രാഹുല്‍ ഗാന്ധിയുടെ ഒപ്പത്തിനൊപ്പം നടന്ന് പൂജ ഭട്ട്, ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുന്ന ആദ്യത്തെ ബോളിവുഡ് താരം

ഹൈദരാബാദ്: രാഹുല്‍ ഗാന്ധിയോടൊപ്പം ഭാരത് ജോഡോ യാത്രയില്‍ പങ്കെടുത്ത് സിനിമാതാരവും നിര്‍മാതാവുമായ പൂജ ഭട്ട്.

ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുന്ന ആദ്യത്തെ ബോളിവുഡ് സെലിബ്രിറ്റിയാണ് പ്രശസ്ത സിനിമാ സംവിധായകന്‍ മഹേഷ് ഭട്ടിന്റെ മകളായ പൂജ ഭട്ട്. ഹൈദരാബാദിലെ ബാലനഗറില്‍ എം ജി ബി ബജാജ് ഷോറൂമിന് സമീപത്തുനിന്നാണ് ഇന്ന് യാത്ര ആരംഭിച്ചത്. രാഹുലിനൊപ്പം വേഗത്തില്‍ നടന്ന താരത്തെ മറ്റ് യാത്രികര്‍ കരഘോഷത്തോടെയാണ് സ്വീകരിച്ചത്.

സമൂഹമാദ്ധ്യമങ്ങളിലൂടെ പലവിഷയങ്ങളിലും പൂജ ഭട്ട് അഭിപ്രായം പ്രകടിപ്പിക്കാറുണ്ട്. ഡാഡി എന്ന ചിത്രത്തിലൂടെ 1989ലാണ് പൂജ ഭട്ട് സിനിമാമേഖലയിലേയ്ക്ക് എത്തിയത്. ‘ദില്‍ ഹേ കി മാന്‍താ നഹീ’, ‘സഡക്ക്’, ‘ഫിര്‍ തേരി കഹാനി യാദ് ആയി’ തുടങ്ങിയ ചിത്രങ്ങളിലെ താരത്തിന്റെ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ‘തമന്ന’, ‘സുര്‍’, ‘പാപ്’, ‘ഹോളിഡേ’ എന്നീ സിനിമകള്‍ സംവിധാനം ചെയ്യുകയും നിര്‍മിക്കുകയും ചെയ്തു.

അതേസമയം, ഭാരത് ജോഡോ യാത്ര 56ാം ദിവസത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തമിഴ്‌നാട്ടിലെ കന്യാകുമാരിയില്‍ നിന്ന് സെപ്തംബര്‍ ഏഴിനാണ് ഭാരത് ജോഡോ യാത്ര ആരംഭിച്ചത്. പിന്നാലെ കേരളം, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലൂടെയും യാത്ര കടന്നുപോയിരുന്നു. കഴിഞ്ഞയാഴ്ചയാണ് തെലങ്കാനയില്‍ യാത്രയ്ക്ക് തുടക്കമായത്.

കേരളത്തിലെ യാത്രയ്ക്ക് ഇടയിലെന്ന പോലെ തെലങ്കാനയിലും ഇടയ്ക്കിടെ രാഹുല്‍ ചില കുസൃതികള്‍ ഒപ്പിച്ചിരുന്നു. മുതിര്‍ന്ന നേതാക്കളെയും, സുരക്ഷാ ഉദ്യോഗസ്ഥരെയും ഒരുപോലെ കുഴയ്ക്കുന്നതാണ് ഇവ. അതിവേഗ നടത്തം പെട്ടെന്ന് ഗിയര്‍ മാറ്റി ഓട്ടത്തിലേക്ക് വഴിമാറുന്നതാണ് ഇതിലൊന്ന്. യാത്ര തെലങ്കാനയുടെ മണ്ണില്‍ പ്രവേശിച്ചതും നടത്തം ഓട്ടത്തിന് വഴിമാറിയിരുന്നു. യാത്രയ്ക്കിടയിലും തന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും, മറ്റുള്ളവര്‍ക്ക് ഈ പാഠം പകര്‍ന്നു നല്‍കുന്നതിനും രാഹുല്‍ പ്രത്യേക ശ്രദ്ധ നല്‍കുന്നുണ്ട്. പുഷ് അപ്പ് അടക്കമുള്ള വ്യായാമ പ്രവര്‍ത്തികള്‍ ഇതിന്റെ ഭാഗമാണ്. യാത്രയ്ക്കിടെ സമൂഹത്തിന്റെ നാനാ വിഭാഗത്തിലുള്ളവരുമായി രാഹുല്‍ കൂടിക്കാഴ്ചയും നടത്തുന്നുണ്ട്. ആരാധനാലയങ്ങളില്‍ പ്രാര്‍ത്ഥനയ്ക്കും അദ്ദേഹം സമയം കണ്ടെത്തുന്നു. യാത്രയുടെ മുഖ്യ ആകര്‍ഷണമായ രാഹുലിനെ ഒരു നോക്കു കാണുന്നതിനായി ആയിരങ്ങളാണ് എത്തിച്ചേരുന്നത്.

prp

Leave a Reply

*