മന്ത്രി പി.രാജീവിന്റെ പരാതിയില്‍ സസ്‌പെന്‍ഡ് ചെയ്ത ഉദ്യോഗസ്ഥന് പോലീസ്‍ മെഡല്‍; പിന്നാലെ വിശദീകരണവുമായി മന്ത്രിയുടെ ഓഫീസ്

തിരുവനന്തപുരം: വ്യവസായ മന്ത്രി പി.രാജീവിന്റെ പരാതിയില്‍ സസ്‌പെന്‍ഡ് ചെയ്ത ഉദ്യോഗസ്ഥന് മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍. തിരുവനന്തപുരം സിറ്റി പോലീസ് കണ്‍ട്രോള്‍ റൂമിലെ ഗ്രേഡ് എസ്.ഐ എസ്.എസ്.സാബുരാജനാണ് മെഡല്‍.

ഇടറോഡിലെ കുഴിയും ഗതാഗതക്കുരുക്കും ഒഴിവാക്കാന്‍ മന്ത്രി പി.രാജീവിന്റെ പതിവ് റൂട്ട് മാറ്റിയ സംഭവത്തിലാണ് പൈലറ്റ് പോയ സാബുരാജനെയും സി.പി.ഒ സുനിലിനെയും സസ്പെന്‍ഡ് ചെയ്തത്.

പതിവ് റൂട്ട് മാറ്റി മന്ത്രിക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്നാണ് ഉത്തരവില്‍ പറയുന്നത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. നെയ്യാറ്റിന്‍കരയില്‍ നിന്ന് എറണാകുളത്തേക്ക് പോയ മന്ത്രിക്ക് പൈലറ്റ് പോകാന്‍ പള്ളിച്ചല്‍ഭാഗത്ത് നിന്നാണ് കണ്‍ട്രോള്‍ റൂമിലെ വെഹിക്കിള്‍ നമ്ബര്‍ 11ലെ പോലീസുകാരെ നിയോഗിച്ചത്. കരമന – കിള്ളിപ്പാലം -അട്ടക്കുളങ്ങര- ഈഞ്ചയ്ക്കല്‍ വഴി വെട്ടുറോഡിലേക്കാണ് സാധാരണ പൈലറ്റ് ചെയ്യാറുള്ളത്. അട്ടക്കുളങ്ങര ബൈപ്പാസ് റോഡിലെ കുഴിയും ഗതാഗത കുരുക്കുംകാരണം കണ്‍ട്രോള്‍ റൂമില്‍ നിന്നുള്ള നിര്‍ദ്ദേശ പ്രകാരം പൈലറ്റ് വാഹനം കരമന-കല്‍പ്പാളയം -കുഞ്ചാലുംമൂട്- പൂജപ്പുര- ജഗതി -സാനഡു വഴി അണ്ടര്‍പാസിലൂടെ ചാക്ക ബൈപ്പാസിലെത്തിയതാണ് മന്ത്രിക്ക് പ്രശ്നമായത്.

പോലീസ് മെഡല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ വിശദീകരണവുമായി മന്ത്രിയുടെ ഓഫീസ് രംഗത്തെത്തി. പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കാന്‍ മന്ത്രി ആവശ്യപ്പെട്ടിട്ടില്ലെന്നും മന്ത്രിയുടെ ഗണ്‍മാന്‍ നല്‍കിയ പരാതിയിലാണ് പോലീസുകാര്‍ക്കെതിരെ നടപടിയെടുത്തതെന്നുമാണ് വിശദീകരണം. കണ്‍ട്രോള്‍ റൂമിലും ഒരു എഡിജിപിയേയും ഗണ്‍മാനാണ് വിളിച്ചത്.

261 പോലീസുകാര്‍ക്കാണ് മുഖ്യമന്ത്രിയുടെ സേനാ മെഡല്‍ പ്രഖ്യാപിച്ചത്.

prp

Leave a Reply

*