ദേശീയ പാതയുടെ പണി പുരോഗമിക്കുമ്ബോള്‍ നമുക്ക് പരിചിതമല്ലാത്ത ആറുവരിപ്പാതയില്‍ ജനത്തിന്റെ വലിയൊരു സംശയത്തിനുള്ള ഉത്തരമായി, കൊല്ലത്തുണ്ട് 35 എന്‍ട്രി എക്സിറ്റ് പോയിന്റുകള്‍

കൊല്ലം: ദേശീയപാത 66 ആറുവരി പാതയാകുമ്ബോള്‍ സര്‍വീസ് റോഡില്‍ നിന്ന് മെയിന്‍ കാര്യേജ് വേയിലേക്ക് പ്രവേശിക്കാന്‍ ജില്ലയില്‍ 35 എന്‍ട്രി എക്സിറ്റ് പോയിന്റുകളുണ്ടാകും.

ദേശീയപാതയിലേക്ക് കയറാനും ഇറങ്ങാനും കഴിയുന്ന ഈ സ്ഥലങ്ങള്‍ ഭാവിയില്‍ ഇടത്തരം ജംഗ്ഷനുകളായി വികസിക്കാനും സാദ്ധ്യതയുണ്ട്. ആറുവരി പാതയില്‍ ഇടതുവശത്ത് അടുപ്പിച്ചുള്ള മൂന്ന് വരികളിലൂടെ തിരുവനന്തപുരം ഭാഗത്ത് നിന്ന് ആലപ്പുഴ ഭാഗത്തേക്ക് സഞ്ചരിക്കാം. വലതുവശത്തുള്ള മൂന്ന് വരികളിലൂടെ തിരിച്ചും. മൂന്നുവീതം വരികള്‍ക്കിടയില്‍ എല്ലായിടത്തും മീഡിയനുണ്ടാകും. അതുകൊണ്ട് ആറുവരി പാത മുറിച്ച്‌ കടക്കാന്‍ കഴിയില്ല. രണ്ട് അടിപ്പാതകള്‍ക്കിടയിലാകും എന്‍ട്രി എക്സിറ്റ് പോയിന്റ് വരിക. ഈ ഭാഗത്ത് ആറുവരി പാതയും സര്‍വീസ് റോഡും തമ്മില്‍ കാര്യമായ ഉയര വ്യത്യാസം ഉണ്ടാകില്ല.

അടിപ്പാതകളുടെ ഭാഗത്ത് വാഹനങ്ങള്‍ക്ക് ആറുവരി പാതയിലേക്ക് കയറാനാകില്ല. അതുകൊണ്ട് തന്നെ ആറുവരിപ്പാതയിലൂടെ വരുന്ന വാഹനങ്ങള്‍ക്ക് സര്‍വീസ് റോഡിലേക്ക് ഇറങ്ങാനും തിരിച്ച്‌ കയറാനും കഴിയുന്ന സ്ഥലങ്ങള്‍ ഭാവിയില്‍ പ്രധാന കേന്ദ്രങ്ങളായി വളരും. അറുവരിയിലൂടെ വരുന്ന വാഹനങ്ങള്‍ക്ക് നിലവിലുള്ള ജംഗ്ഷനുകളിലേക്ക് വരണമെങ്കിലും തൊട്ടുമുമ്ബുള്ള എന്‍ട്രി എക്സിറ്റ് പോയിന്റ് വഴി സര്‍വീസ് റോഡിലിറങ്ങി മുന്നോട്ട് സഞ്ചരിക്കണം.

ജില്ലയില്‍ നിര്‍മ്മാണം 9 %

ദേശീയപാത 66 വികസനം കൊല്ലം ജില്ലയില്‍ ഒന്‍പത് ശതമാനമേ ആയിട്ടുള്ളു. മഴ ആരംഭിച്ചാല്‍ മണ്ണെടുക്കുന്നതിന് നിയന്ത്രണം വരും. ഈ സമയത്ത് കോണ്‍ക്രീറ്റ് പണികള്‍ മാത്രമേ നടക്കൂ. അതുകൊണ്ട് തന്നെ അടിപ്പാത നിര്‍മ്മാണവും താഴ്ന്ന സ്ഥലങ്ങള്‍ ഉയര്‍ത്താനുള്ള മണ്ണ് സംഭരണവുമാണ് ഇപ്പോള്‍ നടക്കുന്നത്. മഴക്കാലത്ത് ജലാശയങ്ങളിലെ ഒഴുക്ക് വര്‍ദ്ധിക്കുന്നതിനാല്‍ പാലങ്ങളുടെ പൈലിംഗ് രണ്ട് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമവും തുടരുകയാണ്.

മഴക്കാലത്ത് മണ്ണെടുത്താല്‍ തൊട്ടടുത്ത സ്ഥലങ്ങള്‍ ഇടിഞ്ഞുതാഴാന്‍ സാദ്ധ്യതയുണ്ട്. അതുകൊണ്ടാണ് ഇപ്പോള്‍ മണ്ണ് സംഭരണത്തിന് മുന്‍തൂക്കം നല്‍കിയിരിക്കുന്നത്.

prp

Leave a Reply

*