നേപ്പാളിന്റെ മസിലുപിടിത്തം ആരെ കാണിക്കാന്‍ ? ഇന്ത്യയുമായുള്ള അതിര്‍ത്തിയില്‍ ആദ്യമായി കൂടാരം കെട്ടി നേപ്പാളി സൈനികര്‍

ന്യൂഡല്‍ഹി : ഇന്ത്യന്‍ ഭൂവിഭാഗങ്ങള്‍ ചേര്‍ത്തുകൊണ്ടുള്ള ഭൂപട പരിഷ്‌കാരത്തിന് കഴിഞ്ഞ ദിവസം നേപ്പാള്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കിയിരുന്നു. ഇതിന് പിന്നാലെ ആദ്യമായി ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന സ്ഥലങ്ങളില്‍ സൈന്യത്തെ വിന്യസിക്കുകയാണ് നേപ്പാള്‍. ആയുധ ശേഷിയില്‍ ഇന്ത്യയുടെ ഏഴയലത്ത് പോലും നില്‍ക്കില്ലെങ്കിലും നേപ്പാളിന്റെ നീക്കങ്ങള്‍ക്കു പിന്നില്‍ ചൈനയെന്നാണ് കരുതുന്നത്. ഇന്ത്യയുടെ പ്രദേശമായ ലിപുലെഖിന് സമീപത്തായിട്ടാണ് താത്കാലികല ടെന്റുകള്‍ നേപ്പാളി സൈന്യം ഉയര്‍ത്തിയിരിക്കുന്നത്. കാളിനദിയ്ക്ക് സമീപമാണിത്. ഇതിനടുത്തായി ഹെലിപ്പാഡും തയ്യാറാക്കിയതായി വിവരമുണ്ട്. ഡസന്‍കണക്കിന് സൈനികരെയാണ് ഇവിടെ എത്തിച്ചിട്ടുള്ളത്. ഇതാദ്യമായിട്ടാണ് ഈ പ്രദേശത്ത് സൈനിക ക്യാമ്ബ് നേപ്പാള്‍ തുറക്കുന്നത്.

ഇന്ത്യന്‍ ഭൂപ്രദേശങ്ങളായ ലിപുലേഖ്, ലിംപിയാധുര, കാലാപാനി എന്നിവയെ സ്വന്തമാക്കിയാണ് നേപ്പാള്‍ ഭൂപടം പരിഷ്‌കരിച്ചത്. ഇതിനായുള്ള ‘രണ്ടാം ഭരണഘടനാ ഭേദഗതി’ ബില്ലിന് നേപ്പാള്‍ പാര്‍ലമെന്റിന്റെ ഉപരിസഭയും ഏകകണ്ഠമായി അംഗീകാരം നല്‍കി. 59 അംഗങ്ങള്‍ ബില്ലിനെ അനുകൂലിച്ച്‌ വോട്ട് ചെയ്തു. ഇനി പ്രസിഡന്റ് ഒപ്പിട്ടാല്‍ ഭേദഗതി ഭരണഘടനയുടെ ഭാഗമാകും. ഇന്ത്യയുടെ ശക്തമായ എതിര്‍പ്പ് തള്ളിയാണ് നേപ്പാളിന്റെ നടപടി. അധോസഭയായ പ്രതിനിധി സഭ ശനിയാഴ്ച ബില്ല് അംഗീകരിച്ചിരുന്നു.

നേപ്പാളില്‍ സാധാരണ ഒരു മാസത്തോളം നീണ്ട പ്രകിയയിലൂടെ മാത്രമേ ഒരു ഭരണഘടനാ ഭേദഗതി പാസാക്കാനാകൂ. എന്നാല്‍ ഇത്തവണ, ജനവികാരം കണക്കിലെടുത്ത് ചില നടപടിക്രമങ്ങള്‍ ഉപേക്ഷിച്ചു എന്നാണ് നേപ്പാള്‍ സര്‍ക്കാര്‍ വിശദീകരിക്കുന്നത്. തങ്ങളുടെ ഭൂമി ഇന്ത്യ കൈയടക്കി വച്ചിരിക്കുകയാണെന്നും നയതന്ത്ര ചര്‍ച്ചകളിലൂടെ അവ തിരിച്ചുപിടിക്കുമെന്നും നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നിയമനടപടികള്‍ പൂര്‍ത്തിയായാലുടന്‍ ഇന്ത്യന്‍ പ്രദേശങ്ങള്‍ രേഖപ്പെടുത്തിയ ഭൂപടം നേപ്പാളിന്റെ ദേശീയതയുടെ ഭാഗമാകും.

1962ല്‍ ചൈനയുമായുണ്ടായ യുദ്ധത്തിന് ശേഷം, ഇന്ത്യന്‍ സൈന്യം നിര്‍ണായകമേഖലകളായി കണക്കാക്കുന്നവാണ് ഉത്തരാഖണ്ഡിലെ ലിംപിയാധുര, കാലാപാനി എന്നീ മേഖലകള്‍. പുതിയ ഭൂപടമനുസരിച്ച്‌ ഇവ നേപ്പാള്‍ അതിര്‍ത്തിക്ക് അകത്താണ്. ഉത്തരാഖണ്ഡിലെ ധര്‍ചുലയേയും ലിപുലേഖിനെയും ബന്ധിപ്പിച്ച്‌ ഇന്ത്യ 80 കി.മീറ്റര്‍ റോഡ് നിര്‍മ്മിച്ചതാണ് നേപ്പാളിനെ ചൊടിപ്പിച്ചത്. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് മേയ് 8ന് ഈ റോഡ് ഉദ്ഘാടനം ചെയ്തു. എന്നാല്‍ റോഡ് തങ്ങളുടെ മേഖലയിലൂടെയാണ് കടന്നുപോകുന്നതെന്ന് പറഞ്ഞ് നേപ്പാള്‍ പ്രതിഷേധിച്ചിരുന്നു. നേപ്പാള്‍ പൊലീസിന്റെ വെടിവയ്പില്‍ ബിഹാര്‍ അതിര്‍ത്തിയില്‍ കഴിഞ്ഞ ദിവസം ഇന്ത്യന്‍ കര്‍ഷകന്‍ കൊല്ലപ്പെട്ടിരുന്നു.

prp

Leave a Reply

*