ഇക്കാര്യത്തില്‍ അതിവിദഗ്ദ്ധന്‍, പെന്‍ഷന്‍ പറ്റിയ എസ് ഐയെ മൂന്ന് ലക്ഷം രൂപ മാസശമ്ബളത്തിന് ഷൈബിന്‍ നിയമിച്ചത് ചിലതെല്ലാം മുന്നില്‍ കണ്ട്

ഒറ്റമൂലിക്ക് വേണ്ടി നാട്ടുവൈദ്യനെ ഒരുവര്‍ഷത്തിലധികം ഇരുട്ടുമുറിയില്‍ ചങ്ങലയില്‍ ബന്ധിപ്പിച്ച്‌ അതിക്രൂരമായി പീഡിപ്പിക്കുക.

നെഞ്ചിനേറ്റ ചവിട്ടില്‍ പിടഞ്ഞുമരിച്ച ആ മനുഷ്യന്റെ മൃതദേഹം ചെറുകഷ്ണങ്ങളാക്കി പുഴയില്‍ തള്ളുക. തൊട്ടടുത്ത ദിവസം മുഖ്യപ്രതി മകന്റെ ജന്മദിനാഘോഷം കെങ്കേമമായി നടത്തുക. ക്രൈംത്രില്ലര്‍ സിനിമകളെ പോലും വെല്ലുന്ന രംഗങ്ങളായിരുന്നു നിലമ്ബൂര്‍ മുക്കട്ടയിലെ ആഡംബരവീട്ടില്‍ അരങ്ങേറിയത്. കേസില്‍ മുഖ്യപ്രതി ഷൈബിന്‍ അഷ്റഫ് അടക്കം നാല് പ്രതികള്‍ പിടിയിലായിട്ടുണ്ട്. കൊല്ലപ്പെട്ട വൈദ്യന്‍ ഷാബ ശരീഫിന്റെ മൃതദേഹം കണ്ടുകിട്ടുക ശ്രമകരമായതിനാല്‍ പരമാവധി ശാസ്ത്രീയ, ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കാനാണ് പൊലീസിന്റെ ശ്രമം. ഇതിനായി കിണഞ്ഞു പരിശ്രമിക്കുമ്ബോഴും ആരോപണമുന നീണ്ട ഒരാളിലേക്ക് പൊലീസ് ഇതുവരെ എത്തിയിട്ടില്ല.

മുഖ്യപ്രതിയും പ്രവാസി വ്യവസായിയുമായ ഷൈബിന്റെ ഉപദേഷ്ടാവ് സംസ്ഥാന പൊലീസ് സേനയില്‍ നിന്നും വിരമിച്ച ഒരു എസ്.ഐയാണെന്ന വിവരം പരസ്യമായിട്ടുണ്ട്. മൂന്നുലക്ഷം രൂപ മാസശമ്ബളത്തിലാണ് എസ്.ഐയുടെ നിയമനമത്രേ. ഇത്രയും ഉയര്‍ന്ന ശമ്ബളം നല്‍കി ഷൈബിന്‍ ഒരാളെ നിയമിച്ചത് ചിലതെല്ലാം മുന്നില്‍കണ്ടാവുമെന്ന് വ്യക്തം. റിട്ടയര്‍ എസ്.ഐ ആവട്ടെ കേസ് എഴുതുന്നതില്‍ അതിവിദഗ്ദനും. ഒരു പഴുത് പോലുമില്ലാതെ കേസ് എഴുതാന്‍ അറിയാമെന്ന് പൊലീസ് സേനയിലുള്ളവര്‍ തന്നെ പറയുന്നു. ഷൈബിന്റെ കുടില ബുദ്ധിക്ക് പിന്നില്‍ ഇയാളുടെ ഉപദേശമുണ്ടോ എന്ന് അറിയാന്‍ പൊലീസ് കാര്യമായ ശ്രമിച്ചിട്ടില്ല. പൊലീസുകാരനായിരുന്നത് കൊണ്ടാണോ ഈ ഇളവ് എന്ന ചോദ്യം ഉയര്‍ന്നിട്ടുണ്ട്. ഷൈബിന്റെ ക്രൂരതകളുടെ ആഴം അറിഞ്ഞാല്‍ മനഃസാക്ഷിയുള്ള ഒരാള്‍ക്കും പൊലീസിന്റെ ചെറുവീഴ്ച പോലും ക്ഷമിക്കാനാവില്ല.

