ഓണ്‍ലൈന്‍ തട്ടിപ്പിനിരയായി ഐ.സി.സിയും; വ്യാജ ഇ-മെയില്‍ ഉപയോഗിച്ച്‌ തട്ടിയത് ഭീമന്‍ തുക

ഒടുവില്‍ ഐ.സി.സിയും സൈബര്‍ കുറ്റവാളികള്‍ക്ക് ഇരയായ വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഓണ്‍ലൈന്‍ തട്ടിപ്പിനെ തുടര്‍ന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന് നഷ്ടമായത് 2.5 മില്യണ്‍ ഡോളര്‍.

ഏകദേശം 20 കോടിയോളം രൂപ. കഴിഞ്ഞ വര്‍ഷമായിരുന്നു സംഭവം നടന്നത്. തട്ടിപ്പിന്റെ ഉറവിടം യു.എസ് ആണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വ്യാജ ഇമെയില്‍ ഐഡി ഉപയോഗിച്ച്‌ യുഎസില്‍ നിന്നുള്ള ഐ.സി.സിയുടെ കണ്‍സള്‍ട്ടന്റ് എന്ന നിലയിലാണ് തട്ടിപ്പുകാര്‍ പ്രവര്‍ത്തിച്ചത്. പേയ്‌മെന്റിനായി അവര്‍ ഐ.സി.സിയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറുമായി (സി.എഫ്‌.ഒ) ബന്ധപ്പെടുകയായിരുന്നു. ഇമെയില്‍ ഐ.ഡിയും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ശ്രദ്ധിക്കാതെ അവര്‍ പണമടക്കുകയും ചെയ്തു. പണം ട്രാന്‍സ്ഫറായി കഴിഞ്ഞതിന് ശേഷമാണ് തട്ടിപ്പിനരയായ വിവരം മനസിലാക്കുന്നത്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇതാദ്യമായല്ല, ഐ.സി.സി ഇത്തരം ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയാകുന്നത്. നാലോ അതിലധികമോ തവണ, ക്രിക്കറ്റ് ഭരണ സമിതിയെ സൈബര്‍ കുറ്റവാളികള്‍ കബളിപ്പിച്ചിട്ടുണ്ട്. എന്തായാലും യു.എസില്‍ സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

prp

Leave a Reply

*