പാലക്കാട്‍, ആലപ്പുഴ കൊലപാതകങ്ങളില്‍ സംസ്ഥാനത്തിന് പുറത്തുള്ള എസ്ഡിപിഐക്കും പങ്ക്; ആക്രമണങ്ങളെ കുറിച്ച്‌ പോലീസിന് സൂചനയുണ്ടായില്ലെന്ന് എഡിജിപി

കൊച്ചി : അടുത്തിടെ നടന്ന ബിജെപി പ്രവര്‍ത്തകരുടെ കൊലപാതകങ്ങള്‍ക്ക് പിന്നില്‍ സംസ്ഥാനത്തിന് പുറത്തുള്ള എസ്ഡിപിഐ സംഘത്തിന്റെ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാഖറെ.

കൊലപാതകങ്ങള്‍ നടന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും പ്രതികളെ പിടിക്കാനാവാത്തത് പോലീസിന്റെ ഭാഗത്തു നിന്നുള്ള വീഴ്ചയാണെന്ന് രൂക്ഷ വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടയ്ക്കാണ് എഡിജിപിയുടെ പ്രസ്താവന പുറത്തുവന്നിരിക്കുന്നത്.

പാലക്കാട് സഞ്ജിത്തിന്‍റേയും,​ ആലപ്പുഴ രണ്‍ജീത്ത് ശ്രീനിവാസന്‍റേയും കൊലപാതങ്ങള്‍ക്ക് പിന്നില്‍ വന്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. ഇതര സംസ്ഥാനത്തെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കും ഇതില്‍ പങ്കാളിത്തമുണ്ടെന്നാണ് നിഗമനം. കൊല നടത്തിയ ശേഷം പ്രതികള്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് കടന്ന് വിദഗ്ധമായി ഒളിവില്‍ കഴിയുകയാണ് ഇപ്പോഴുള്ള രീതിയെന്നും സാഖ്‌റേ പറഞ്ഞു.

കൊലപാതകത്തിന് ശേഷം വിദേശത്തേയ്ക്ക് കടന്ന പ്രതികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നില്ല. അതിനാല്‍ ഇവര്‍ക്ക് പുറത്തു നിന്നും സഹായങ്ങള്‍ ലഭിക്കുന്നുണ്ട്. മൊബൈല്‍ ഉപയോഗിക്കാത്തതിനാല്‍ ഇവരെ കണ്ടെത്താനും പ്രയാസം നേരിടുന്നുണ്ട്.

രാഷ്ട്രീപകയും കൊലപാതകങ്ങളും സംസ്ഥാനത്ത് ഇനിയും തുടരാതിരിക്കാനുള്ള ജാഗ്രത തുടരുകയാണ്. ആസൂത്രിതമായ കൊലപാതകങ്ങളെ കുറിച്ച്‌ പോലീസിന് പോലും ഒരു സൂചനയും ലഭിച്ചിരുന്നില്ല. ഉണ്ടായിരുന്നെങ്കില്‍ തടഞ്ഞേനെയെന്നും എഡിജിപി കൂട്ടിച്ചേര്‍ത്തു.

prp

Leave a Reply

*