ഷൈബിന്‍ എന്ന കൊടുംക്രൂരന്‍

ഓട്ടോ ഡ്രൈവറില്‍ നിന്നും കണ്ണടച്ച്‌ തുറക്കും വേഗത്തിലായിരുന്നു 300 കോടിയോളം രൂപ ആസ്തിയിലേക്ക് ഷൈബിന്റെ വളര്‍ച്ച. പ്ലസ്ടു സര്‍ട്ടിഫിക്കറ്റുമായി യു.എ.ഇയിലെത്തിയ ഷൈബിന്‍ യു.എ.ഇ പൗരനുമായി ചേര്‍ന്ന് ഇന്ധന വില്‍പ്പന തുടങ്ങി. വലിയ കമ്ബനികളുടെ സൈറ്റുകളില്‍ ഇന്ധനം എത്തിക്കുന്നതാണ് ബിസിനസ്. 10,000 ഗാലന്‍ ഇന്ധനം നല്‍കേണ്ടിടത്ത് 8,000 മാത്രം നല്‍കും. ഇന്ധനത്തിന്റെ അളവില്‍ ഈ തട്ടിപ്പ് നടത്തിയാണ് ഷൈബിന്‍ പെട്ടെന്ന് സമ്ബന്നനായത്. പിന്നാലെ ഇന്ധന ബിസിനസില്‍ പങ്കാളിയായി കോഴിക്കോട് മുക്കം സ്വദേശി ഹാരിസിനെയും കൂടെക്കൂട്ടി. ഹാരിസും ഷൈബിനും കുടുംബസമേതം ഒരേ ഫ്ളാറ്റിലാണ് താമസിച്ചിരുന്നത്. ഇതിനിടെ ഹാരിസിന്റെ ഭാര്യയുമായി ഷൈബിന്‍ അടുത്തെന്നും ഇരുവരും തമ്മിലെ ബന്ധം ഹാരിസ് കൈയോടെ പിടികൂടിയെന്നും ഹാരിസിന്റെ ബന്ധുക്കള്‍ പറയുന്നു. ഇക്കാലത്താണ് വൃക്കരോഗം ബാധിച്ച ഷൈബിന്റെ വൃക്ക മാറ്റിവയ്‌ക്കേണ്ടി വന്നത്. കോയമ്ബത്തൂരിലുള്ള സഹോദരി വൃക്ക നല്‍കി. അതിനുശേഷം യു.എ.ഇയില്‍ തിരിച്ചെത്തിയതോടെ ഹാരിസുമായി സാമ്ബത്തികത്തര്‍ക്കം ഉയര്‍ന്നു. ഹാരിസ് കണക്കില്‍ കൃത്രിമം കാണിച്ചെന്ന് ആരോപിച്ചായിരുന്നു ഇരുവരും തമ്മില്‍ തെറ്റിയത്. ക്വട്ടേഷന്‍ ടീമുകളുടെ സഹായത്തോടെ ഇരുകൂട്ടരും കൊമ്ബുകോര്‍ത്തു. ഇതിനിടെ ഹാരിസ് വിവരമറിയിച്ചതിനെ തുടര്‍ന്ന് ഷൈബിനെ ലഹരിയുമായി യു.എ.ഇ പൊലീസ് പിടികൂടി.

മാസങ്ങളോളം ജയിലിലായിരുന്നു ഷൈബിനെ പിന്നീട് നാടുകടത്തി. യു.എ.ഇയിലേക്ക് യാത്രാവിലക്കും വന്നു. തന്റെ ബിസിനസ് സാമ്രാജ്യത്തേക്ക് പോവാന്‍ കഴിയാതെ ഷൈബിന്‍ നാട്ടില്‍ കുടുങ്ങി. പ്രശ്നങ്ങള്‍ രൂക്ഷമായതോടെ ഇരുവരുടെയും ഭാര്യമാര്‍ പിണങ്ങി നാട്ടിലേക്കും പോന്നിരുന്നു. പക ഇരട്ടിച്ച ഷൈബിന്‍ ഹാരിസിനെ വകവരുത്താന്‍ പദ്ധതികള്‍ തയ്യാറാക്കി. ഒരു ക്വട്ടേഷന്‍ സംഘത്തിന് 40 ലക്ഷം രൂപ നല്‍കിയെങ്കിലും അവര്‍ ഷൈബിനെ പറ്റിച്ചു. പിന്നീടാണ് അബുദാബിയില്‍ വച്ച്‌ കൊല്ലുകയെന്ന തീരുമാനത്തിലേക്കെത്തിയത്. തന്റെ ബന്ധുക്കള്‍ ഉള്‍പ്പെട്ട ഗുണ്ടാസംഘത്തെ ഇതിനായി നിയോഗിച്ചു. ഇതിന് മുമ്ബ് കൃത്യമായ പദ്ധതിരേഖ തന്നെ ഷൈബിന്‍ തയ്യാറാക്കി. കൊലപാതകത്തിനായി 45 പേജുകളടങ്ങിയ ബ്ലൂപ്രിന്റും തയ്യാറാക്കി. ആത്മഹത്യയെന്നു തോന്നിപ്പിക്കുന്ന തരത്തില്‍ എങ്ങനെ കൊലപ്പെടുത്താമെന്നതാണ് ബ്ലൂ പ്രിന്റ് വിശദീകരിക്കുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പേ കൊലയാളികളെ അബുദാബിയിലെത്തിച്ചു. ഹാരിസിന്റെ ഓരോ നീക്കങ്ങളും നിരീക്ഷിച്ചു. ഓരോ കൊലയാളിക്കും ചുമതലകള്‍ വീതിച്ചുനല്‍കി. ചെറിയ കാര്യങ്ങള്‍ പോലും വീഴ്ച വരാതിരിക്കാല്‍ ഓരോ െ്രസ്രപ്പും വ്യക്തമായി ബ്ലൂപ്രിന്റില്‍ രേഖപ്പെടുത്തിയിരുന്നു.

