ ആശങ്ക അറിയിക്കുകയും നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിനുള്ള സമയം ആരംഭിക്കുകയും ചെയ്തതിനാല്‍ തീരുമാനം ഇന്നുണ്ടാകുമെന്നാണ് നേതാക്കളുടെ പ്രതീക്ഷ.

പക്ഷെ രണ്ടാം മണ്ഡലത്തില്‍ മത്സരിക്കണമോ എങ്കില്‍ എവിടെ എന്നും രാഹുല്‍ തീരുമാനിക്കാന്‍ ഇരിക്കുന്നതെ ഉള്ളു. മത്സരിക്കാന്‍ തീരുമാനിച്ചാലാണ് വയനാടിന്‍റെ കാര്യം പരിഗണിക്കുക. വയനാടിനെ കൂടാതെ പാര്‍ട്ടിയുടെ സിറ്റിംഗ് സീറ്റായ കര്‍ണാടകത്തിലെ റായ്ചൂരും, ചിക്കോടിയും പരിഗണനയിലുണ്ട്. ബിജെപി ശക്തി കേന്ദ്രമായ വടക്കന്‍ കര്‍ണാടകയിലെ ഈ മണ്ഡലങ്ങളില്‍ മത്സരിച്ചാല്‍ സംസ്ഥാനത്താകെ ഗുണം ചെയ്യുമെന്ന് മല്ലികാര്‍ജുന ഖാര്‍ഗെ ഉള്‍പ്പെടെയുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു.

കര്‍ണാടക നേതൃത്വത്തിന്‍റെ ഈ സമ്മര്‍ദ്ദവും കേരളത്തിലെ കോണ്‍ഗ്രസിനെ ആശങ്കയിലാക്കുന്നു. അതേസമയം വടകരയിലെ പ്രഖ്യാപനം വൈകുന്നത് സാങ്കേതികം മാത്രമാണെന്നും മുരളീധരന്‍റെ സ്ഥാനാര്‍ത്ഥിത്വം ഉടന്‍ പ്രഖ്യാപിക്കുമെന്നുമാണ് നേതൃത്വത്തിന്‍റെ വിശദീകരണം.

prp

Related posts

Leave a Reply

*