ജയിലില്‍ കഴിയുന്ന കാമുകന് ഹെറോയിന്‍ എത്തിച്ചുനല്‍കിയ കോളജ് വിദ്യാര്‍ത്ഥിനി അറസ്റ്റില്‍

കൊല്‍ക്കൊത്ത: ജയിലില്‍ കഴിയുന്ന കാമുകന് ഹെറോയിന്‍ ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍ എത്തിച്ചുനല്‍കിയ കോളജ് വിദ്യാര്‍ത്ഥിനിയായ കാമുകി അറസ്റ്റില്‍. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ സുസ്മിത മലാകര്‍ ആണ് കഴിഞ്ഞദിവസം കൊല്‍ക്കൊത്ത ദം ദം സെന്‍ട്രല്‍ കറക്ഷണല്‍ ഹോം അധികൃതരുടെ പിടിയിലായത്. ഇവരുടെ കാമുകന്‍ ഭഗീരഥ് സര്‍ക്കാര്‍ ഒരു കേസില്‍പെട്ട് കഴിഞ്ഞ അഞ്ചു മാസമായി വിചാരണ തടവുകാരനായി കഴിയുകയാണ്.

കഴിഞ്ഞ ദിവസം കാമുകനെ കാണാന്‍ ജയിലില്‍ എത്തിയ സുസ്മിത ടാല്‍കം പൗഡര്‍ നല്‍കുന്നത് അധികൃതര്‍ കാണാനിടയാവുകയും പെണ്‍കുട്ടിയില്‍ നിന്നും പൗഡര്‍ വാങ്ങി പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു. അപ്പോഴാണ് അതിനകത്തുണ്ടായിരുന്നത് ഹെറോയിന്‍ ആണെന്ന് അറിയുന്നത്. 200 ഗ്രാം ഹെറോയിന്‍ ആണ് ടിന്നിലുണ്ടായിരുന്നത്. ഇത് രണ്ടാം തവണയാണ് സുസ്മിത ഭഗീരഥിനെ കാണാന്‍ ജയിലില്‍ എത്തുന്നത്. ഇവരെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കി.

മയക്കുമരുന്ന് കേസിലും വധശ്രമക്കേസിലും പ്രതിയാണ് ഭഗീരഥ്. എന്നാല്‍ സുസ്മിതയ്ക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഒരാള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്നതില്‍ ഏറെ ഹെറോയിന്‍ ആണ് ഇവര്‍ ജയിലില്‍ എത്തിച്ചത്. ഇത് സഹതടവുകാര്‍ക്കു കൂടി ഉപയോഗിക്കാനാണെന്നാണ് പോലീസിന്‍റെ കണക്കുകൂട്ടല്‍. അതേസമയം സുസ്മിത മയക്കുമരുന്ന് റാക്കറ്റിന്‍റെ കണ്ണിയാണോ എന്നും പോലീസ് സംശയിക്കുന്നു.

prp

Related posts

Leave a Reply

*