തിരുവനന്തപുരം: കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്നു മുന്‍ കോഴിക്കോട് കളക്ടര്‍ പ്രശാന്ത് നായരെ പുറത്താക്കി. 2007 ബാച്ചിലെ കേരളാ കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥനായ പ്രശാന്തിനെ കേന്ദ്രസര്‍ക്കാരിന് കീഴിലെ ഏതെങ്കിലും വകുപ്പില്‍ ഡെപ്യൂട്ടി സെക്രട്ടറിയായി നിയമിക്കും. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല.
കഴിഞ്ഞ നവംബറില്‍ കണ്ണന്താനം കേന്ദ്രമന്ത്രിയായി സ്ഥാനമേറ്റെടുത്തപ്പോഴാണ് സംസ്ഥാന ബി.ജെ.പി നേതാക്കളുടെ എതിര്‍പ്പ് മറികടന്നും പ്രശാന്തിനെ തന്റെ പ്രൈവറ്റ് സെക്രട്ടറിയായി അദ്ദേഹം നിയമിച്ചത്. കോഴിക്കോട് ജില്ലാ കളക്ടറായിരിക്കേ പ്രശാന്തിന്റെ മേല്‍നോട്ടത്തില്‍ നടത്തിയ വിവിധ പദ്ധതികള്‍ അദ്ദേഹത്തിന് കളക്ടര്‍ ബ്രോ എന്ന പേര് നേടിക്കൊടുത്തിരുന്നു.
ഇക്കാര്യം ശ്രദ്ധയില്‍ പെട്ട കണ്ണന്താനം, താന്‍ മന്ത്രിയായി സ്ഥാനമേറ്റെടുത്തയുടനെ പ്രശാന്തിനെ പ്രൈവറ്റ് സെക്രട്ടറിയായി വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഡെപ്യൂട്ടി സെക്രട്ടറി റാങ്കില്‍ അഞ്ച് വര്‍ഷത്തേക്കോ മന്ത്രിയുടെ കാലാവധി അവസാനിക്കുന്നത് വരെയോ ആയിരുന്നു നിയമനം. എന്നാല്‍ അടുത്തിടെ കണ്ണന്താനവുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് പ്രശാന്ത് രാജിവച്ചേക്കുമെന്ന് സൂചനകളുണ്ടായിരുന്നു.

