ബന്ധുക്കള്‍ ഏറ്റെടുത്തില്ല; സൗമ്യയുടെ മൃതദേഹം പയ്യാമ്പലത്ത് സംസ്‌കരിക്കും

കണ്ണൂര്‍: കണ്ണൂര്‍ വനിതാ ജയിലില്‍ തൂങ്ങിമരിച്ച പിണറായി കൂട്ടക്കൊലക്കേസ് പ്രതി സൗമ്യയുടെ മൃതദേഹം പയ്യാമ്പലത്ത് സംസ്‌കരിക്കും. മൃതദേഹം ഏറ്റെടുക്കില്ലെന്ന് ബന്ധുക്കള്‍ നേരത്തേ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്ന് പയ്യാമ്പലത്ത് സംസ്‌കാരം നടത്താന്‍ പൊലീസ് തീരുമാനിച്ചത്. മാതാപിതാക്കളെയും മക്കളെയും കൊലചെയ്ത കേസില്‍ റിമാന്‍ഡിലായിരുന്ന സൗമ്യ ശനിയാഴ്ചയാണ് ആത്മഹത്യചെയ്തനിലയില്‍ കാണപ്പെട്ടത്.

മൃതദേഹപരിശോധനയ്ക്കുശേഷം പരിയാരം മെഡിക്കല്‍ കോളെജ് മോര്‍ച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. മൃതദേഹം ഏറ്റെടുക്കാന്‍ താത്പര്യമുള്ള ബന്ധുക്കളുണ്ടെങ്കില്‍ 0497 2748310, 9446899508 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് വനിതാ ജയില്‍ സൂപ്രണ്ട് അറിയിച്ചു.

ആത്മഹത്യാ കുറിപ്പിനു പുറമെ സൗമ്യ ജയിലില്‍െവച്ച് എഴുതിയ ഡയറിക്കുറിപ്പുകള്‍ പൊലീസിന് ലഭിച്ചു. ചെറുപ്പത്തില്‍ വിവാഹിതയായ താന്‍ ഭര്‍ത്താവില്‍നിന്ന് വലിയ പീഡനങ്ങള്‍ ഏറ്റുവെന്നും അവസാനം തന്നെ ഉപേക്ഷിച്ചെന്നും അവര്‍ എഴുതുന്നു. തന്‍റെ കഷ്ടപ്പാടുകളും വേദനകളും അവര്‍ പകര്‍ത്തിവെച്ചിട്ടുണ്ട്. സൗമ്യ ആത്മഹത്യചെയ്‌തെന്നാണ് മൃതദേഹപരിശോധനാ റിപ്പോര്‍ട്ട്. തന്‍റെ മരണത്തില്‍ ഉദ്യോഗസ്ഥര്‍ ആരും ഉത്തരവാദിയല്ലെന്നും ബന്ധുക്കളും മറ്റും ഒറ്റപ്പെടുത്തിയതിനെത്തുടര്‍ന്നാണ് മരിക്കുന്നതെന്നും അവര്‍ കുറിപ്പെഴുതിവെച്ചിട്ടുണ്ട്.

അതേസമയം സൗമ്യ ജയിലിനുള്ളില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവായി. കണ്ണൂര്‍ വനിതാ ജയില്‍ അധികൃതര്‍ക്കെതിരേയാണ് കേസ്. ജയില്‍ ഡി.ജി.പി. അന്വേഷണം നടത്തി ഒരുമാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മിഷന്‍ ജുഡീഷ്യല്‍ അംഗം പി.മോഹനദാസ് ഉത്തരവിട്ടു. ആത്മഹത്യയില്‍ ദുരൂഹതയുണ്ടോ എന്നും കസ്റ്റഡിയില്‍ പീഡനത്തിന് ഇരയായിട്ടുണ്ടോ എന്നും അന്വേഷിക്കണം. സൗമ്യയെ ആരെങ്കിലും ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചോ എന്ന കാര്യവും വിശദമായി അന്വേഷിക്കണമെന്ന് കമ്മിഷന്‍ ആവശ്യപ്പെട്ടു.

prp

Related posts

Leave a Reply

*