ആരുടേതാണ് ഈ ബുദ്ധി ?

ഹാരിസിന്റെ കൊലപാതകം ആത്മഹത്യയെന്ന് വരുത്തി തീര്‍ക്കാന്‍ ഹാരിസിനൊപ്പം മാനേജറായിരുന്ന എറണാകുളം സ്വദേശിനിയെ കൂടി കൊലപ്പെടുത്താനായിരുന്നു ഷൈബിന്റെ പദ്ധതി. ഹാരിസ് യുവതിയെ കൊലപ്പെടുത്തിയ ശേഷം കൈത്തണ്ട മുറിച്ച്‌ ആത്മഹത്യ ചെയ്‌തെന്ന് വരുത്തുകയായിരുന്നു ലക്ഷ്യം. ഇതിനായി ഷൈബിന്‍ തയ്യാറാക്കിയ ബ്ലൂപ്രിന്റ് പ്രൊഫഷണല്‍ കൊലപാതകികളെ പോലും വെല്ലുന്നതാണ്. ഇവിടെയാണ് പുറത്തുനിന്നുള്ള ബുദ്ധി ഇടപെട്ടിട്ടുണ്ടോ എന്ന സംശയം. അബുദാബി പൊലീസിന് യാതൊരു സംശയങ്ങളുമില്ലാത്ത വിധം കൊലപാതകത്തെ ആത്മഹത്യയാക്കി മാറ്റാന്‍ കഴിഞ്ഞതിന് പിന്നിലും ഈ ബുദ്ധിയാവാനാണ് സാദ്ധ്യത എന്നാണ് വിലയിരുത്തല്‍.

എങ്ങനെയും പ്രതികാരം തീര്‍ക്കും

ഷൈബിന് ഒരാളോട് പ്രതികാരം തോന്നാന്‍ വലിയ കാര്യങ്ങളൊന്നും വേണ്ട. വടംവലിയില്‍ തന്റെ ടീമിനെ തോല്‍പ്പിച്ചയാളെ പിടിച്ചുകൊണ്ടുപോയി ദിവസങ്ങളോളം ബന്ധിയാക്കി ക്രൂരമായി പീഡിപ്പിച്ചു. ഇയാള്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഷൈബിനെതിരെ യാതൊരു നടപടിയും ഉണ്ടായില്ല. പിന്നീട് ഇയാളെ കുളത്തില്‍ മരിച്ച നിലയില്‍ കാണുകയായിരുന്നു. തനിക്കെതിരെ നില്‍ക്കുന്നവരെ അതിക്രൂരമായാണ് ഷൈബിന്‍ നേരിട്ടിരുന്നത്. പ്രതിയെ ക്രൂരമായി പീഡിപ്പിക്കുകയും ഇതെല്ലാം നോക്കിനിന്ന് രസിക്കുകയും ചെയ്യുന്ന സൈക്കോ ക്രിമിനല്‍ കൂടിയാണ് ഷൈബിന്‍. ഇയാള്‍ക്കെതിരെ പല പരാതികളും ഉയര്‍ന്നെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഷൈബിനെ ആദരിക്കുകയും ചെയ്തു. ഇതിന് വലിയൊരു തുക പ്രതിഫലമായി നേതാക്കള്‍ക്ക് കൈമാറിയെന്നാണ് വിവരം. ഉദ്യോഗസ്ഥരെയും രാഷ്ട്രീയ നേതാക്കളെയും മദ്യവും പണവും നല്‍കി വശത്താക്കിയ ശേഷം തന്റെ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുക എന്ന രീതിയാണ് ഷൈബിന്റേത്. പണമുണ്ടെങ്കില്‍ അധികാരവും സ്വാധീനവും തന്റെ വഴിക്ക് വരുമെന്ന് ഷൈബിന് നന്നായിട്ട് അറിയാം. ഷൈബിന് ബുദ്ധി ഉപദേശിച്ചവരെയും ക്രൂരതകള്‍ക്ക് രഹസ്യ പിന്തുണ നല്കിയവരെയും കൂടി ഉടന്‍ പുറത്തു കൊണ്ടുവരണം.

prp

Leave a Reply

*